കനയ്യ കുമാറിന്‍െറ ജാമ്യഹരജി ഡല്‍ഹി ഹൈകോടതി പരിഗണിച്ചില്ല

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹരജി ഡല്‍ഹി ഹൈകോടതി പരിഗണിച്ചില്ല. ജാമ്യം ലഭിക്കാന്‍ വിചാരണ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. രാജ്യദ്രോഹ കേസില്‍ മാര്‍ച്ച് രണ്ടിനാണ് കനയ്യക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യ കാലാവധി സെപ്റ്റംബര്‍ ഒന്നിന് തീരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഹൈകോടതിയെ സമീപിച്ചത്. കനയ്യക്ക് സ്ഥിരം ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. റബേക്ക ജോണ വാദിച്ചു.

ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് കാത്തുനില്‍ക്കാതെ ജസ്റ്റിസ് പി.എസ്. തേജി ഹരജിക്കാരനോട് സെഷന്‍സ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.കനയ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടുപേര്‍ സമര്‍പ്പിച്ച ഹരജി ആഗസ്റ്റ് 11ന് ഹൈകോടതി തള്ളിയിരുന്നു. കനയ്യ ദേശവിരുദ്ധമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് കാണിച്ചായിരുന്നു ഈ ഹരജികള്‍.

എന്നാല്‍, ജാമ്യ കാലയളവില്‍ ഹൈകോടതിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുവെന്നും തനിക്കെതിരായ അന്വേഷണത്തെ ജാമ്യം തടസ്സപ്പെടുത്തിയിട്ടില്ളെന്നും കനയ്യ ഹൈകോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജെ.എന്‍.യു കാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഫെബ്രുവരി 12നാണ് കനയ്യ കുമാര്‍ അറസ്റ്റിലായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.