ന്യൂഡല്‍ഹി: ഒന്നരവര്‍ഷം കാലാവധി ബാക്കിയുള്ള കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും ആഭ്യന്തര സെക്രട്ടറിയുമായ എല്‍.സി. ഗോയലിന്‍െറ കസേര തെറിച്ചു. സര്‍ക്കാറുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് അദ്ദേഹം സ്വയംവിരമിക്കാന്‍ അനുമതി തേടുകയായിരുന്നു. തിങ്കളാഴ്ച വിരമിക്കാനിരുന്ന സാമ്പത്തികകാര്യ സെക്രട്ടറി രാജീവ് മെഹ്റിഷിയെ ആഭ്യന്തര സെക്രട്ടറിയാക്കി. മോദി സര്‍ക്കാറിന്‍െറ 15 മാസത്തെ ഭരണത്തിനിടയില്‍ രാജിവെക്കുന്ന രണ്ടാമത്തെ ആഭ്യന്തര സെക്രട്ടറിയാണ് ഗോയല്‍. ഏഴു മാസം മുമ്പു മാത്രമാണ് അനില്‍ ഗോസ്വാമി നിര്‍ബന്ധിതമായി സര്‍വിസില്‍നിന്ന് പിരിഞ്ഞത്. വിദേശകാര്യ സെക്രട്ടറിസ്ഥാനത്തുനിന്ന് സുജാത സിങ്ങിനെ മാറ്റിയത് അതിനു തൊട്ടുമുമ്പ് ജനുവരിയിലാണ്.
ആഭ്യന്തര സെക്രട്ടറി സ്വമേധയാ വിരമിച്ച അതേദിവസംതന്നെ അതേ തസ്തികയില്‍ പുതിയ നിയമനം അസാധാരണമാണ്. നിയമനത്തിന് യോഗ്യരായവരുടെ പട്ടിക തയാറാക്കി, മന്ത്രിസഭയുടെ നിയമനകാര്യ സമിതി ചേര്‍ന്ന് അതില്‍നിന്നൊരാളെ തെരഞ്ഞെടുക്കുന്നതാണ് രീതി. എന്നാല്‍, വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ളെന്നാണ് തിരക്കിട്ട നിയമനത്തിലൂടെ തെളിയുന്നത്. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, ആഭ്യന്തര മന്ത്രി എന്നിവരെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫിസാണ് തീരുമാനമെടുത്തത്.
ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്ന രാജീവ് മെഹ്റിഷി 1978 രാജസ്ഥാന്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് വിരമിക്കല്‍ പ്രായമായ 60 തികഞ്ഞത്. ഉടനടി പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് രണ്ടുവര്‍ഷത്തേക്കാണ് മെഹ്റിഷിയുടെ നിയമനം. വ്യക്തിപരമായ കാരണങ്ങളാലാണ് ഗോയല്‍ വി.ആര്‍.എസ് എടുത്തതെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു.
അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യയില്‍ വന്നു മടങ്ങിയതിനു പിന്നാലെ വിദേശകാര്യ സെക്രട്ടറിയായിരുന്ന സുജാത സിങ്ങിന്‍െറ കസേര തെറിച്ചത് സേവനകാലാവധി ആറു മാസം കൂടി ബാക്കിനില്‍ക്കുമ്പോഴായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതൃപ്തിയാണ് കാരണം. ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുകേസില്‍ മുന്‍ കേന്ദ്രമന്ത്രി മാതംഗ് സിങ്ങിനെ സി.ബി.ഐ അറസ്റ്റു ചെയ്യുന്നത് തടയാന്‍ ശ്രമിച്ചുവെന്ന പേരിലാണ് അനില്‍ ഗോസ്വാമിക്ക് കസേര നഷ്ടപ്പെട്ടത്.
തമിഴ്നാട്ടിലെ സണ്‍ ടി.വിക്ക് സുരക്ഷാ അനുമതി നിഷേധിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍ക്കു പിന്നാലെയാണ് ഗോയല്‍ പടിയിറങ്ങുന്നത്. എയര്‍സെല്‍മാക്സിസ് ഇടപാടില്‍ അഴിമതികള്ളപ്പണ കേസില്‍ പ്രമോട്ടര്‍മാരായ ദയാനിധി മാരനും കലാനിധി മാരനും കുടുങ്ങിയതിനാല്‍ സെക്യൂരിറ്റി ക്ളിയറന്‍സ് പുതുക്കല്‍ നീണ്ടുപോയിരുന്നു.
ആഭ്യന്തര മന്ത്രാലയത്തെ ഇരുട്ടില്‍ നിര്‍ത്തി പ്രധാനമന്ത്രിയുടെ ഓഫിസാണ് നാഗാ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബന്ധപ്പെട്ട മുഖ്യമന്ത്രിമാരെ അറിയിച്ചില്ളെന്ന പരാതി ഉണ്ടായിരുന്നു. സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്‍െറ അറസ്റ്റ്, ടീസ്റ്റയുടെ എന്‍.ജി.ഒക്കെതിരായ നടപടി എന്നിവ വൈകിയത് മൂന്നാമത്തെ കാരണമായി പറയുന്നു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെന്ന് ഗോയല്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.