ഇന്ത്യ-ദക്ഷിണാഫ്രിക്ക രാജ്കോട്ട് ഏകദിനം തടയുമെന്ന് ഹാര്‍ദിക് പട്ടേലിന്‍െറ ഭീഷണി

അഹ്മദാബാദ്: രാജ്കോട്ടില്‍ നാളെ നടക്കുന്ന ഇന്ത്യ^ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിന് സുരക്ഷാ ഭീഷണി. മത്സരം തടയുമെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ പ്രഖ്യാപിച്ചതോടെയാണ് ഏകദിനം ഭീഷണിയുടെ നിഴലിലായിരിക്കുന്നത്. പട്ടേല്‍ സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മത്സരത്തിന് ഹാര്‍ദിക് പട്ടേല്‍ ഭീഷണി ഉയര്‍ത്തിയത്. സ്റ്റേഡിയത്തിലേക്ക് ഇരുടീമുകളും പ്രവേശിക്കുന്ന വഴി തടയുമെന്നും സ്റ്റേഡിയം മുഴുവന്‍ പ്രതിഷേധക്കാര്‍ വളയുമെന്നും ഹാര്‍ദിക് പറഞ്ഞു.

എല്ലാ ടിക്കറ്റുകളും വിറ്റുകഴിഞ്ഞതിനാലാണ് ടിക്കറ്റ് നല്‍കാന്‍ സാധിക്കാത്തതെന്നാണ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (എസ്.സി.എ) നല്‍കുന്ന വിശദീകരണം. എന്നാല്‍ ടിക്കറ്റ് ഇനിയും തീര്‍ന്നിട്ടി െല്ലന്നും എന്തിനാണ് ക്രിക്കറ്റ് അസോസിയേഷന്‍ കള്ളം പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റ് മത്സരം നടക്കുന്ന സ്റ്റേഡിയത്തെ പ്രക്ഷോഭ വേദിയാക്കി മാറ്റരുതെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെ ക്രിക്കറ്റിലും രാഷ്ട്രീയം കളിക്കുകയാണെന്നും മുഴുവന്‍ ടിക്കറ്റുകളും ബി.ജെ.പിക്കാര്‍ക്കാണ് നല്‍കിയതെന്നും ഹാര്‍ദിക് ആരോപിച്ചു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് രാജ്കോട്ട് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. 90 സി.സി. ടിവി ക്യാമറകളും സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ പ്രധാന വിഭാഗമായ പട്ടേല്‍ സമുദായത്തിന്‍െറ സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ഹാര്‍ദിക്ക് പട്ടേല്‍ ശ്രദ്ധേയനാകുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.