ന്യൂഡല്‍ഹി: വിദേശ നഴ്സിങ് റിക്രൂട്ട്മെന്‍റ് കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഗുരുതരമായ അലംഭാവം കാട്ടുകയാണെന്ന് ഡല്‍ഹി ഹൈകോടതി വിമര്‍ശിച്ചു. കേസില്‍ ഹൈകോടതി പുറപ്പെടുവിച്ച നിര്‍ദേശം എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മാനിക്കാത്തതെന്നും ജസ്റ്റിസ് വി.പി. വൈഷിന്‍െറ ബെഞ്ച് ചോദിച്ചു.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാനാണ് ഹൈകോടതി ആവശ്യപ്പെട്ടതെന്ന് ജസ്റ്റിസ് വൈഷ് പറഞ്ഞു. എന്നാല്‍, പ്രവാസികാര്യ മന്ത്രാലയ സെക്രട്ടറിക്കു പകരം അണ്ടര്‍ സെക്രട്ടറിയെ പറഞ്ഞയച്ച സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല. കോടതി നിര്‍ദേശം പാലിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ അലംഭാവം കാണിക്കുകയാണ്. 31നകം പ്രശ്നത്തില്‍ തീരുമാനമെടുക്കണം. അല്ളെങ്കില്‍ സര്‍ക്കാര്‍ വീഴ്ചകള്‍ ഉള്‍പ്പെടുത്തി വിശദമായ ഉത്തരവു പാസാക്കി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് അയച്ചുകൊടുക്കുമെന്നും ജ. വി.പി.വൈഷ് മുന്നറിയിപ്പ് നല്‍കി.
നഴ്സിങ് റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയതിനെ തുടര്‍ന്ന് നിലവില്‍ വിസയും ഓഫര്‍ ലെറ്ററും ലഭിച്ച നഴ്സുമാരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. നഴ്സിങ് റിക്രൂട്ട്മെന്‍റിന് സ്വകാര്യ ഏജന്‍സികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നഴ്സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈകോടതി കേന്ദ്ര സര്‍ക്കാറിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ ആവശ്യമുന്നയിച്ച് ഹരജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈകോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയത്തെിയ ഹരജി പിന്നീട് സിംഗിള്‍ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
സ്വകാര്യ ഏജന്‍സികളെ പൂര്‍ണമായും വിലക്കുന്നതിന് പകരം സര്‍ക്കാര്‍ നിയന്ത്രണത്തോടെ അത് അനുവദിക്കുകയാണ് വേണ്ടതെന്ന് ഹരജിയില്‍ അസോസിയേഷന്‍ ബോധിപ്പിച്ചിരുന്നു. നിരോധം നഴ്സുമാരുടെ വിദേശത്തുള്ള തൊഴിലവസരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഹരജി ചൂണ്ടിക്കാട്ടി. എന്നാല്‍, വിഷയം സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്നും ഇതിനകം വിസ ലഭിച്ച നഴ്സുമാരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് പ്രതിസന്ധി പരിഹരിക്കാന്‍ നടപടി കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാറിനോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.