ന്യൂഡല്‍ഹി: മുസ്ലിം ഇന്ത്യയുടെ അഖിലേന്ത്യാ കൂട്ടായ്മ മജ്ലിസെ മുശാവറെ സുവര്‍ണജൂബിലി ആഘോഷം പുതിയ ദിശാബോധം പകരുന്ന ചര്‍ച്ചകളാല്‍ ശ്രദ്ധേയമായി. പോയകാലത്ത് താണ്ടിയ ദുരിതപാതകള്‍ അനുസ്മരിച്ച നേതാക്കള്‍, ഒന്നിച്ചുനിന്നാല്‍ പുതിയ വെല്ലുവിളികളും തരണം ചെയ്യാവുന്നതേയുള്ളൂവെന്ന് ഉണര്‍ത്തി. ഡല്‍ഹി ഇന്ത്യ ഇസ്ലാമിക് കള്‍ചറല്‍ സെന്‍ററില്‍ വിവിധ സെഷനുകളിലായി നടന്ന ചര്‍ച്ചകളില്‍ പ്രമുഖര്‍ പങ്കെടുത്തു.
വിഭജനത്തിന്‍െറ ദുരിതമേറ്റ് തകര്‍ന്നുപോയ സമുദായം ഇന്ന് എഴുന്നേറ്റുനില്‍ക്കാറായെന്ന് മുശാവറ മുന്‍ പ്രസിഡന്‍റ് സയ്യിദ് ശഹാബുദ്ദീന്‍ പറഞ്ഞു. 64ല്‍ മുശാവറ രൂപംകൊണ്ട സാഹചര്യങ്ങളില്‍നിന്ന് ഒട്ടേറെ മാറി. ഇനിയുമേറെ നേടാനുണ്ട്. ഒന്നിച്ചുനിന്നാല്‍ നിയമനിര്‍മാണസഭകളിലും ഉദ്യോഗങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം സാധ്യമാണെന്നും ശഹാബുദ്ദീന്‍ പറഞ്ഞു. ഐ.എസ് പോലുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ മുസ്ലിംകളെ ലോകം ഉറ്റുനോക്കുമ്പോള്‍ മുസ്ലിംകളുടെയും ഇസ്ലാമിന്‍െറയും ശരിയായ പ്രതിനിധാനമാണ് മുശാവറെ നിര്‍വഹിക്കുന്നതെന്ന് മുശാവറെ പ്രസിഡന്‍റ് ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. ഒരാള്‍ക്ക് അല്ളെങ്കില്‍, സംഘത്തിന് തനിച്ചുനിന്ന് ചെയ്യാവുന്നതിന് പരിമിതികളുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. അതിനാല്‍, എല്ലാവിഭാഗങ്ങളെയും ഒന്നിപ്പിക്കാന്‍ കഴിയുന്ന മുശാവറെ പോലുള്ള കൂട്ടായ്മ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമുദായത്തിന്‍െറ താല്‍പര്യമറിഞ്ഞ് വോട്ടവകാശം വിനിയോഗിക്കുകയാണ് പ്രധാനമെന്ന് ഭാഷാ ന്യൂനപക്ഷ കമീഷണര്‍ പ്രഫ. അക്തറുല്‍ വാസി പറഞ്ഞു. ബ്രിട്ടീഷുകാര്‍ വിതച്ച ഹിന്ദു-മുസ്ലിം ഭിന്നത ഇല്ലാതാക്കുകയാണ് വര്‍ഗീയത വളര്‍ത്തി സമുദായത്തെ അരികുവത്കരിക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്ന് മുശാവറ ജനറല്‍ സെക്രട്ടറി അതാഉര്‍റഹ്മാന്‍ ഖാസിമി പറഞ്ഞു. മതേതര കാഴ്ചപ്പാടുള്ളവര്‍ ഹിന്ദുസമൂഹത്തില്‍ ധാരാളമുണ്ട്. വര്‍ഗീയ ഫാഷിസത്തിനെതിരെ അവരെ കൂടി അണിനിരത്തണമെന്നും അദ്ദേഹം തുടര്‍ന്നു.
മുസ്ലിം ഇന്ത്യ നേരിടുന്ന ഭീഷണി ഗുരുതരമാണെന്ന് പ്രഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. പ്രധാന സര്‍ക്കാര്‍ സ്ഥാനങ്ങളിലെല്ലാം ആര്‍.എസ്.എസുകാരാണ് നിയമിക്കപ്പെടുന്നത്. വെല്ലുവിളി നേരിടാന്‍ എല്ലാ മുസ്ലിം വിഭാഗങ്ങളെയും കൂടെനിര്‍ത്താന്‍ മുശാവറെക്ക് കഴിയണമെന്നും സുലൈമാന്‍ പറഞ്ഞു. സകാത്തിന്‍െറ 10 ശതമാനമെങ്കിലും ശരിയായി ഉപയോഗിച്ചാല്‍ സമുദായത്തില്‍ അദ്ഭുതം സാധ്യമാണെന്ന് ബോംബെ യൂനിവേഴ്സിറ്റിയിലെ ഡോ. റഹ്മത്തുല്ല പറഞ്ഞു. മുസ്ലിംകളെ സംബന്ധിച്ച് രാഷ്ട്രീയം മുമ്പത്തെക്കാള്‍ മോശമായ നിലയിലാണുള്ളതെന്ന് മുശാവറെ വൈസ് പ്രസിഡന്‍റ് മന്‍സൂര്‍ അഹ്മദ് പറഞ്ഞു. മുസ്ലിംകളുടെതായി രജിസ്റ്റര്‍ ചെയ്യപ്പെട്ട 300 രാഷ്ട്രീയ പാര്‍ട്ടികളില്‍ മിക്കതും സമുദായത്തിന്‍െറ ശത്രുക്കളെ സഹായിക്കുകയും അതിന് പണം വാങ്ങുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം തുടര്‍ന്നു.
മുസ്ലിം വിഷയങ്ങള്‍ മാധ്യമങ്ങളില്‍ ഇടംപിടിക്കാത്തത് ആ മേഖലയില്‍ സമുദായത്തിന്‍െറ പ്രാതിനിധ്യം നന്നേ ചുരുങ്ങിപ്പോയതിനാലാണെന്ന് ഡി.എന്‍.എ ഡല്‍ഹി ബ്യൂറോ ചീഫ് ഇഫ്തികാര്‍ ഗീലാനി പറഞ്ഞു. പത്രപ്രവര്‍ത്തനമേഖലയിലും പ്രസാധന മേഖലയിലും നമ്മുടെ ആളുകള്‍ കടന്നുവരണം. മാധ്യമസ്ഥാപനം പ്രഫഷനലായി വേണം നടത്താന്‍. കേരളത്തില്‍ ‘മാധ്യമം’ പോലുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മാതൃകയാണെന്നും ഇഫ്തികാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.