ന്യൂഡല്‍ഹി: ലളിത് മോദി, വ്യാപം ആരോപണങ്ങളില്‍ പ്രതിക്കൂട്ടിലായ ബി.ജെ.പിക്കെതിരെ പുതിയ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പി.കെ. ധുമലും മകന്‍ അനുരാഗ് ഠാക്കൂറും ധര്‍മശാലയില്‍ 16 ഏക്കര്‍ ഭൂമി കൈക്കലാക്കിയെന്നാണ് ആരോപണം. ബി.ജെ.പിയുടെ ലോക്സഭാംഗവും ബി.സി.സി.ഐ സെക്രട്ടറിയുമാണ് അനുരാഗ് ഠാക്കൂര്‍.
ധുമല്‍ ഹിമാചല്‍ മുഖ്യമന്ത്രിയായിരുന്ന 2002ല്‍ മകന്‍ പ്രസിഡന്‍റായ ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം പണിയാനെന്ന പേരിലാണ് സര്‍ക്കാര്‍ ഭൂമി കൈമാറിയത്. സര്‍ക്കാര്‍ നിരക്ക് പ്രകാരം പ്രതിവര്‍ഷം 94 ലക്ഷം രൂപ പാട്ടം ലഭിക്കേണ്ട ഭൂമി കേവലം 12 രൂപ പാട്ടം നിശ്ചയിച്ചാണ് ദീര്‍ഘകാലത്തേക്ക് കൈമാറിയത്. സര്‍ക്കാര്‍ ഖജനാവിന് ചുരുങ്ങിയത് 100 കോടി നഷ്ടം സംഭവിച്ച ഇടപാടിനുപിന്നില്‍ സ്വജനപക്ഷപാതവും അഴിമതിയും നടന്നിട്ടുണ്ടെന്നതിന് വിവരാവകാശം വഴി ശേഖരിച്ച തെളിവുകളുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. ലളിത് മോദി, വ്യാപം അഴിമതി കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന മോദി അനുരാഗ് ഠാക്കൂറിനെയും സംരക്ഷിക്കുന്നതില്‍ അദ്ഭുതമില്ളെന്നും അദ്ദേഹം തുടര്‍ന്നു. അതേസമയം, ജയറാം രമേശിന്‍െറ ആരോപണം അനുരാഗ് ഠാക്കൂര്‍ തള്ളി. തെറ്റാണെന്ന് തെളിയുമ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞത് തിരുത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, അഴിമതി ആരോപണ വിവാദങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ ഹിന്ദു തീവ്രവാദം ചര്‍ച്ചയാക്കുകയാണ് മോദി സര്‍ക്കാര്‍. ഗുരുദാസ്പൂരിലെ ഭീകരാക്രമണത്തെക്കുറിച്ച പ്രസ്താവനക്കിടെ, പ്രകോപനമേതുമില്ലാതെ ഹിന്ദു തീവ്രവാദം എന്ന പദപ്രയോഗത്തിന്‍െറ പേരില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. ബി.ജെ.പി പ്രതിരോധത്തിലായ അഴിമതി കേസുകളില്‍നിന്ന് ചര്‍ച്ച വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് രാജ്നാഥ് നടത്തിയത്. മാലേഗാവ്, സംജോഝ, മക്കാ മസ്ജിദ് തുടങ്ങിയ സ്ഫോടനങ്ങളില്‍ സംഘ്പരിവാറിനുള്ള ബന്ധം പുറത്തുവന്നതോടെയാണ് ‘കാവി ഭീകരത’ എന്ന പ്രയോഗം മാധ്യമങ്ങളില്‍ വന്നത്.
2013ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ‘ഹിന്ദു തീവ്രവാദം’ എന്ന് പറഞ്ഞുവെന്നാണ് രാജ്നാഥ് ലോക്സഭയില്‍ ആരോപിച്ചത്. സഭാരേഖകള്‍ പരിശോധിക്കാമെന്നും അങ്ങനെ പറഞ്ഞിട്ടില്ളെന്നും ഷിന്‍ഡെയും കോണ്‍ഗ്രസും ആണയിടുന്നു.
അതേസമയം, ഹിന്ദു തീവ്രവാദമെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തുവന്നതോടെ കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ച് അഴിമതി ചര്‍ച്ചയിനിന്ന് വിഷയം മാറ്റുകയാണ് ബി.ജെ.പിയുടെ തന്ത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.