സൗരനഗരങ്ങള്‍ക്ക് അനുമതി; കേരളത്തില്‍കൊച്ചിയും തിരുവനന്തപുരവും

ന്യൂഡല്‍ഹി: കേരളത്തിലെ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ രാജ്യത്ത് സൗരനഗരങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ യു.പി.എ സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതിക്ക് മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഓരോ സംസ്ഥാനത്തും ചുരുങ്ങിയത് ഒന്നും പരമാവധി അഞ്ചും സൗരനഗരങ്ങള്‍ ഒരുക്കുമെന്ന് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയം അറിയിച്ചു. കേരളത്തിലെ കൊച്ചിയടക്കം 50 സൗരനഗരങ്ങള്‍ സമര്‍പ്പിച്ച മാസ്റ്റര്‍ പ്ളാന്‍ ഇതിനകം അംഗീകരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹി, ആഗ്ര, ചണ്ഡീഗഢ്, ഗുഡ്ഗാവ്, ഫരീദാബാദ്, അമൃത്സര്‍, കൊല്‍ക്കത്ത, ഹൗറ, മധ്യംഗ്രം, ഭോപാല്‍ തുടങ്ങിയ നഗരങ്ങളും അനുമതി നല്‍കിയ 50ല്‍ ഉള്‍പ്പെടും.
തിരുവനന്തപുരം അടക്കം അഞ്ച് നഗരങ്ങളുടെ മാസ്റ്റര്‍ പ്ളാനുകള്‍ക്ക് തത്ത്വത്തില്‍ അംഗീകാരം  നല്‍കിയിട്ടുണ്ട്. ജയ്പുര്‍, ഇന്ദോര്‍, ലേ, മഹ്ബൂബ് നഗര്‍ എന്നിവയാണ് തത്ത്വത്തില്‍ അംഗീകാരം ലഭിച്ച മറ്റു നഗരങ്ങള്‍. ഇതുകൂടാത 46 നഗരങ്ങള്‍ക്ക് പദ്ധതി തയാറാക്കിക്കഴിഞ്ഞുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഗാന്ധിനഗര്‍, രാജ്കോട്ട്, സൂറത്ത്, താണെ, ഷിര്‍ദി, നാഗ്പുര്‍, ഒൗറംഗാബാദ്, ഇംഫാല്‍, ബിലാസ്പുര്‍, റായ്പുര്‍, അഗര്‍തല, ഗുവാഹതി, ജോര്‍ഹട്ട്, മൈസൂരു, ഷിംല, ഹാമിര്‍പുര്‍, ജോധ്പുര്‍, വിജയവാഡ, ലുധിയാന, പനാജി തുടങ്ങിയ നഗരങ്ങള്‍ ഇതില്‍പെടും. എട്ട് നഗരങ്ങള്‍ മാതൃകാ സൗരനഗരങ്ങളായിരിക്കും. സൗരോര്‍ജം പ്രധാന ഊര്‍ജസ്രോതസ്സാക്കി മാറ്റുന്ന സൗര നഗരങ്ങളൊരുക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ യു.പി.എ സര്‍ക്കാറാണ് 2009ല്‍ 26 കണ്‍സല്‍ട്ടന്‍റുകളെ നിയോഗിച്ചത്. 50,000 മുതല്‍ 50 ലക്ഷം വരെ ജനസംഖ്യയുള്ള  നഗരങ്ങളില്‍നിന്ന് പദ്ധതിക്ക് അനുയോജ്യമായവയെ കണ്ടത്തൊനായിരുന്നു കണ്‍സല്‍ട്ടന്‍റുമാര്‍ക്ക് അന്നത്തെ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രി ഫാറൂഖ് അബ്ദുല്ല നിര്‍ദേശം നല്‍കിയിരുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.