വാഗമണ്‍ ‘സിമി’ ക്യാമ്പ്: രണ്ടുപേര്‍ക്കെതിരായ തീവ്രവാദകേസ് പിന്‍വലിക്കാന്‍ അനുമതി തേടി


ന്യൂഡല്‍ഹി: വാഗമണില്‍ ‘സിമി’ സംഘടിപ്പിച്ച പരിശീലനക്യാമ്പില്‍ പങ്കെടുത്തെന്നാരോപിച്ച് യു.പി സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ എടുത്ത തീവ്രവാദക്കേസ് പിന്‍വലിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ അനുമതി തേടി. അഅ്സംഗഢ് സ്വദേശികളായ ഷാ ആലം, അബു സഅദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ‘സിമി’ അംഗങ്ങളാണെന്നും 2008-11 കാലത്ത് നടന്ന വിവിധ തീവ്രവാദ ആക്രമണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു കേസ്.  തെളിവില്ലാത്തതിനാലാണ് കേസ് പിന്‍വലിക്കുന്നതെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു. ഇവര്‍ കേരളത്തില്‍ നടന്ന ക്യാമ്പിലത്തെിയിട്ടില്ളെന്നും ‘സിമി’യുമായി ബന്ധമുള്ളതിനാലാണ് കേസില്‍ പെടുത്തിയതെന്നും എന്‍.ഐ.എ സൂചിപ്പിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുക്കാന്‍ യു.പിയിലെ അഅ്സംഗഢിലത്തെിയ സംഘത്തിന് തദ്ദേശവാസികളുടെ എതിര്‍പ്പിനെതുടര്‍ന്ന് തിരിച്ചുപോകേണ്ടിവന്നിരുന്നു. തീവ്രവാദപ്രവര്‍ത്തനം ആസൂത്രണം ചെയ്യാന്‍ 2007 ഡിസംബറില്‍ ‘സിമി’ വാഗമണില്‍ ക്യാമ്പ് സംഘടിപ്പിച്ചെന്നാണ് എന്‍.ഐ.എ പറയുന്നത്. കേസ് 2009ല്‍ എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. 36 പേര്‍ക്കെതിരെയാണ്  കുറ്റപത്രം. പിടികിട്ടാനുള്ള ആലംജെബ് അഫ്രീദിയെ വിചാരണ ചെയ്യാനും അനുമതി തേടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.