യു.പിയിൽ അധ്യാപിക കൂട്ടബലാൽസംഗത്തിനിരയായി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. ചൊവാഴ്ച രാവിലെ ബറേലി ദേശീയപാതയിലാണ് സംഭവമുണ്ടായത്.  മൂന്നംഗ അക്രമിസംഘം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബുലന്ദ്ശഹർ ദേശീയപാതയിൽ അമ്മയും മകളും കൂട്ടബലാൽസംഗത്തിനിരയായതിന് തൊട്ടു പുറകെയുണ്ടായ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.

അധ്യാപികയായ 19കാരി സ്കൂളിലേക്ക് നടന്നുപോകവെ അക്രമികൾ തോക്കു ചൂണ്ടി കാറിൽ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ കൂട്ട ബലാൽസംഗത്തിനിരയാക്കതിന് ശേഷം പിന്നീട് ഹൈവെക്കടുത്തുള്ള വയലിൽ തള്ളുകയായിരുന്നു എന്നും യുവതി മൊഴി നൽകി.  സംഭവം പുറത്തു പറഞ്ഞാൽ മൊബൈൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

പ്രദേശത്തെ പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാജേഷ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ബറേലി സോണ്‍ ഐ.ജി. വിജയ് സിങ് അറിയിച്ചു.  പ്രത്യേക അന്വേഷണ സംഘം സംഭവസ്ഥലത്ത് നിന്നും തെളിവുകൾ ശേഖരിച്ചതായും ഐ.ജി അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബുലന്ദ്ശഹറില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബാംഗങ്ങളെ തടഞ്ഞുനിര്‍ത്തി അമ്മയെയും മകളെയും പിടിച്ചിറക്കി കൊള്ളസംഘം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. അക്രമികളായ മൂന്ന് പേരെ മാത്രമാണ് ഇതുവരെ പൊലീസിന് പിടികൂടാനായത്.

സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായിരിക്കുകയാണെന്ന് എല്ലാ കോണുകളിൽനിന്നും വിമർശനമുയർന്നിരുന്നു. 24 മണിക്കൂറിനകം പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മൂന്ന് പ്രതികളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.