പൊലീസ് കാഴ്ചക്കാരായി; സ്വരക്ഷക്കായി യു.പിയില്‍ ഗ്രാമീണസേന

ലഖ്നോ: സ്ത്രീകള്‍ക്കെതിരായ അതിക്രമം ഏറുകയും പൊലീസ് സംവിധാനം കാഴ്ചക്കാരായി മാറുകയും ചെയ്യുന്ന ദുരവസ്ഥക്കെതിരെ ഉത്തര്‍പ്രദേശിലെ ഗ്രാമീണര്‍ സംഘടിക്കുന്നു.  ഭാഗ്പത്, മീററ്റ്, മുസഫര്‍നഗര്‍ ജില്ലകളിലാണ് ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗത്തിന്‍െറ പശ്ചാത്തലത്തില്‍ സ്ത്രീസുരക്ഷക്കായി ഗ്രാമീണസേന രൂപവത്കരിക്കുന്നത്.

ബറൗത്തില്‍ നടന്ന പഞ്ചായത്തില്‍ ഗ്രാമങ്ങളിലെ മുതിര്‍ന്ന അംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാരെ ഉള്‍പ്പെടുത്തി സേന രൂപവത്കരിക്കുന്നതായി പ്രഖ്യാപിച്ചു. ദേഹത് സുരക്ഷാ ബല്‍ എന്നുപേരിട്ട സേന ഗ്രാമീണരുടെ ദൈനംദിന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യും. സേനക്ക് യൂനിഫോം ഉണ്ടായിരിക്കും. കുറ്റവാളികളെക്കുറിച്ച് വിവരം നല്‍കുന്നവരുടെ ശൃംഖലയും ഉണ്ടാകും. റോഡുകളില്‍ സേന പട്രോളിങ് നടത്തും.

സേനയില്‍ സ്ത്രീകള്‍ക്കും ഇടമുണ്ടാകും. എല്ലാ ഗ്രാമത്തില്‍നിന്നും 12 പേരെ വീതം തെരഞ്ഞെടുക്കും. അവര്‍ മറ്റ് ഗ്രാമങ്ങളിലെ സംഘങ്ങളുമായി സംയോജിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും.  ‘യു.പിയില്‍ ബലാത്സംഗക്കേസുകള്‍ ഏറുകയാണ്. മിക്ക കേസിലും പൊലീസ് പരാതി ഫയല്‍ ചെയ്യുന്നുപോലുമില്ല. നിയമസംവിധാനത്തിലുള്ള വിശ്വാസം നഷ്ടമായി’ -കന്ദേര ഗ്രാമക്കാരനായ അശോക് ചൗധരി പറഞ്ഞു. തീവ്രവാദികളെപ്പോലെ ആയുധവുമായി റോന്തുചുറ്റുകയും അക്രമികളെ നേരിടുകയുമല്ല ഈ സംഘം ചെയ്യുക. അപകടസാഹചര്യങ്ങളില്‍ നാട്ടുകാര്‍ക്ക് വിവരം കൈമാറുകയും അവരെ പ്രദേശത്ത് ഒത്തുകൂടാന്‍ സഹായിക്കുകയുമാണ് സേനയുടെ ദൗത്യം. ഗ്രാമീണരൊന്നിച്ച് അക്രമിയെ നേരിടും. ഭാഗ്പത്, മീററ്റ്, മുസഫര്‍നഗര്‍ ജില്ലകളില്‍ ഗ്രാമീണസേനയിലേക്ക് ആളെ എടുക്കല്‍ മണ്‍സൂണിനുശേഷം ആരംഭിക്കും. പതിയെ മറ്റ് ഗ്രാമങ്ങളിലും സേന നിലവില്‍വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.