പാര്‍ലമെന്‍റ് സ്തംഭനം: സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് സ്തംഭനത്തിന് പരിഹാരംതേടി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തിങ്കളാഴ്ച നടക്കും. പ്രശ്നപരിഹാരത്തിന് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള ആദ്യ നീക്കമാണിത്.   
മണ്‍സൂണ്‍ സമ്മേളനത്തിന്‍െറ ആദ്യത്തെ രണ്ടാഴ്ച ഏറക്കുറെ മുഴുവന്‍ സമയവും പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭാനടപടികള്‍ പൂര്‍ണമായും മുടങ്ങിയിരുന്നു. സഭാ സ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ യോഗം വിളിച്ചുചേര്‍ത്തുവെങ്കിലും പരാജയപ്പെട്ടു. സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും സൂചനയുണ്ട്.
അതേസമയം, ബി.ജെ.പിയും കോണ്‍ഗ്രസും നിലപാടുകളില്‍ വിട്ടുവീഴ്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം ഫലംചെയ്യുമോയെന്ന കാര്യം സംശയമാണ്.  സര്‍വകക്ഷി യോഗത്തിന് തൊട്ടുമുമ്പായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും വിളിച്ചിട്ടുണ്ട്.  
ലളിത് മോദി വിവാദത്തില്‍ പ്രതിക്കൂട്ടിലായ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, വ്യാപം ക്രമക്കേടിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. രാജി ആവശ്യം തള്ളി ബി.ജെ.പി വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യാമെന്നും ആരോപണത്തിന് മറുപടി പറയാമെന്നുമുള്ള നിലപാടിലാണ്.  
പ്രശ്നപരിഹാരത്തിന് ശരിയായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കേണ്ടത് സര്‍ക്കാറാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.