വിസക്ക് ഇ-മൈഗ്രേറ്റ് സംവിധാനം: നിബന്ധനകളില്‍ അയവുവരുത്തണമെന്ന് ബോംബെ ഹൈകോടതി

മുംബൈ: ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ അയവുവരുത്തി വിദേശ തൊഴിലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ബോംബെ ഹൈകോടതി.  കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇ-മൈഗ്രേറ്റ് സംവിധാനത്തിനെതിരെ മലയാളികളായ നാല് ട്രാവല്‍സ് ഉടമകള്‍ നല്‍കിയ ഹരജിയില്‍ വാദംകേട്ട ജസ്റ്റിസുമാരായ വി.എം. കനാഡെ, ബി.പി. കൊലാബാവാല എന്നിവരുടെ ബെഞ്ചാണ് ഈ നിര്‍ദേശം വെച്ചത്.
ഗള്‍ഫിലെ തൊഴില്‍ദായകരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ബന്ധമാക്കിയത് നീക്കാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍, പെട്ടെന്ന് ഒഴിവാക്കുന്നത് സാങ്കേതികപ്രശ്നം തീര്‍ക്കാനിടയുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ അഭിഭാഷകന്‍ വിഷയം അധികൃതരുമായി സംസാരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതോടെ, കോടതി ബുധനാഴ്ച വരെ സമയം അനുവദിച്ചു. 14 ദിവസമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിഷയം അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് പറഞ്ഞ കോടതി ബുധനാഴ്ച വിവരം അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഗള്‍ഫിലെ തൊഴില്‍ദായകന്‍ ഇ-മൈഗ്രേറ്റ് സൈറ്റില്‍ ചെന്ന് 85ഓളം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും വേണമെന്ന നിബന്ധന വിദേശ തൊഴില്‍ നേടുന്നതിന് പ്രതികൂലമായ സാഹചര്യത്തിലാണ് ട്രാവല്‍ ഉടമകള്‍ കോടതിയെ സമീപിച്ചത്. ടാറ്റാ കണ്‍സല്‍ട്ടന്‍സി തയാറാക്കിയതാണ് ഇ-മൈഗ്രേറ്റ് വെബ്സൈറ്റ്. ഈസ്റ്റേണ്‍ ട്രേഡ് ലിങ്ക് ഉടമ അബ്ദുല്‍ മജീദ്, റോയല്‍ ട്രാവല്‍സ് ഉടമ മുഹമ്മദ് മുസ്തഫ, ഗ്ളോബസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ സി.വി. അശ്റഫ്, സഫിയ ട്രാവല്‍സ് ഉടമ സെയ്ദ് മുഹമ്മദ് എന്നിവരാണ് ഹരജി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.