സവാള കച്ചവടം; ആപ് സര്‍ക്കാര്‍ ക്രമക്കേട് കാണിച്ചെന്ന്

ന്യൂഡല്‍ഹി: മന്ത്രിയുടെ വ്യാജബിരുദവും എം.എല്‍.എമാര്‍ക്കെതിരായ ക്രിമിനല്‍ കേസുകളുംമൂലം നാണംകെട്ട ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിനെതിരെ കുംഭകോണ ആരോപണവും. വിലക്കയറ്റം തടയാന്‍ കൂടിയ വിലയ്ക്ക് സവാള വാങ്ങി സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കിയെന്ന അവകാശവാദം വിവരാവകാശ രേഖകളുടെ വെളിച്ചത്തിലാണ് ചോദ്യം ചെയ്യപ്പെടുന്നത്. കിലോക്ക് ശരാശരി 40 രൂപവെച്ച് വാങ്ങിയ സവാള 30 രൂപ നിരക്കില്‍ വില്‍ക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. വാഹനങ്ങളിലത്തെിച്ച് വില്‍പന നടത്തിയ ഉള്ളി വാങ്ങാന്‍ പലേടത്തും നീണ്ട നിരകളാണ് രൂപപ്പെട്ടത്. എന്നാല്‍, 18 രൂപ നിരക്കിലാണ് നാഷനല്‍ അഗ്രികള്‍ചറല്‍ കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (നാഫെഡ്) മുഖേന സര്‍ക്കാര്‍ ഉള്ളി വാങ്ങിയതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. നേരത്തേതന്നെ ഉള്ളി സംഭരിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ കൂട്ടാക്കിയില്ളെന്നും ഇത് വിപണിയില്‍ വില കുതിച്ചുകയറാന്‍ വഴിയൊരുക്കിയെന്നും നാഫെഡ് മേധാവി ആരോപിക്കുന്നു. എന്നാല്‍, വിലനിര്‍ണയത്തിലെ തകരാറാണിതെന്നാണ് സര്‍ക്കാറിന്‍െറ വിശദീകരണം.
32.86 രൂപക്കാണ് വാങ്ങിയതെന്നും ഗതാഗത ചെലവുകളടക്കം 40 രൂപ വിലവന്ന സവാള 30 രൂപക്ക് വില്‍ക്കുകയായിരുന്നുവെന്നും ഭക്ഷ്യമന്ത്രി അസിം അഹ്മദ് ഖാന്‍ വിശദീകരിച്ചു.
അതിനിടെ, സര്‍ക്കാര്‍ വാങ്ങിയതിന്‍െറ പകുതിമാത്രമേ വില്‍പന നടത്തിയിട്ടുള്ളൂവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ക്ഷാമംമൂലം സവാളവില 100 രൂപയായി ഉയര്‍ന്നപ്പോഴും സര്‍ക്കാര്‍ ഗോഡൗണുകളില്‍ ഉള്ളി കെട്ടിക്കിടന്നിരുന്നു.
അഴിമതിവിരുദ്ധരെന്നും ആദര്‍ശവാദികളെന്നും അവകാശപ്പെടുന്ന ആപ് സര്‍ക്കാറിനെതിരായ ആരോപണം സാമൂഹികമാധ്യമങ്ങളിലും വ്യാപക ചര്‍ച്ചയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.