കമ്മ്യൂണിസ്റ്റ് തന്നെ...പക്ഷെ ബാപ്പുവിന്‍റെ പാട്ടിന് പാര്‍ട്ടിയില്ല

ഉറച്ച കമ്മ്യൂണിസ്റ്റുകാരനാണ് ബാപ്പു വെള്ളിപറമ്പ്. പക്ഷെ തെരഞ്ഞെടുപ്പ് വന്നാല്‍ ബാപ്പു എല്ലാ പാര്‍ട്ടിക്കാരുടെയും ആളാകും. പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറമ്പിന്‍്റെ കഥയാണ് പറഞ്ഞുവരുന്നത്.
‘കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകള്‍ നീട്ടുന്നു സുബ്ഹാനേ...’ ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഭക്തിസാന്ദ്രമായ ഗാനം... കേട്ടവരുടെ ഹൃദയത്തില്‍നിന്ന് ഒരിക്കലും മാഞ്ഞുപോവാത്ത മനോഹര ഗാനം.
യേശുദാസ് പാടിയ വേറൊരു ഗാനം- ‘കരയാനും പറയാനും മനം തുറന്നിരക്കാനും...’  നാടന്‍ ഭാഷാശൈലിയില്‍ ബാപ്പു രചിച്ച ഈ ഗാനംകേള്‍ക്കുന്നവരുടെ കരളുരുകും- തീര്‍ച്ച. ഇങ്ങനെ എത്രയെത്ര മധുരിത ഗാനങ്ങള്‍.
ഇതേ തൂലികയില്‍നിന്നു തന്നെ തെരഞ്ഞെടുപ്പ് വന്നാല്‍ രസികന്‍ രാഷ്ട്രീയ ഗാനങ്ങളും പിറക്കും.
സി.പി.എമ്മുകാരനെങ്കിലും ബാപ്പു ഏതു പാര്‍ട്ടിക്കുവേണ്ടിയും പാട്ടെഴുതിക്കൊടുക്കും. ‘അടിയുറച്ച സി.പി.എമ്മുകാരനായ താങ്കള്‍...’ ചോദ്യം മുഴുമിപ്പിക്കുംമുമ്പെ വന്നു ഉത്തരം. ‘കഞ്ഞി കുടിച്ചുപോണ്ടേ മോനേ...’.
ഇത്തവണ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുവേണ്ടി പോലും പ്രചാരണഗാനം ഒരുക്കിയത് ബാപ്പുവാണ്. ബി.ജെ.പിക്കുവേണ്ടി എഴുതിയ ഒരു പാട്ടിന്‍്റെ തുടക്കം ഇങ്ങനെ.
‘ഭാരതാംബയെ നെറുകിലേറ്റിയ മോദിഭരണത്തിന്‍ ചാരുത
ഭാവിയിന്ത്യയില്‍ വികസനത്തിന്
തൂവല്‍ചാര്‍ത്തിയ സാന്ദ്രത’
എന്‍റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ശാരദാംബരം ചാരുചന്ദ്രികാ...’എന്ന ഗാനത്തിന്‍്റെ ട്യൂണിലായപ്പോള്‍ പാട്ട് സൂപ്പര്‍ഹിറ്റ്. വി.മുരളീധരന്‍, സി.കെ പത്മനാഭന്‍ എന്നിവര്‍ക്കുവേണ്ടിയും രചിച്ചു ഗാനങ്ങള്‍.

ഇടതുസ്ഥാനാര്‍ഥികളില്‍ എ.പ്രദീപ്കുമാര്‍, പി.ടി.എ റഹീം, എം.സ്വരാജ്, എ.എം യൂസുഫ്, നിയാസ് പുളിക്കിലകത്ത് എന്നിവര്‍ക്കുവേണ്ടിയാണ് ഇത്തവണ പാട്ടെഴുതിയത്. ‘പഴംചക്ക പോലൊരു പെണ്ണിനുവേണ്ടി നാടിന്‍റെ മാനം കളഞ്ഞോരാണേ...’ എന്ന ഗാനം യു.ഡി.എഫ് ഭരണത്തിനേറ്റ ഏറ്റവും വലിയ മാനക്കേടായ സരിതാകേസിനെ ആസ്പദമാക്കിയാണ്. കലാഭവന്‍ മണിയുടെ നാടന്‍പാട്ടിന്‍െറ ഈണത്തിലായപ്പോള്‍ ഇതും ഹിറ്റോടുഹിറ്റ്.
കടുത്ത വിമര്‍ശനപാട്ടുകള്‍ വേണ്ടാ എന്നാണ് ഇത്തവണ പാട്ടിനുവേണ്ടി വന്നപ്പോള്‍ യു.ഡി.എഫുകാര്‍ വെച്ച നിര്‍ദേശമെന്ന് ബാപ്പു. വികസനം വിഷയമാക്കിയാല്‍ മതി. അങ്ങനെയെങ്കില്‍ അങ്ങനെ... യു.ഡി.എഫുകാര്‍ക്ക് കൊടുത്ത ഒരു പാട്ട് ഇങ്ങനെ-
‘ഇടതു പക്ഷത്തെ കണ്ടറിഞ്ഞോളീ,
ഇവിടെ ദണ്‍ടങ്ങള്‍ തൊട്ടറിഞ്ഞോളീ,
വികസനമുരടിപ്പായി കേരളം മാറൂലേ,
വീണ്ടുവിചാരം ഇല്ലാഞ്ഞാല്‍ ഗതി മുട്ടൂലേ...’
വയനാട്ടിലെ യ.ഡി.എഫ് സ്ഥാനാര്‍ഥി ശ്രേയാംസ് കുമാറിനുവേണ്ടി എഴുതിയ പാട്ടിന് തികഞ്ഞ വയനാടിത്തം.
‘കിളിപാടും നാട് മയിലാടും നാട് കല്‍പ്പറ്റ മണ്ടലത്തില്
ശ്രേയാംസ് കുമാര്‍ യുവജനത്തേരില്‍
വന്നത്തെി വയനാട്ടില്’.

ലീഗിന്‍റെ പി.കെ ബഷീര്‍, എം. എ റസാഖ് മാസ്റ്റര്‍, പി. ഉബെദുല്ല, വി.കെ ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവര്‍ക്കുവേണ്ടിയും കൊടുത്തു രസികന്‍ വരികള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖക്കാരായ വെല്‍ഫയര്‍ പാര്‍ട്ടിക്കാര്‍ക്കും വേണം ബാപ്പുവിന്‍െറ പാട്ടുകള്‍. പൊന്നാനി സ്ഥാര്‍ഥി എം.എം. ശാക്കിറിനുവേണ്ടി എഴുതിയ വരികള്‍-‘പൊന്നില്ലയെങ്കിലും പൊന്നാനി നാടിന്‍റെ പൊന്നാണ് എം.എം ശാക്കിര്‍’...
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ ബാപ്പു വെള്ളി പറമ്പ് 1987ല്‍ സി.പി.എമ്മിനുവേണ്ടിയാണ് ആദ്യ തെരഞ്ഞെടുപ്പ് ഗാനം എഴുതിയത്. പിന്നെ എല്ലാ പാര്‍ട്ടിക്കാരും വരാന്‍ തുടങ്ങി. ആരെയും നിരാശപ്പെടുത്തിയുമില്ല. ഇന്ന് ഈ മേഖലയില്‍ ഒട്ടേറെപേരുണ്ട്. പക്ഷെ ബാപ്പുവിനിപ്പോഴും തിരക്കോട് തിരക്ക്.
40 വര്‍ഷത്തോളമായി മാപ്പിളപ്പാട്ടുരചനാ രംഗത്ത്. യേശുദാസ്, ചിത്ര തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്കുവേണ്ടി രചന നടത്തി. നാടന്‍ പദങ്ങള്‍. താളാത്മകം. ലളിതം. ബാപ്പുവിന്‍റെ ഗാനങ്ങള്‍ എന്നും ഹൃദ്യം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT