പ്രമുഖരുടെ സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ കുടുംബാംഗങ്ങളും മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാറുമുള്‍പ്പെടെ മുപ്പതോളം വി.ഐ.പികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. മുന്‍ ടെലികോം മന്ത്രി എ. രാജ, ജമ്മു-കശ്മീര്‍ മുന്‍ ലെഫ്. ഗവര്‍ണര്‍ എസ്.കെ. സിന്‍ഹ, ദേശീയ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ എന്നിവരും സുരക്ഷ പിന്‍വലിക്കുകയോ കുറക്കുകയോ ചെയ്ത പ്രമുഖരിലുള്‍പ്പെടും. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, കേരള ഗവര്‍ണറും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ പി. സദാശിവം, ഉത്തരാഖണ്ഡ് ഗവര്‍ണര്‍ കെ.കെ. പോള്‍ എന്നിവര്‍ക്കുള്ള സുരക്ഷയും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് അതത് സംസ്ഥാനസര്‍ക്കാറുകളുടെ സുരക്ഷയുള്ളതിനാലാണിത്.
ഷിന്‍ഡെയുടെ കുടുംബത്തിലെ എട്ട് അംഗങ്ങള്‍ക്കുണ്ടായിരുന്ന സുരക്ഷയാണ് പിന്‍വലിക്കുന്നത്. നിലവിലുള്ള ഭീഷണി എത്രമാത്രമാണെന്ന് അവലോകനം ചെയ്താണ് സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍ കേന്ദ്രമന്ത്രിമാരായ സുബോദ് കാന്ത് സഹായ്, വി. നാരായണ സ്വാമി, ജിതിന്‍ പ്രസാദ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍, മുന്‍ എം.പിയും വ്യവസായപ്രമുഖനുമായ നവീന്‍ ജിന്‍ഡാല്‍ എന്നിവരും സുരക്ഷ പിന്‍വലിച്ച പ്രമുഖരില്‍പെടും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.