പ്രധാനമന്ത്രിയുടെ സിലിക്കന്‍വാലി സന്ദര്‍ശനത്തിന്
മുന്നോടിയായാണ് നിവേദനം
ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാറിന്‍െറ അഭിമാന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദി സിലിക്കന്‍വാലി സന്ദര്‍ശിക്കാനൊരുങ്ങവെ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനരീതിയെയും പദ്ധതിയുടെ ചതിക്കുഴികളെയും കുറിച്ചുള്ള മുന്നറിയിപ്പുകളുമായി അമേരിക്കന്‍ സര്‍വകലാശാലകളിലെ അധ്യാപകരും അക്കാദമീഷ്യന്മാരും രംഗത്ത്. ഡിജിറ്റല്‍ ഇന്ത്യയുടെ മറവില്‍ രാജ്യത്ത് ഭരണകൂടത്തിന്‍െറ ഒളിനോട്ടം ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കാനിരിക്കുന്നതെന്ന് 130 വിദഗ്ധര്‍ ഒപ്പുവെച്ച നിവേദനം സിലിക്കന്‍വാലിയിലെ ഐ.ടി സ്ഥാപനങ്ങളെ ഓര്‍മപ്പെടുത്തുന്നു. സെപ്റ്റംബര്‍ 27നാണ് മോദിയുടെ സന്ദര്‍ശനം.
ഭരണത്തില്‍ ഒരു വര്‍ഷം പിന്നിടുന്നതിനിടെ തന്നെ എതിര്‍സ്വരങ്ങളെ മോശമായ രീതിയില്‍ അടിച്ചമര്‍ത്തുന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. മനുഷ്യാവകാശ-പരിസ്ഥിതി സംഘടനകള്‍ക്ക് കുരുക്കുകള്‍ മുറുക്കിയ സര്‍ക്കാര്‍ കടുത്ത സെന്‍സര്‍ഷിപ്പും നടപ്പാക്കി. ഡിജിറ്റല്‍ ഇന്ത്യയുടെ ഇ-ഗവേണന്‍സ് പരിപാടിപോലും ഭരണകൂട ബന്തവസ്സ് കൂട്ടാനും ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങളെ ഞെരിച്ചുകളയാനും ദുരുപയോഗം ചെയ്തേക്കുമെന്ന് സംശയമുണ്ട്. സുതാര്യത ഉറപ്പാക്കാന്‍ എന്ന പേരില്‍ നടപ്പാക്കിയ പല പദ്ധതികളിലും വിവരങ്ങളുടെ സ്വകാര്യത സൂക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാത്തതിനാല്‍ പലപ്പോഴും ജനങ്ങള്‍ക്ക് വിപരീത ഫലമാണ് ലഭിക്കുന്നത്. ജനങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതു സംബന്ധിച്ചും ദുരൂഹതകളും സംശയങ്ങളും തീര്‍ക്കേണ്ടതുണ്ട്. ഡിജിറ്റല്‍ വിവരങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടി വേണമെന്ന് ഇന്ത്യന്‍ ഭരണകൂടത്തോടാവശ്യപ്പെടാന്‍ സിലിക്കന്‍വാലിയില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, സ്റ്റാന്‍ഫോര്‍ഡ്, ഷികാഗോ സര്‍വകലാശാലകളിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന വംശഹത്യയെ തുടര്‍ന്ന് അമേരിക്ക വിസ നിഷേധിച്ചിരുന്ന സംഭവവും നിവേദനത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അമേരിക്ക സന്ദര്‍ശിക്കാനും സിലിക്കന്‍വാലിയിലെ സ്ഥാപനങ്ങളുടെ പിന്തുണ തേടാനും മോദിക്ക് അവകാശമുണ്ട്. എന്നാല്‍, ചരിത്രത്തിനു വിലകല്‍പിക്കുന്ന അധ്യാപകര്‍ എന്ന നിലയില്‍ വംശഹത്യാ സംഭവത്തെ തങ്ങള്‍ക്ക് മറക്കാനാവില്ല. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ ഭരണത്തിനിടയിലും മതസ്വാതന്ത്ര്യത്തിനു നേരെ കടുത്ത കൈയേറ്റങ്ങളുണ്ടായി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും വെല്ലുവിളി നേരിട്ടു. അക്കാദമിക് സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളിലും മോശമായ സര്‍ക്കാര്‍ ഇടപെടലുകള്‍ നടക്കുന്നു. മനുഷ്യാവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തിനും നേരെ പലകുറി ലംഘനങ്ങള്‍ നടത്തിയ ഒരു സര്‍ക്കാറുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ സാമൂഹിക ഉത്തരവാദിത്തങ്ങളും നൈതികതയും വിസ്മരിക്കരുത് എന്നും കൊളംബിയ സര്‍വകലാശാലയിലെ സൗത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അഖീല്‍ ബില്‍ഗ്രാമി, പ്രഫ. പാര്‍ഥ ചാറ്റര്‍ജി, ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അര്‍ജുന്‍ അപ്പാദുരൈ, ഹണ്ടര്‍ കോളജിലെ ഡോ. മീന അലക്സാണ്ടര്‍, മനു ഭാര്‍ഗവന്‍, റട്ഗര്‍സ് വാഴ്സിറ്റിയിലെ പ്രഫ. ശാരദ ബാലഗോപാലന്‍, രാധിക ബാലകൃഷ്ണന്‍, സ്റ്റാന്‍ഫോര്‍ഡിലെ പ്രഫ. ജിഷ മേനോന്‍, ഡീപോള്‍ സര്‍വകലാശാലയിലെ കല്യാണി ദേവകി മേനോന്‍, പെന്‍സല്‍വേനിയ സര്‍വകലാശാലയിലെ സമ്പത്ത് കണ്ണന്‍ , പ്രഫ. ആര്‍. രാധാകൃഷ്ണന്‍, പ്രഫ. ബാലകൃഷ്ണന്‍ രാജഗോപാല്‍ തുടങ്ങിയവര്‍ ഒപ്പിട്ട പ്രസ്താവന ഓര്‍മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.