നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാമ്പ് 30ന് തുടങ്ങും

കോഴിക്കോട്: 2015ലെ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ആഗസ്റ്റ് 30ന് ആരംഭിക്കും. ഹജ്ജ് ചുമതലയുള്ള മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  പ്രഥമ ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആദ്യ സംഘം ഹാജിമാര്‍ സെപ്റ്റംബര്‍ ഒന്നിന് ക്യാമ്പിലത്തെണം. എയര്‍ ഇന്ത്യയുടെ ആദ്യ ഹജ്ജ് വിമാനം സെപ്റ്റംബര്‍ രണ്ടിന് ഉച്ചക്ക് 1.45ന് പുറപ്പെടും. 17നാവും  ജിദ്ദയിലേക്കുള്ള അവസാന ഹജ്ജ് വിമാന സര്‍വീസ്. സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ദിവസം രണ്ട് വിമാനങ്ങളും മറ്റു ദിവസങ്ങളില്‍ ഓരോന്നുമാണുണ്ടാവുക.
വിമാനത്തില്‍ 340 ഹാജിമാര്‍ വീതമുണ്ടാകും. എന്നാല്‍, ഒമ്പതാം തീയതിയുടെ രണ്ടാം വിമാനത്തില്‍മാത്രം 230 പേരേ ഉണ്ടാവൂ.
കേരളത്തില്‍നിന്ന് 6032 ഉം ലക്ഷദ്വീപിലെ 298ഉം മാഹിയിലെ 48ഉം അടക്കം 6378 പേരാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിവഴിഹജ്ജിന് പോകുന്നത്. യാത്രത്തീയതിയുടെ തലേന്ന് വൈകുന്നേരം നാലിനും ആറിനുമിടയില്‍ ഹാജിമാര്‍ ക്യാമ്പിലത്തെണം 43 ദിവസത്തെ താമസത്തിന് ശേഷം ഒക്ടോബര്‍ 15നും 29നുമിടയിലാവും മദീനയില്‍നിന്നുള്ള മടക്കയാത്ര.
ഹാജിമാര്‍ക്ക് സൗജന്യ രാത്രി താമസത്തിനും ഭക്ഷണത്തിനും മറ്റുമുള്ള സൗകര്യത്തിന് താല്‍കാലിക ഷെഡ് പണി നടക്കുന്നുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഈമാസം 24ന് കൊച്ചി എയര്‍പോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ജനപ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം 27ന് ആലുവയില്‍ ചേരും. ഹജ്ജ് ക്യാമ്പിന്‍െറ ഒൗപചാരിക ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കണമെന്നും ആദ്യ വിമാനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്യണമെന്നും യോഗം തീരുമാനിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.