സൂറത്ത്: ജമ്മു-കശ്മീരിലെ ഉധംപുരില്‍ ബി.എസ്.എഫിനുനേരെ ആക്രമണം നടത്തിയ സംഘത്തിലുള്‍പ്പെട്ടുവെന്ന് സംശയിച്ച് ഗുജറാത്തില്‍ പിടികൂടിയ രണ്ടുപേരെ വിട്ടയച്ചു. പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവീദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി തയാറാക്കിയ രേഖാചിത്രങ്ങളോടുള്ള സാദൃശ്യമാണ് ഇരുവരെയും പിടികൂടാന്‍ കാരണം. എന്നാല്‍, ഇന്ത്യന്‍ പൗരത്വം തെളിയിച്ചതിനാല്‍ ഇരുവരെയും വിട്ടയക്കുകയായിരുന്നു.
ട്രാന്‍സ്പോര്‍ട്ട് ബസില്‍ അഹ്മദാബാദില്‍നിന്ന് സോന്‍ഗഥ് വഴി മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്ത ഇവരെ ടപി പൊലീസിന്‍െറ സ്പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പാണ് (എസ്.ഒ.ജി) പിടികൂടിയത്. രഹസ്യവിവരത്തെതുടര്‍ന്ന് എസ്.ഒ.ജി സംഘം സോന്‍ഗഥ് ചെക്പോസ്റ്റില്‍ കാത്തുനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം എസ്.ഒ.ജി സംഘം ഇവരെ തീവ്രവാദവിരുദ്ധ സ്ക്വാഡിന് കൈമാറി.
പാകിസ്താനിലെ ഖൈബര്‍ പക്തൂന്‍ഖ്വയില്‍നിന്നുള്ള സര്‍ഗാം എന്ന മുഹമ്മദ് ഭായ് (38-40), അബു ഒക്കാഷ (17-18) എന്നിവരുടെ രേഖാചിത്രങ്ങളാണ് എന്‍.ഐ.എ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. നവീദ്, ബി.എസ്.എഫ് വധിച്ച നൊമാന്‍ എന്നിവര്‍ക്കൊപ്പം നുഴഞ്ഞുകയറിയവരാണ് ഇവര്‍. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.