ശേഖറിന് അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘങ്ങളുമായി അടുത്തബന്ധം

ചെന്നൈ: 80 കോടി രൂപയുടെ പഞ്ചലോഹ വിഗ്രഹങ്ങളുമായി അറസ്റ്റിലായ സിനിമാനിര്‍മാതാവും സംവിധായകനുമായ വി. ശേഖറിന് അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘങ്ങളുമായി അടുത്തബന്ധമെന്ന് വെളിപ്പെടുത്തല്‍. കോടതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഖറിനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണസംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. സിനിമാപ്രവര്‍ത്തനത്തിന്‍െറ മറവിലാണ് കള്ളക്കടത്ത്. മുംബൈയിലെ അധോലോകസംഘങ്ങളുടെ സഹായത്തോടെയായിരുന്നു രാജ്യത്തിന് പുറത്തേക്കുള്ള കള്ളക്കടത്ത്. ഇദ്ദേഹത്തിന്‍െറ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഗ്രഹങ്ങള്‍ ചോളസാമ്രാജ്യ കാലഘട്ടത്തിലെയാണ്. 1200 വര്‍ഷം പഴക്കമുള്ള ഒമ്പത് പഞ്ചലോഹവിഗ്രഹങ്ങള്‍ക്ക് അന്താരാഷ്ട്രവിപണിയില്‍ 80 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
സിനിമാനിര്‍മാണ യൂനിറ്റിന്‍െറ ഉടമകൂടിയായ ശേഖര്‍ കമ്പനി ജീവനക്കാരനെന്ന വ്യാജേനയാണ് മോഷ്ടാക്കളെ വീട്ടില്‍ താമസിപ്പിച്ചിരുന്നത്. നൂറ്റാണ്ട് പഴക്കമുള്ള ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11 പേരുണ്ട്. ഇവര്‍ക്ക് സാമ്പത്തിക-വാഹനസഹായവും നല്‍കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ മൂന്ന് ആരാധനാലയങ്ങളില്‍നിന്ന് വിഗ്രഹങ്ങള്‍ കടത്തിക്കൊണ്ടുവന്നതിന് അഞ്ചു ലക്ഷം രൂപയാണ് സംഘത്തിന് നല്‍കിയത്. ചെന്നൈ കെ.കെ നഗറിലെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഗ്രഹങ്ങളിലൊന്ന് ജനുവരി ആറിന് ശ്രീപെരുമ്പത്തൂരിലെ മണികണ്ഡേശ്വര ക്ഷേത്രത്തില്‍നിന്ന് മോഷണംപോയ 20 കിലോഗ്രാം ഭാരമുള്ള ശിവ-പാര്‍വതി വിഗ്രഹമാണ്. മറ്റു വിഗ്രഹങ്ങള്‍ മോഷണംപോയ ക്ഷേത്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
അറസ്റ്റിലായ ഒരു സംഘാംഗം ശേഖറും വിഗ്രഹക്കടത്തുകാരുമായുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയെന്ന് എ.ഡി.ജി.പി പ്രദീപ് വി. ഫിലിപ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.