ചെന്നൈ: മുന്‍ കേന്ദ്ര ടെലികോം മന്ത്രിയും 2ജി സ്പെക്ട്രം അഴിമതിയില്‍ ആരോപണവിധേയനുമായ ഡി.എം.കെ നേതാവ് എ. രാജക്കെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസ് കൂടി സി.ബി.ഐ രജിസ്റ്റര്‍ ചെയ്തു. രാജയുടെ ഭാര്യ എം.എ. പരമേശ്വരി, സഹോദരന്‍ പ്രമേഷ് കുമാര്‍, അടുത്ത സുഹൃത്തുക്കളായ സി.കൃഷ്ണമൂര്‍ത്തി, രേഖാബാനു തുടങ്ങി 16 പേര്‍ക്കെതിരെയാണ് കേസ്. രാജയുടെ അടുത്ത സുഹൃത്തായിരുന്ന ആത്മഹത്യ ചെയ്ത സാദിഖ് ബാഷയുടെ ഭാര്യയാണ് രേഖാബാനു.
ഡല്‍ഹിയിലും തമിഴ്നാട്ടിലും 20 കേന്ദ്രങ്ങളില്‍ സി.ബി.ഐ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ വരവില്‍കവിഞ്ഞ സ്വത്ത് കണ്ടത്തെി. പ്രാഥമിക കണക്കെടുപ്പില്‍ 27. 09 കോടിയാണ് കണക്കാക്കിയിരിക്കുന്നത്. രാജയുടെ ഡല്‍ഹിയിലെ ഫാം ഹൗസ്, ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, സ്വദേശമായ പെരമ്പലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്.
രാജ്യത്തെ വിവിധ സി.ബി.ഐ യൂനിറ്റുകള്‍ ഒരേസമയമായിരുന്നു പരിശോധന. രാജയുടെയും അടുത്ത ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ഗ്രീന്‍ ഹൗസ് പ്രമോട്ടേഴ്സ്, കോവൈ ഷെല്‍ട്ടേഴ്സ് പ്രമോട്ടേഴ്സ്, ശിവകാമം ട്രെയ്ഡിങ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു പരിശോധന.
ഭൂമി, സ്ഥാപനങ്ങളിലെ ഓഹരികള്‍, ബാങ്കുകളിലെ പണമിടപാട് രേഖകള്‍ തുടങ്ങിയവ കണ്ടത്തെിയെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ രാജയുടെ സമ്പാദ്യം പതിന്മടങ്ങായി വര്‍ധിച്ചെന്നും അദ്ഭുതകരമായ വളര്‍ച്ചയെന്നുമാണ് സി.ബി.ഐ വിലയിരുത്തല്‍.
2ജി സ്പെക്ട്രം കേസ് കൈകാര്യംചെയ്യുന്ന ഡല്‍ഹിയിലെ പ്രത്യേക കോടതിയാകും ഈകേസും പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.