ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ കണക്കുകള്‍ . 2014 മാര്‍ച്ച് മുതല്‍ ഈ വര്‍ഷം ജൂലൈ വരെ 239 പുതിയ പാര്‍ട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. ജൂലൈ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ആകെ പാര്‍ട്ടികളുടെ എണ്ണം 1866 ആണ്. ഇതില്‍ 56 എണ്ണം ദേശീയ, സംസ്ഥാന പാര്‍ട്ടികളായി അംഗീകാരമുള്ളവയും മറ്റുള്ളവ അംഗീകാരമില്ലാത്ത കേവലം രജിസ്ട്രേഡ് പാര്‍ട്ടികളുമാണ്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 464 രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു. 2014 മാര്‍ച്ച് 10 വരെ 1593 പാര്‍ട്ടികളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. മാര്‍ച്ച് അഞ്ചിന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 11 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ 24ഉം തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങള്‍ക്കകം 10ഉം പുതിയ പാര്‍ട്ടികള്‍ കൂടി രജിസ്ട്രേഷനായി കമീഷനെ സമീപിച്ചു. 2014 അവസാനിച്ചപ്പോഴേക്കും ആകെ പാര്‍ട്ടികളുടെ എണ്ണം 1627 ആയി .
സ്ഥിരം ചിഹ്നമടക്കമുള്ള പ്രത്യേക ആനുകൂല്യങ്ങളൊന്നും അംഗീകാരമില്ലാത്ത രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ തയാറാക്കുന്ന ചിഹ്നങ്ങളില്‍ ഏതെങ്കിലുമൊന്ന് ഇത്തരം പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുക്കാം. എയര്‍കണ്ടീഷണര്‍, അലമാര, ബലൂണ്‍, ചെരിപ്പ്, തേങ്ങ, ജനല്‍, കാര്‍പ്പറ്റ്, ബ്രഡും ബോട്ടിലും എന്നിങ്ങനെ 84 ചിഹ്നങ്ങളാണ് ഇത്തരത്തില്‍ നല്‍കാനായി കമീഷന്‍ തയാറാക്കിയിരിക്കുന്നത്. ദേശീയതലത്തിലോ സംസ്ഥാന തലത്തിലോ ഒരു അംഗീകൃത പാര്‍ട്ടിയായി മാറണമെങ്കില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെയെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമോ അല്ളെങ്കില്‍ നിയമസഭയിലേക്കോ ലോക്സഭയിലേക്കോ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ നാലു ശതമാനമെങ്കിലും നേടിയിരിക്കുകയോ വേണം. എന്നാല്‍, പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട മണ്ഡലങ്ങളിലെ വോട്ടുകള്‍ ഇതില്‍ പരിഗണിക്കുകയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.