പാര്‍ലമെന്‍റിന് മുന്നില്‍ പ്രക്ഷോഭത്തിനത്തെിയ ദലിത് കുടുംബങ്ങള്‍ ഇസ് ലാമിലേക്ക്

ന്യൂഡല്‍ഹി: ജാട്ടുകളുടെ പീഡനം സഹിക്കാന്‍ കഴിയാതെ രണ്ടുവര്‍ഷമായി പ്രക്ഷോഭം നടത്തിവരുന്ന ദലിതുകള്‍ ഡല്‍ഹിയില്‍ ഇസ്ലാം സ്വീകരിച്ചു. പാര്‍ലമെന്‍റിന് മുന്നില്‍ പ്രക്ഷോഭത്തിന് വന്നാണ് ഹിസാറിലെ ഭാഗന ഗ്രാമത്തിലെ ദലിതുകള്‍ കൂട്ടത്തോടെ ഇസ്ലാം ആശ്ളേഷിച്ച വിവരം പ്രഖ്യാപിച്ചത്. എന്നാല്‍, മതപരിവര്‍ത്തനത്തിനെതിരെ രംഗത്തുവന്ന വിശ്വഹിന്ദുപരിഷത്ത് പ്രശ്നം പരിഹരിച്ചതാണെന്ന് അവകാശപ്പെട്ടു.

ദലിത് കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന കളിക്കളത്തിനുമേല്‍  2012 ഫെബ്രുവരിയില്‍  ജാട്ടുകള്‍ അവകാശവാദമുന്നയിച്ചു. അതിനുപിറകെ ജാട്ടുകള്‍ ദലിത് സ്ത്രീകളെ പീഡിപ്പിക്കാനും കൈയേറ്റം ചെയ്യാനും തുടങ്ങി.തുടര്‍ന്ന് ഹിസാര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിന് മുന്നില്‍ ദലിതുകള്‍ പ്രക്ഷോഭം തുടങ്ങി. പ്രതികാരമെന്നോണം ജാട്ടുകള്‍ ഖാപ് പഞ്ചായത്ത് വിളിച്ച് ദലിതുകളെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 23ന് നാല് ദലിത് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയപ്പോഴാണ് 80 ദലിത് കുടുംബങ്ങള്‍ പാര്‍ലമെന്‍റിന് മുന്നിലേക്ക് പ്രക്ഷോഭത്തിനത്തെിയത്. ജാതിപീഡനം അവസാനിപ്പിച്ചില്ളെങ്കില്‍  ഇസ്ലാം സ്വീകരിക്കുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. 

പീഡനം തുടര്‍ന്നതിനാല്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തിരിക്കുകയാണെന്ന് ഭഗാന കാണ്ഡ് സംഘര്‍ഷ് സമിതി കണ്‍വീനര്‍ ജഗദീഷ് കാജില പറഞ്ഞു. പ്രക്ഷോഭത്തിന്‍െറ ഭാഗമായാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് കുടുംബങ്ങള്‍ പറഞ്ഞു. ‘മനുഷ്യരെന്ന പരിഗണനപോലുമില്ലാതെയാണ് ഞങ്ങളെ നിന്ദിക്കുന്നതും പീഡിപ്പിക്കുന്നതും.ഇത്തരമൊരു സമുദായത്തില്‍ ഇനിയും നില്‍ക്കാനില്ല. രണ്ടു വര്‍ഷമായി ഞങ്ങള്‍ നീതിതേടി കാത്തുനിന്നു. എന്നിട്ടും നീതി കിട്ടിയില്ല’-പീഡനത്തിനിരയായ ഒരു വനിത പറഞ്ഞു.

അതേസമയം, ദലിതുകളുടെ പ്രഖ്യാപനം തള്ളിയ വിശ്വഹിന്ദു പരിഷത്ത് ഡല്‍ഹി വക്താവ് വിനോദ് ബന്‍സല്‍ ഈ വിഷയത്തെ മതപരമാക്കുന്നവരെ പിടികൂടി ശിക്ഷിക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു. ഇത്തരമൊരു വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ തങ്ങളുടെ നേതാക്കള്‍ ജന്തര്‍മന്തറിലത്തെിയെന്നും ചിലയാളുകള്‍ ഈ മനുഷ്യരുടെ നിസ്സഹായാവസ്ഥ ചൂഷണംചെയ്ത് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയാണെന്ന് മനസ്സിലായെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.