സഫലം  ഈ സംഗീതയാത്ര 

സംഗീതവീഥിയില്‍ 50 നാഴികക്കല്ലുകള്‍ പിന്നിടുകയാണ് കെ.വി. അബുട്ടി. ഈ കാലയളവില്‍ ഏറെ ഒച്ചപ്പാടുകളുണ്ടാക്കാതെ സ്വരങ്ങളെ പ്രണയിച്ച്  നടന്നുനീങ്ങിയ ആ വലിയ കലാകാരന്‍ കൈവരിച്ച നേട്ടങ്ങള്‍ ഏറെയൊന്നും കൊട്ടിഘോഷിക്കപ്പെട്ടിട്ടില്ല.
‘സംഗീതസംവിധായകന്‍ എന്നനിലയില്‍ എന്‍െറ എറ്റവുംവലിയ അഭിമാനം ഗാനഗന്ധര്‍വന്‍ യേശുദാസിനുവേണ്ടി 60ലേറെ ഗാനങ്ങള്‍ക്ക് സംഗീതംനല്‍കി എന്നതുതന്നെയാണ്’ -അബുട്ടി പറയുന്നു. മലയാളിയുടെ വാനമ്പാടി ചിത്രക്കുവേണ്ടി അഞ്ച് ആല്‍ബങ്ങളിലായി 40ലേറെ പാട്ടുകള്‍. പി. ജയചന്ദ്രനും സുജാതക്കും വേണ്ടി ചെയ്തു കുറെ ആല്‍ബങ്ങള്‍. മലയാളത്തിലെ ഗാനകോകിലം പി. സുശീലക്കുവേണ്ടി ഗാനമൊരുക്കാനും ഭാഗ്യം ലഭിച്ചു അബുട്ടിക്ക്.
യേശുദാസിനുവേണ്ടി ആദ്യംചെയ്ത ‘ജമാലിയത്’ എന്ന ആല്‍ബത്തിലെ ‘ആലം അകന്ത നബി...’ എന്ന പാട്ട് സ്കൂള്‍ കലോത്സവങ്ങളില്‍ സ്ഥിരമായി സമ്മാനം നേടുന്ന ഗാനമായി. ഈ ആല്‍ബത്തിലെ ‘കരളുരുകി കേഴുന്നു...’ എന്ന ഗാനം ഏറെ പ്രിയങ്കരമായി.
മാപ്പിളപ്പാട്ടുലോകത്ത് പ്രശസ്തരായ പല ഗായകരെക്കാളും വ്യത്യസ്തമായ നേട്ടങ്ങളേറെ കൊയ്തെടുത്തു ഈ ഗായകന്‍. ഹിന്ദുസ്ഥാനിസംഗീതത്തിലും കര്‍ണാട്ടിക് സംഗീതത്തിലും ബിരുദം. സംഗീതസംവിധാനത്തില്‍ ആകാശവാണിയുടെ ‘എ ടോപ് ഗ്രേഡ്’ ലഭിച്ച ഇന്ന് ജീവിച്ചിരിക്കുന്ന ഏക മലബാറുകാരന്‍. 500ലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. ‘ചൂണ്ടക്കാരി’ എന്ന സിനിമയില്‍ പാടി. കേരള ഫോക്ലോര്‍ അക്കാദമിയുടെ മാപ്പിളപ്പാട്ടിനുള്ള ഫെലോഷിപ്പും പുരസ്കാരവും. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം. ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയുടെ പ്രത്യേക പുരസ്കാരം, കേരള മാപ്പിളകലാ അക്കാദമിയുടെ എസ്.എ. ജമീല്‍ പുരസ്കാരം, രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍െറ സംഗീതപ്രതിഭ പുരസ്കാരം, പാലക്കാട് സ്വരലയ പുരസ്കാരം, ഓള്‍ ഇന്ത്യ റേഡിയോ ഡല്‍ഹി മ്യൂസിക് ഓഡിഷന്‍ ബോര്‍ഡ് മെംബര്‍ അങ്ങനെ ഒട്ടേറെ ബഹുമതികള്‍. ഇതിനിടെ കൈരളി ടി.വിയുടെ മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് നടന്‍ മമ്മൂട്ടിയില്‍നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു. 
ഒരുകാലത്ത് പ്രഭാതങ്ങളില്‍ ആകാശവാണിയിലൂടെ ഒഴുകിയത്തെിയ ഒരിക്കലും മറക്കാനാവാത്ത ഭക്തിഗാനങ്ങള്‍- ‘അയ്യൂബ് നബി കരഞ്ഞൂ അല്ലാഹ് വിളികേള്‍ക്കൂ...’, ‘ചുമരില്‍ ഒരു ഘടികാരം തന്‍ സൂചി ഇളക്കിക്കൊണ്ടു പറഞ്ഞു...’ തുടങ്ങിയവ കേട്ടവരുടെ ഉള്ളില്‍ ഇന്നും മായാതെ നില്‍ക്കുന്നു. ചാലിയാറിന്‍െറ തീരത്ത് അരീക്കോടെന്ന ഏറനാടന്‍ ഗ്രാമത്തില്‍ പ്രശസ്തമായ കല്ലുവെട്ടി തറവാട്ടില്‍ ആലിക്കുട്ടിഹാജിയുടെയും റുഖിയയുടെയും മകനായി ജനിച്ച അബുട്ടിയുടെ ഉള്ളില്‍ സംഗീതം കുട്ടിക്കാലത്തുതന്നെ മൊട്ടിട്ടിരുന്നു. മുസ്ലിം സമുദായത്തില്‍പെട്ടവര്‍ പാടുന്നതും പാട്ടുപഠിക്കുന്നതും മോശമായിക്കണ്ട കാലം. അല്‍പം സംഗീതം ഉള്ളിലുള്ളയാളായിരുന്നു ജ്യേഷ്ഠന്‍ മുഹമ്മദുകുട്ടി. കുറെശ്ശ ഹാര്‍മോണിയം വായിക്കുകയും ചെയ്യും. ഒപ്പംകൂടി ഹാര്‍മോണിയം പഠിച്ചുതുടങ്ങി. അന്ന് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ വിന്‍സന്‍റ് മാസ്റ്റര്‍ അരീക്കോട് മ്യൂസിക്ക്ളാസ് നടത്തിയിരുന്നു. അദ്ദേഹത്തിന്‍െറ ശിഷ്യനായി രണ്ടുവര്‍ഷം പഠനം. അത്യാവശ്യം ഹാര്‍മോണിയം  വായിക്കാമെന്ന ആത്മവിശ്വാസം വന്നു. 
ആ സമയത്താണ് പ്രശസ്ത മാപ്പിളപ്പാട്ടുകാരന്‍ വി.എം. കുട്ടിക്ക് സിനിമാഗാനങ്ങള്‍ പാടുന്ന ഒരു ഹാര്‍മോണിസ്റ്റിനെ വേണമെന്ന് അദ്ദേഹം അരീക്കോട്ടെ സഖാവ്  സെയ്തുക്കയോടു പറയുന്നത്. പയ്യനെങ്കിലും അബുട്ടിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന സെയ്തുക്ക 14കാരനായ കൊച്ചു ഹാര്‍മോണിസ്റ്റിനെ വി.എം. കുട്ടിക്ക് പരിചയപ്പെടുത്തി. അന്നുമുതല്‍ ആ ബാലന്‍ പ്രഫഷനല്‍ ഹാര്‍മോണിസ്റ്റായി.
ഹിന്ദുസ്ഥാനി സംഗീതത്തിന്‍െറ തേന്‍തുള്ളികള്‍ ചേര്‍ത്ത് മലയാളത്തിന് മധുരമനോഹര ഗാനങ്ങള്‍ നല്‍കിക്കൊണ്ട് ബാബുരാജ് തിളങ്ങിനില്‍ക്കുന്ന കാലം. ആ വലിയ സംഗീതജ്ഞനുമായി അടുക്കാന്‍ ഭാഗ്യമുണ്ടായത് വഴിത്തിരിവായി. സിനിമാസംവിധായകന്‍ സലാം കാരശ്ശേരിയും എം.എന്‍. കാരശ്ശേരിയുമാണ് അതിനവസരമൊരുക്കിയത്. ‘ആ മഹാപ്രതിഭ കുറച്ചൊന്നുമല്ല എന്നെ സ്വാധീനിച്ചത്. അദ്ദേഹത്തിന്‍െറ കൂടെ ഹാര്‍മോണിയം വായിച്ചുനടന്ന കാലം എന്‍െറ സംഗീതവഴിയിലെ ഏറ്റവും മഹത്തായ കാലമായിരുന്നു. ആ സംഗീതശൈലി  എന്നെ ഏറെ സ്വാധീനിച്ചു’ -അബുട്ടി ഓര്‍മിക്കുന്നു.
ആകാശവാണിയില്‍ പാടാന്‍ തുടങ്ങി. പാടുന്ന പാട്ടുകള്‍ക്ക് ബിറ്റുകള്‍ കംപോസ് ചെയ്യുന്നതും അബുട്ടി തന്നെയായിരുന്നു. ഈ യുവഗായകന്‍െറ കഴിവ് മനസ്സിലാക്കിയ പ്രശസ്ത സംഗീതജ്ഞന്‍ പാലാ സി.കെ. രാമചന്ദ്രനാണ് ബിരുദ കോഴ്സിനുചേരാന്‍ നിര്‍ബന്ധിക്കുന്നത്. അന്ന് ആകാശവാണിയിലുണ്ടായിരുന്ന കെ. രാഘവന്‍മാസ്റ്ററുടെകൂടി നിര്‍ബന്ധമുണ്ടായപ്പോള്‍ തലശ്ശേരിയിലെ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ ചേര്‍ന്നു. ബാലന്‍ മാസ്റ്ററുടെ ശിക്ഷണത്തില്‍ കര്‍ണാട്ടിക് സംഗീതത്തില്‍ ബിരുദം നേടി. അരീക്കോട് ഓറിയന്‍റല്‍ ഹൈസ്കൂളില്‍ അധ്യാപകനായി ചേര്‍ന്നു. 
ആകാശവാണിയില്‍ മ്യൂസിക് കംപോസര്‍ ടെസ്റ്റ് പാസായി. ‘ആ കാലത്ത് അത് വലിയ നേട്ടംതന്നെയായിരുന്നു. 32 പേര്‍ പരീക്ഷക്കത്തെിയതില്‍ പാസായത് രണ്ടുപേര്‍. ഞാനും ഇന്നത്തെ പ്രശസ്ത സംഗീതജ്ഞന്‍ രമേശ് നാരായണനും’ -അബുട്ടി ഓര്‍മിക്കുന്നു.
മാപ്പിളപ്പാട്ട് ഗായകനായാണ് കെ.വി. അബുട്ടി അറിയപ്പെടുന്നതെങ്കിലും ഒട്ടേറെ മറ്റു ഗാനങ്ങളും ആകാശവാണിക്കും ദൂരദര്‍ശനുംവേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്, ക്രിസ്തീയ ഭക്തിഗാനങ്ങളുള്‍പ്പടെ. രാഗങ്ങളുടെ ചിട്ടയില്‍ചേര്‍ന്നുനിന്നാണ്  പാട്ടുകള്‍ ചിട്ടപ്പെടുത്താറ്. നാടന്‍ ശീലുകളും ഹിന്ദുസ്ഥാനി രാഗങ്ങളും സമന്വയിപ്പിച്ച് ഈണങ്ങളുണ്ടാക്കാനും ശ്രമിക്കാറുണ്ട്. പാട്ടുകള്‍ക്ക് തന്‍േറതായ ഒരു ശൈലി വേണമെന്നാണ്  ആഗ്രഹമെന്ന് അബുട്ടി പറഞ്ഞു. നല്ളൊരു ഫുട്ബാളര്‍ കൂടിയായിരുന്നു ഈ ഗായകന്‍. അരീക്കോടെന്ന ‘ഫുട്ബാള്‍ നാട്‘ നല്‍കിയ ഗുണം. സംഗീതത്തില്‍ മുഴുകിയപ്പോള്‍ മാച്ചുകളോട് വിടപറയേണ്ടിവന്നു. പി. ജയചന്ദ്രനുവേണ്ടി ആല്‍ബമൊരുക്കുന്ന തിരക്കിലാണിപ്പോള്‍ ഈ ഗായകന്‍. ഭാര്യ റസിയ അധ്യാപികയാണ്. മക്കള്‍: സിമില്‍ ജാസ്, ഗസല്‍, അതുല്‍ രഖ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT