പ്രമുഖ കന്നട സാഹിത്യകാരന്‍ കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു

ബംഗളൂരു: കന്നഡ സാഹിത്യകാരനും കന്നട സര്‍വകലാശാലാ മുന്‍ വി.സിയുമായ  ഡോ. എം.എം. കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാവിലെ 8.40നായിരുന്നു സംഭവം. ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിക്കവെയാണ് കല്‍ബുര്‍ഗിക്കു വെടിയേറ്റത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതരായ രണ്ടു ആയുധ ധാരികള്‍ വീടിന്‍റെ വാതിലില്‍ മുട്ടുകയും വാതില്‍ തുറന്ന ഉടന്‍ കല്‍ബുര്‍ഗിയെ വെടിവച്ചു വീഴ്ത്തുകയുമായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
1938ല്‍ ബിജാപൂരില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ജനനം. കന്നഡ ഹംപി സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന കല്‍ബുര്‍ഗി കന്നഡ ഭാഷാപണ്ഡിതനുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.
ആക്രമണം നടക്കുമ്പോള്‍ ഭാര്യയും മകളും അടുത്തുണ്ടായിരുന്നു. പല വിഷയങ്ങളിലും സ്വന്തമായ നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാറുള്ള അഛന് നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നതായി മകള്‍ രൂപ്ദര്‍ശി പ്രതികരിച്ചു. വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെ അടുത്തിടെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ആണ് കൊലക്കു കാരണമെന്ന് പൊലീസും സംശയിക്കുന്നു. വിഗ്രഹങ്ങള്‍ ദൈവങ്ങള്‍ അല്ളെന്നും ഒരാള്‍ക്ക് അതിന്‍മേല്‍ മൂത്രവിസര്‍ജ്ജനം നടത്താന്‍ പോലും സാധിക്കുമെന്നുമുള്ള അദ്ദേഹത്തിന്‍റെ പരാമര്‍ശം വിമര്‍ശനത്തിനും രോഷത്തിനും ഇടയാക്കിയിരുന്നു.  ഇതേതുടര്‍ന്ന് വി.എച്ച്.പി, ബജ്റംഗ്ളദള്‍ അടക്കം കല്‍ബുര്‍ഗിക്കെതിരെ തിരിഞ്ഞതായും ഇദ്ദേഹത്തെ തേടി ഭീഷണികള്‍ വന്നിരുന്നതായും പറയപ്പെടുന്നു. പ്രമുഖ എഴുത്തുകാരന്‍ യു.ആര്‍ അന്തമൂര്‍ത്തിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കല്‍ബുര്‍ഗിയുടെ നിലപാട് പലരെയും ചൊടിപ്പിച്ചിരുന്നതായും റിപോര്‍ട്ട് ഉണ്ട്. കൊല നടത്തി കടന്നു കളഞ്ഞവര്‍ക്കായി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.