കണ്ണൂർ രാജ​െൻറ പാട്ടിന്​ എ.ടി ഉമ്മറിന്​ അവാർഡ്​

ഭാഗ്യശാലികളെക്കുറിച്ച് ഒരു പഴഞ്ചൊല്ലുണ്ട്. അതിങ്ങനെയാണെന്നു തോന്നുന്നു. ‘നിങ്ങളൊരു ഭാഗ്യശാലിയെ കടലിൽ കല്ലുകെട്ടി താഴ്ത്തിനോക്കൂ, അയാൾ ചുണ്ടിലൊരു മീനുമായി കയറിവരുന്നതു കാണാം...’ സിനിമയുടെ ലോകത്തെ ഭാഗ്യവും ഏതാണ്ടിങ്ങനെയാണ്. കഴിവിനെക്കാൾ ഭാഗ്യത്തി​​​​​​െൻറ നൂലിൽ പിടിച്ചു വടവൃക്ഷങ്ങളായി മാറിയവർ ഒത്തിരിപ്പേരുണ്ട്. മറ്റുള്ളവരുടെ കഴിവും സ്വന്തം ഭാഗ്യവും ചേർത്തുകെട്ടി ചക്രവർത്തിമാർ വരെ ആയവരുണ്ട്. പക്ഷേ, കഴിവുകൾ ആവോളമുണ്ടായിട്ടും ഭാഗ്യത്തി​​​​​​െൻറ കണ്ണേറ് പതിയാതെ പോയ എത്രയോ പേർ കോടമ്പാക്കത്തെ തെരുവുകളിൽ ഒന്നുമാകാതെ അലയുന്നതും ഞാൻ കണ്ടിട്ടുണ്ട്. അവരെ എത്രയെത്രയോ വട്ടം നേരിട്ട് അനുഭവിച്ചിട്ടുമുണ്ട്.

ഭാഗ്യനിർഭാഗ്യങ്ങളാണ് ഒരു കലാകാര​​​​​​​െൻറ നിലനിൽപ്പിന്നടിസ്​ഥാനമെന്ന വിശ്വാസം ചലച്ചിത്ര രംഗത്ത് ഇന്നും പ്രബലമാണ്. കഴിവിന് രണ്ടാം സ്​ഥാനമേ ഉള്ളു. കഴിവുള്ളവൻ പിന്തള്ളപ്പെടുമ്പോൾ ഭാഗ്യക്കേടാണെന്നാകും അതിനുള്ള മറുപടി. അങ്ങനെയെങ്കിൽ എ​​​​​​​െൻറ ഗുരുനാഥൻ കണ്ണൂർ രാജനെ ‘പ്രതിഭാധനനായ ഭാഗ്യഹീനൻ‘ എന്നു വിശേഷിപ്പിക്കേണ്ടി വരും. ഭാവസുന്ദരങ്ങളായ നിരവധി ഗാനങ്ങൾ ചലച്ചിത്രങ്ങൾക്കും നാടകങ്ങൾക്കും സമ്മാനിച്ച ആ സംഗീത സംവിധായകനെ ചലച്ചിത്രരംഗം വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെന്നു പറയേണ്ടിവരും. സിനിമയ്ക്കു വേണ്ടി ചെയ്തതിനേക്കാൾ മനോഹരങ്ങളായ അനേകം ഗാനങ്ങൾ അദ്ദേഹം നാടകങ്ങൾക്കായി സംവിധാനം ചെയ്തിരുന്നു. റെക്കോഡ് ചെയ്യപ്പെടാത്തതിനാൽ അവയെല്ലാം മലയാളത്തിനു നഷ്ടമായി. ‘തുഷാര ബിന്ദുക്കളേ..’, ‘പുഷ്പതൽപത്തിൽ നീ വീണുറങ്ങി...’  തുടങ്ങി ചുരുക്കം ചില ഗാനങ്ങളുടെ ഈണം കൊച്ചിൻ സംഘമിത്രയുടെ ‘ദണ്ഡകാരണ്യം’ എന്ന നാടകത്തിൽ നിന്ന് സിനിമയ്ക്കായി കടംകൊണ്ടിട്ടുണ്ടെന്നു മാത്രം. നാടകരംഗത്തും ചലച്ചിത്ര രംഗത്തുമായി എട്ടു വർഷത്തിലധികം കണ്ണൂർ രാജ​​​​​​​​െൻറ അസിസ്റ്റൻ്റായി പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ ഈ യാഥാർത്ഥ്യങ്ങൾ എനിക്കു നേരിട്ടു ബോധ്യമുള്ളതാണ്​.

കണ്ണൂർ രാജൻ, ഗുണസിങ്​, എസ്​. രാജേന്ദ്ര ബാബു എന്നിവർ റെക്കോഡിങ്ങിനിടയിൽ..
 

മലയാളത്തിലെ മിക്ക സംഗീത സംവിധായകരുടെയും സംവിധാന ശൈലിക്കാധാരം കർണാടക സംഗീതമാണ്. ബാബുരാജ് മാത്രമാണ് വേറിട്ടു നിന്നത്. ഹിന്ദുസ്​ഥാനി സംഗീതത്തെ അടിസ്​ഥാനപ്പെടുത്തി ബാബുരാജ് മെനഞ്ഞെടുത്ത ഗാനങ്ങൾ മലയാളി മനസ്സുകളെ എക്കാലവും ആർദ്രമാക്കുന്നവ തന്നെ. കണ്ണൂർ രാജനാണ് ഹിന്ദുസ്​ഥാനി സംഗീതത്തെ ആശ്രയിച്ച മറ്റൊരു സംഗീത സംവിധായകൻ. ‘പല്ലവി’ എന്ന ചിത്രത്തിലെ ‘ദേവീ  ക്ഷേത്രനടയിൽ...’ എന്ന ഒറ്റഗാനം കൊണ്ട് ആസ്വാദക മനസ്സുകളെയാകെ കീഴടക്കിയ സംഗീതകാരൻ എക്കാലവും ഓർമിക്കപ്പെടുന്ന കുറേയധികം ഗാനങ്ങൾ സംഭാവന ചെയ്തെങ്കിലും നിരാശയും വേദനയുമാണ് ചലച്ചിത്രലോകം അദ്ദേഹത്തിനു പകരം നൽകിയത്. നാടകങ്ങൾക്കായി ഓരോ വർഷവും ചിട്ടപ്പെടുത്തിയ മനോഹര ഗാനങ്ങൾ പിൽക്കാലത്ത് സിനിമകൾക്കായി പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അവ തെരഞ്ഞെടുത്തു സൂക്ഷിക്കാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. പക്ഷേ സിനിമാ രംഗത്തെ കാലങ്ങളായി അടക്കിവാഴുന്ന ‘ഭാഗ്യം’ അദ്ദേഹത്തെ തുണച്ചില്ല.

പല്ലവി എന്ന ചിത്രത്തി​​​​​​​െൻറ ഗാന റെക്കോർഡിങിൽ യേശുദാസിന്​ നിർദേശം നൽകുന്ന കണ്ണൂർ രാജൻ. നിൽക്കുന്നതിൽ ഇടത്തേയറ്റം എസ്​. രാജേന്ദ്ര ബാബു
 


 ആദ്യചിത്രമായ ‘മിസ്റ്റർ സുന്ദരി’ക്കു ശേഷമുള്ള ചില തിക്താനുഭവങ്ങൾ മദിരാശിയോടു വിടപറയാനാണ് അദ്ദേഹത്തെ േപ്രരിപ്പിച്ചത്. തുടർന്ന് െപ്രാഫഷണൽ നാടകവേദിയിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. കേരളത്തിലുടനീളമുള്ള നിരവധി നാടക സംഘങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കി. കൊല്ലത്ത് പ്രവർത്തനമാരംഭിച്ച പുതിയൊരു സമിതിയുടെ ‘വൽമീകം’ എന്ന നാടകത്തിലൂടെ ഞാൻ അദ്ദേഹത്തെ പരിചയപ്പെടുകയും അസിസ്​റ്റൻറായി  ചേരുകയുമായിരുന്നു. കൊച്ചിൻ സംഘമിത്ര, എസ്​.എൽ. പുരം സൂര്യസോമ, സി.ജി ഗോപിനാഥി​​​​​​​െൻറ പീപ്പിൾ തിയറ്റേഴ്സ്​, കൊല്ലം യൂണിവേഴ്സൽ തിയറ്റേഴ്സ്​ എന്നിങ്ങനെ പ്രശസ്​തവും അപ്രശസ്​തവുമായ നിരവധി നാടകസമിതികളിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. ഈ സമിതികൾക്കായി അദ്ദേഹമൊരുക്കിയ സുന്ദര ഗാനങ്ങളുടെ നാലിലൊന്നു പോലും ചലച്ചിത്ര രംഗത്ത് പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ലല്ലോ എന്ന നിരാശ ഇന്നും നൊമ്പരപ്പെടുത്തുന്നു.

എസ്​. ര​േജന്ദ്ര ബാബു, ലതിക, വാണി ജയറാം എന്നിവർ കണ്ണൂർ രാജനൊപ്പം
 

നാടകരംഗത്ത് സജീവമായിരിക്കുമ്പോൾ ജി. അരവിന്ദ​​​​​​​െൻറ  ‘ഉത്തരായനം’ എന്ന ചിത്രത്തിൽ ത​​​​​​​െൻറ സഹായിയായി പ്രവർത്തിക്കാൻ ഗുരുവായ കെ. രാഘവൻ മാസ്​റ്റർ കണ്ണൂർ രാജനെ ക്ഷണിച്ചതായിരുന്നു വഴിത്തിരിവ്. ഇനിയൊരിക്കലും മദിരാശിയിലേക്കില്ലെന്ന് ശഠിച്ചിരുന്ന കണ്ണൂർ രാജൻ, രാഘവൻ മാസ്റ്ററുടെ ഉപദേശത്തെ തുടർന്ന് വീണ്ടും കോടമ്പാക്കത്ത് ത​​​​​​​െൻറ ഭാഗ്യപരീക്ഷണത്തിനു മുതിർന്നു. കൊച്ചിൻ സംഘമിത്രക്കു വേണ്ടി ഈണമിട്ട ‘തുഷാരബിന്ദുക്കളേ...’ എന്ന പാട്ട്​ ശ്രദ്ധിച്ച ഐ.വി. ശശി ത​​​​​​​െൻറ അടുത്ത ചിത്രം വാഗ്ദാനം ചെയ്തതോടെ പ്രതീക്ഷയുടെ നാമ്പുകൾ തളിർത്തു. തുടർന്ന് പല കോണുകളിൽ നിന്നും വാഗ്ദാനപ്പെരുമഴ. ഐ.വി. ശശിയുടെ വാഗ്ദാനം അപ്രതീക്ഷിതമായി വഴിതെറ്റിയതോടെ വീണ്ടും നിരാശ. പക്ഷേ, ‘തുഷാരബിന്ദുക്കളേ...’ എന്ന ഗാനം ശശി കടം വാങ്ങി ‘ആലിംഗനം’ എന്ന ചിത്രത്തിൽ ഉപയോഗിച്ചുകൊണ്ട് മറ്റൊരു ചിത്രം കണ്ണൂർ രാജനു വാഗ്ദാനം ചെയ്തു. സംവിധായകൻ ബി.കെ. പൊറ്റെക്കാട് ‘പല്ലവി’ എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചതോടെ വീണ്ടും പ്രതീക്ഷകൾക്ക്​ നാമ്പു മുളച്ചു.

ഭരണി സ്റ്റുഡിയോയിൽ ‘പല്ലവി’യുടെ പൂജയോടനുബന്ധിച്ച് നടന്ന ആദ്യഗാന റെക്കോഡിംഗ് ചലച്ചിത്രലോകത്തെ അമ്പരപ്പിച്ച ഒന്നായിരുന്നു. ‘ദേവീക്ഷേത്ര നടയിൽ..’ എന്ന ഗാനം പാടിക്കഴിഞ്ഞ് അവിടെ കൂടിനിന്ന നിർമാതാക്കളോടും മാധ്യമപ്രവർത്തകരോടുമായി യേശുദാസ്​ പറഞ്ഞു- ‘അടുത്തകാലത്തൊന്നും ഇത്ര മനോഹരമായ ഒരു പാട്ട് ഞാൻ പാടിയിട്ടില്ല. ഇദ്ദേഹത്തെപ്പോലുള്ള പ്രതിഭകളെ കണ്ടില്ലെന്നു നടിക്കാതെ പരമാവധി േപ്രാത്സാഹിപ്പിക്കണം..’ യേശുദാസി​​​​​​​െൻറ അഭിപ്രായം കാട്ടുതീപോലെ പടർന്നു. എവിടെയും കണ്ണൂർ രാജൻ എന്ന സംഗീത സംവിധായകനെപ്പറ്റിയായി സംസാരം. ‘പല്ലവി’യുടെ ഗാനരചയിതാവും കഥാകാരനുമായ പരത്തുള്ളി രവീന്ദ്രനും അതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, പിന്നീട് സംഭവിച്ചതോ...? ക്രൂരമായ അവഗണനയാണ് ചലച്ചിത്രലോകം രണ്ടുപേരോടും കാട്ടിയത്.  

എ.ടി. ഉമ്മർ
 

‘പല്ലവി’ക്കു ശേഷം ‘സ്​നേഹയമുന’ എന്നൊരു ചിത്രം ബി.കെ പൊറ്റെക്കാടിനു കരാറായി. സംഗീത സംവിധാന ചുമതല അദ്ദേഹം കണ്ണൂർ രാജനു തന്നെ നൽകി. നിർമാതാവിനെ കണ്ട് കരാറുറപ്പിക്കാനും അഡ്വാൻസ്​ കൈപ്പറ്റാനുമായി മൈലാപ്പൂരിലെ വുഡ്​ലാൻഡ്സ്​ ഹോട്ടലിൽ കണ്ണൂർ രാജനെ ഞാനും അനുഗമിച്ചു. ഹോട്ടൽ മുറിയിൽ അനിശ്ചിതത്വത്തി​​​​​​​െൻറ കാർമേഘം...! നിർമാതാവ് കണ്ണൂർ രാജനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി എന്തോ രഹസ്യം പറഞ്ഞു. ചിത്രം തനിക്കു നഷ്ടമായെന്ന് കണ്ണൂർ രാജ​​​​​​​െൻറ വിവർണമായ  മുഖത്തു നിന്ന് ഞാൻ വായിച്ചെടുത്തു. വൈകാതെ മറ്റൊരു സംഗീത സംവിധായകൻ മുറിയിലെത്തി - കെ.ജെ. ജോയ്. കണ്ണൂർ രാജനു പറഞ്ഞുവച്ച ചിത്രം എങ്ങനെ കെ.ജെ. ജോയിയുടെ കൈകളിലെത്തിയെന്ന രഹസ്യം ഇന്നും അജ്ഞാതം. അതാണു സിനിമ.

കോടമ്പാക്കത്തു നിന്ന് മൈലാപ്പൂരിലേക്ക് അന്ന് ടാക്സിക്കൂലി അഞ്ചു രൂപയാണ്. എ​​​​​​​െൻറ കൈയിൽ ആകെയുണ്ടായിരുന്ന അഞ്ചു രൂപ മുടക്കി ടാക്സിയിലായിരുന്നു യാത്ര. ഹോട്ടലിലെത്തിയാൽ നല്ലൊരു തുക അഡ്വാൻസ്​ കിട്ടുമല്ലോ. തിരികെ വരുമ്പോൾ ഹോട്ടലിൽ കയറി  ഭക്ഷണവും കഴിച്ച് ടാക്സിയിൽ തന്നെ മടങ്ങാമെന്ന കണക്കുകൂട്ടലിലായിരുന്നു ഞങ്ങൾ രണ്ടുപേരും. എല്ലാം തകർന്നു. ബസ്​ കൂലിക്കോ ചായക്കോ നിവൃത്തിയില്ലാതെ അഞ്ചു കിലോ മീറ്റോളം നടന്ന്​ ഞങ്ങൾ തിരികെ കോടമ്പാക്കത്തെത്തി.

വാഗ്ദാനങ്ങൾക്കു പഞ്ഞമില്ലെങ്കിലും സമീപകാലത്തൊന്നും ചെയ്യാൻ ചിത്രമില്ലാതിരിക്കുമ്പോൾ എസ്​.എൽ. പുരം സൂര്യസോമയുടെ ‘നിധി’ എന്ന നാടകത്തിനു സംഗീതം നൽകാൻ കണ്ണൂർ രാജനു ക്ഷണം ലഭിച്ചു. കൊല്ലത്തുള്ള എന്നെ കത്തു മൂലം വിവരം അറിയിച്ചു. നാടക ക്യാമ്പിൽ എത്തിയതി​​​​​​​െൻറ  അടുത്ത പ്രഭാതത്തിലാണ് ഇടിത്തീപോലെ മറ്റൊരു വാർത്ത അദ്ദേഹത്തെ തളർത്തിയത്. ‘തുഷാരബിന്ദുക്കളേ...’ എന്ന ഗാനത്തിന് എസ്​. ജാനകിക്കും എ.ടി ഉമ്മറിനും സംസ്​ഥാന ചലച്ചിത്ര അവാർഡ്!

പത്രത്തിൽ വാർത്ത വായിച്ചിട്ട് മുഖമുയർത്തിയപ്പോൾ മുന്നിൽ നിൽക്കുന്ന എന്നെയാണ് കണ്ണുർ രാജൻ കണ്ടത്. ഒരു പൊട്ടിക്കരച്ചിലോടെ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ആ കണ്ണുനീർ ഞാനെ​​​​​​െൻറ ഉടലിൽ അറിഞ്ഞു. ഐ.വി. ശശിക്ക് ഈ ഗാനം ദാനം നൽകിയ വിവരം ബിച്ചു തിരുമലയും കണ്ണൂർ രാജനും ഹോട്ടൽ ഹോളിവുഡിനു മുന്നിൽ വച്ച് ആദ്യം എന്നോടു പറയുമ്പോൾ ഞാൻ നിരാശനായിരുന്നു. ആ മനോഹര ഗാനം ചിട്ടപ്പെടുത്തുമ്പോൾ ഞാനും ഹർമോണിയം വായിച്ച് അതിൽ പങ്കാളിയായിരുന്നു.

‘‘സാരമില്ല ബാബൂ, നമുക്ക് ഇനിയും ഇതുപോലത്തെ പാട്ടുകൾ ഉണ്ടാക്കാമല്ലോ...’’ എന്ന് കണ്ണൂർ രാജൻ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു.
‘പക്ഷേ, ഈ പാട്ടിനെങ്ങാനും അവാർഡ് കിട്ടിയാൽ അതാരു വാങ്ങും..?’ എന്ന്​ അന്ന്​ ഞാന ചോദിച്ച ചോദ്യം രണ്ടുപേരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇതൊക്കെ ഓർത്താണ് സൂര്യസോമയിൽ എത്തിയ എ​​​​​​​െൻറ മുന്നിൽ കണ്ണൂർ രാജ​​​​​​​െൻറ ദു$ഖം അണപൊട്ടിയത്.

പല്ലവിയിലെ ഗാനങ്ങൾ ഇഷ്ടപ്പെട്ട യേശുദാസ്​ കണ്ണൂർ രാജനു വേണ്ടി ഒരു ചിത്രം ശുപാർശ ചെയ്തു, സഞ്ജയ് െപ്രാഡക്ഷൻസി​​​​​​​െൻറ പുതിയ ചിത്രം. സംവിധാനം ഐ.വി. ശശി. അതോടെ ശശി വാഗ്ദാനം ചെയ്ത ചിത്രവും അതായി മാറി. യേശുദാസിനോട് സമ്മതം മൂളിയെങ്കിലും നിർമാതാവ് കണ്ണൂർ രാജനെ വിവരം അറിയിച്ചില്ല. റെക്കോഡിംഗ് തീയതി അടുത്തിട്ടും ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ വന്നപ്പോൾ വിവരം യേശുദാസിനെ അറിയിക്കാൻ കണ്ണൂർ രാജൻ എന്നെ ചുമതലപ്പെടുത്തി. എ.വി.എം.ആർ.ആർ തിയറ്ററിൽ എം.എസ്​. വിശ്വനാഥ​​​​​​​െൻറ റെക്കോഡിംഗിന് യേശുദാസ്​ പാടുന്നതറിഞ്ഞ് ഞാൻ അവിടെയെത്തി. എന്നെ കണ്ടയുടൻ അദ്ദേഹം അകത്തേക്ക് വിളിച്ചു. ഞാൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി. റെക്കോഡിംഗ് കഴിയുന്നതു വരെ കാത്തു നിൽക്കാൻ പറഞ്ഞിട്ട്  അദ്ദേഹം വീണ്ടും റെക്കോഡിംഗിൽ മുഴുകി. ഐ.വി. ശശിയും നിർമാതാവും പുറത്ത് യേശുദാസിനെ കാത്തു നിൽപുണ്ടായിരുന്നു. പുറത്തു വന്ന യേശുദാസ്​ അവരുടെ വാക്കുകൾ ശ്രദ്ധിക്കാതെ കോപത്തോടെ പറഞ്ഞു- ‘രാജനു പടം കൊടുക്കാൻ താൽപര്യമില്ലെങ്കിൽ വേണ്ട. പാടാനും മറ്റാരെയെങ്കിലും നോക്കിക്കോളൂ...’ തിടുക്കത്തിൽ കാറിൽ കയറി യാത്രയായ യേശുദാസിനു പിറകേ ശശിയും നിർമാതാവും വച്ചുപിടിച്ചു.

പിന്നെ കാര്യങ്ങൾ പെട്ടെന്നായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ നാലു ഗാനങ്ങൾ അന്നു രാത്രി തന്നെ കണ്ണൂർ രാജ​​​​​​​െൻറ വീട്ടിലെത്തി. നാലാം ദിവസം പ്രസാദ് സ്റ്റുഡിയോയിൽ റെക്കോഡിംഗ്. ഈണം ചിട്ടപ്പെടുത്തലൊക്കെ ധൃതിയിൽ നടന്നു. യേശുദാസിനൊപ്പം അഭിനന്ദനം എന്ന ആ ചിത്രത്തിലെ ആദ്യഗാനം പാടാൻ കണ്ണൂർ രാജൻ ലതികയ്ക്ക് അവസരമൊരുക്കി - ‘പുഷ്പതൽപത്തിൽ നീ വീണുറങ്ങി...’

‘ബീന’ എന്ന സിനിമയുടെ റെക്കോഡിങ്ങിനിടയിൽ സംവിധായകൻ പി.ജി. വിശ്വംഭരൻ, കണ്ണൂർ രാജൻ, എസ്​. രാജേന്ദ്ര ബാബു എന്നിവർ യേശുദാസിനൊപ്പം...
 

‘പടക്കുതിര’, ‘ഒരുജാതി ഒരുമതം’, ‘ബീന’, കുട്ടമത്തു കുറുപ്പി​​​​​​​െൻറ പുതിയ ചിത്രം ഇങ്ങനെ നിരവധി ചിത്രങ്ങളിൽ കണ്ണൂർ രാജനൊപ്പം ഞാനും ഉണ്ടായിരുന്നു. പിന്നീട് നിസ്സാര കാരണങ്ങളാൽ ഞങ്ങൾ വേർപിരിഞ്ഞു. വേദനാജനകമെങ്കിലും ആ വേർപാട് 14 വർഷം നീണ്ടു നിന്നു. അവിചാരിതമായാണ് ഞങ്ങൾ അയൽക്കാരായത്. ഞാൻ പുതിയതായി താമസം തുടങ്ങിയ വീടിനടുത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കെ.പി. ഉമ്മർ, മീന തുടങ്ങിയ താരങ്ങളും പരിസരത്തുണ്ടായിരുന്നു. ഒരു ദിവസം വഴിയിൽ തമ്മിൽ കണ്ടപ്പോൾ എല്ലാ പിണക്കവും അവസാനിപ്പിച്ച് ഞങ്ങൾ ഒന്നായി. ഒരു വൈകുന്നേരം അദ്ദേഹത്തി​​​​​​​െൻറ വീട്ടുമുറ്റത്തിരുന്ന് ഞങ്ങൾ കുറേയേറെ സംസാരിച്ചു. കെ.കെ. ഹരിദാസി​​​​​​​െൻറ ചിത്രത്തി​​​​​​​െൻറ റെക്കോഡിംഗ് അടുത്ത ദിവസം ഭരണി സ്റ്റുഡിയോയിലാണെന്നും ഞാൻ ട്രാക്ക് പാടണമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ക് പാടാനുള്ള ക്ഷണം ഞാൻ നിരസിച്ചെങ്കിലും ഭരണി സ്റ്റുഡിയോയിൽ എത്താമെന്നു സമ്മതിച്ച് ഞങ്ങൾ പിരിഞ്ഞു.

‘അഭിനന്ദനം’ എന്ന ചിത്രത്തി​​​​​​​െൻറ റെക്കോഡിങ്ങിനിടയിൽ ലതികയും എസ്​. രാജേന്ദ്ര ബാബുവും യേശുദാസിനൊപ്പം
 

അടുത്ത ദിവസം വെളുപ്പിന് കണ്ണൂർ രാജ​​​​​​​െൻറ ഇളയ മകൻ രാകേഷി​​​​​​​െൻറ നിലവിളി കേട്ടാണ് ഞാൻ കതകു തുറന്നത്.
‘‘അച്ഛൻ മരിച്ചു...!’’ പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ തിരികെയോടി. ഞാൻ പിറകേ ഓടി. കഴിഞ്ഞ രാത്രി ഞങ്ങൾ പിരിഞ്ഞതിനു ശേഷം വൈകിയാണ് അദ്ദേഹം ഉറങ്ങാൻ കിടന്നത്. അർധരാത്രിക്കു ശേഷം ദേഹാസ്വാസ്​ഥ്യം കലശലായപ്പോൾ അദ്ദേഹത്തെ സൂര്യ ഹോസ്​പിറ്റലിലേക്കു മാറ്റി. ചേതനയറ്റ ശരീരമാണ് വെളുപ്പിന് വീട്ടിലെത്തിച്ചത്. ചലച്ചിത്ര രംഗം അവഗണിച്ചെങ്കിലും ഒരുപിടി നല്ല ഗാനങ്ങൾ എപ്പോഴുമോർക്കാൻ നമുക്ക് സമ്മാനിച്ചിട്ടായിരുന്നു 1995 ഏപ്രിൽ 27ന് അദ്ദേഹം യാത്രയായത്.

കണ്ണുർ രാജ​​​​​​​െൻറ ചില ഹിറ്റ് പാട്ടുകൾ
പീലിയേഴും വീശിവാ സ്വരരാഗമാം മയൂരമേ (പൂവിന് പുതിയ പൂന്തെന്നൽ..)
ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക (ചിത്രം)
ഈറൻ മേഘം ദൂതും കൊണ്ട് (ചിത്രം)
ദേവീ ക്ഷേത്രനടയിൽ (പല്ലവി)
ഈ മരുഭൂമിയിൽ പൂമരമെവിടെ (സ്വന്തം ശാരിക)
എന്തിനെന്നെ വിളിച്ചു നീ വീണ്ടും എ​​​​​​െൻറ സ്വപ്ന സുഗന്ധമേ (അഭിനന്ദനം)
കൺമണി പെൺമണിയേ (കാര്യം നിസ്സാരം)

Tags:    
News Summary - remembering kannor rajan in kodambakkamkadhakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT