ന്യൂഡൽഹി: ഇന്ത്യൻ മ്യൂസിക് കമ്പനി ടീ-സീരീസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോകൾ പ്യൂഡൈപൈയുടെ ചാനലിൽ നിന്ന് നീക്കം ചെയ്യണമെന്ന് യൂട്യൂബിനോട് ഡൽഹി ഹൈകോടതി. രണ്ടാഴ്ച കൊണ്ട് ഉത്തരവ് നടപ്പാക്കണമെന്നും ജസ്റ്റിസ് ജയന്ത് നാഥ് അറിയിച്ചിട്ടുണ്ട്.
ടീ-സീരീസിൻെറ ഉടമകളായ സൂപർ കാസെറ്റ്സ് ആണ് സ്വീഡനിൽ നിന്നുള്ള ഫെലിക്സ് കെൽബെർഗ് എന്ന 29-കാരൻെറ പ്യൂഡീപൈ എന്നറിയപ്പെടുന്ന ചാനലിനെതിരെ പരാതി നൽകിയത്. ടി-സീരീസ് ഡിസ്സ് ട്രാക്/ബിച്ച് ലസംഗ, കൺഗ്രാജുലേഷൻ എന്നീ സംഗീത വീഡിയോകളാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പാട്ടിൻെറ വരികൾ അങ്ങേയറ്റം മോശവും ടി-സീരീസിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് പരാതി. പാട്ടുകൾ വീണ്ടും അപ്ലോഡ് ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാർ ഉള്ള ആളാണ് പ്യൂഡീപൈ. ഇന്ത്യൻ മ്യൂസിക് കമ്പനി ടി സീരിസും പ്യൂഡീപൈയും ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരമാണ്. ആക്ഷേപ ഹാസ്യവും ഗെയിമുകളുമാണ് ഈ ചാനലിലെ പരിപാടി. ഇന്ത്യയെ കളിയാക്കിയുള്ള വിഡിയോകളും പ്യൂഡീപൈ ചെയ്തിട്ടുണ്ട്. ഇത്തരം വിഡിയോകൾ ഇന്ത്യൻ ആസ്വാദകർക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.