ആജീവനാന്ത റോഡ് നികുതി: കര്‍ണാടക സര്‍ക്കാറിന് തിരിച്ചടി

ബംഗളൂരു: കര്‍ണാടകയില്‍ ഇതരസംസ്ഥാന വാഹനങ്ങള്‍ 30 ദിവസത്തിലധികം തങ്ങിയാല്‍ ആജീവനാന്ത നികുതി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. മാര്‍ച്ച് 11ലെ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിക്കളഞ്ഞ ജസ്റ്റിസ് ജയന്ത് എം. പട്ടേല്‍, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്, ഗതാഗതവകുപ്പിന്‍െറ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കി.

കോടതി ഉത്തരവ് കര്‍ണാടക സര്‍ക്കാറിന് കനത്ത തിരിച്ചടിയായി. കേരളം ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് സ്വന്തം വാഹനവുമായി കര്‍ണാടകയിലത്തെുന്നവര്‍ക്ക് ആശ്വാസമാകുന്നതാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. 2014 ഫെബ്രുവരിയിലാണ് ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി കര്‍ണാടക മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തത്. കര്‍ണാടകയില്‍ 30 ദിവസത്തിലധികം തങ്ങുന്ന വാഹനങ്ങള്‍ ആജീവനാന്ത നികുതി നല്‍കണമെന്നായിരുന്നു ഭേദഗതി.

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നോക്കി പിടികൂടി ആജീവനാന്ത നികുതിയെന്ന പേരില്‍ വന്‍തുക പിരിക്കുന്നത് പതിവായതോടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായി. ദിവസങ്ങളുടെ ആവശ്യത്തിനായി കര്‍ണാടകയിലത്തെിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരും നടപടി നേരിട്ടു. വന്‍ തുക പിഴയൊടുക്കാന്‍ സാധിക്കാത്ത വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിവാദ ഉത്തരവിനെതിരെ ഫേസ്ബുക് കൂട്ടായ്മ ‘ജസ്റ്റിസ് ഫോര്‍ നോണ്‍ കെ.എ രജിസ്ട്രേഷന്‍ വെഹിക്ള്‍ ഓണേഴ്സ്’ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് വിധി.

മറ്റു സംസ്ഥാനങ്ങളില്‍ നികുതിയടക്കാതെ ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് ഒരു വര്‍ഷം വരെ ഓടാനാകും. ഐ.ടി കേന്ദ്രമായ ബംഗളൂരുവില്‍ ഇതരസംസ്ഥാന വാഹനങ്ങള്‍ പെരുകിയതോടെയാണ് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തത്. 100 കോടിയിലേറെ രൂപ ഇതിലൂടെ സര്‍ക്കാര്‍ പിരിച്ചെടുത്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.