വിവാദ ഭൂമി ഏറ്റെടുക്കല്‍: ബില്‍ ശീതകാല സമ്മേളനത്തിലേക്ക്

ന്യൂഡല്‍ഹി: വിവാദ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമഭേദഗതി ബില്‍  നവംബര്‍-ഡിസംബറില്‍ നടക്കേണ്ട ശീതകാല സമ്മേളനത്തിനുമുമ്പ് പാര്‍ലമെന്‍റിന്‍െറ പരിഗണനക്ക് വരില്ല. ബില്ലിന്‍െറ വ്യവസ്ഥകള്‍ പഠിക്കാന്‍ നിയോഗിച്ച സംയുക്ത പാര്‍ലമെന്‍ററി സമിതി, റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ശീതകാല സമ്മേളനംവരെ സാവകാശം ചോദിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്‍െറ കാലാവധി ഈ സാഹചര്യത്തില്‍ നാലാമതും നീട്ടേണ്ടിവരും.

30 അംഗ സമിതി തിങ്കളാഴ്ച സമ്മേളിച്ചപ്പോള്‍ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ തമ്മില്‍  കടുത്ത വാഗ്വാദം നടന്നു. ബി.ജെ.പി നിലപാടില്‍ പ്രതിഷേധിച്ച് മുന്‍ മന്ത്രി ജയറാം രമേശ് ഇറങ്ങിപ്പോക്ക് നടത്തി. അദ്ദേഹത്തെ പിന്നീട് അധ്യക്ഷന്‍ എസ്.എസ്. അഹ്ലുവാലിയ സമാശ്വസിപ്പിച്ച് യോഗത്തിലേക്ക് തിരികെ എത്തിച്ചു. യു.പി.എ സര്‍ക്കാര്‍ 2013ല്‍ കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകളില്‍ ഒരു മാറ്റവും പറ്റില്ളെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു. സംയുക്ത സമിതിയില്‍ ഒറ്റപ്പെട്ടുപോയ അവസ്ഥയിലാണ് ബി.ജെ.പി. അതുകൊണ്ടുതന്നെ തങ്ങള്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ ഉപേക്ഷിച്ച് 2013ലെ നിയമവ്യവസ്ഥകളുമായി മുന്നോട്ടുപോകുന്നതിന് പാര്‍ട്ടിക്കകത്ത്  ധാരണയായിട്ടുണ്ട്.

എന്നാല്‍, ഒറ്റയടിക്ക് പ്രതിപക്ഷ സമ്മര്‍ദത്തിന് വഴങ്ങാതെ, സമയം നീട്ടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭൂമി ബില്ലും ജി.എസ്.ടി ബില്ലും പാസാക്കാന്‍ ഒക്ടോബറില്‍ പ്രത്യേക സമ്മേളനം വിളിച്ചേക്കുമെന്ന ഊഹങ്ങള്‍ക്ക് ഇതോടെ വിരാമമായി. ഭൂമി ഏറ്റെടുക്കുന്ന പദ്ധതിവഴിയുള്ള സാമൂഹികാഘാതം സംബന്ധിച്ച പഠനം, നഷ്ടപരിഹാരവ്യവസ്ഥ തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങള്‍ പഴയപടി തുടരുന്നതിന് കഴിഞ്ഞ സംയുക്ത സമിതി യോഗത്തില്‍ സര്‍ക്കാര്‍പക്ഷം വഴങ്ങിയിരുന്നു. ഒരു പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുകയും, അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങാതിരിക്കുകയും ചെയ്താല്‍ പഴയ ഭൂവുടമക്ക് ഭൂമി തിരിച്ചുനല്‍കണമെന്നതടക്കം മൂന്നു വ്യവസ്ഥകളെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം ബാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.