അതിര്‍ത്തികളില്ലാത്ത സംഗീതം

സംഗീതത്തെപ്പോലും രാജ്യാതിര്‍ത്തികളില്‍ തളച്ചിടാന്‍ ശ്രമിക്കുമ്പോള്‍ അതിരുകളില്ലാത്ത സംഗീതത്തെ ആദരിക്കുകയാണ് ലോകത്തിലെ മുന്‍നിര സെര്‍ച് എന്‍ജിനായ ഗൂഗ്ള്‍. ലോകം ആദരിക്കുന്ന സൂഫിസംഗീതജ്ഞനും പാകിസ്താനി വംശജനുമായ നുസ്രത്ത് ഫതഹ് അലി ഖാന്‍െറ 67ാമത് ജന്മദിനത്തിന് പ്രത്യേകം ഡൂഡ്ല്‍ ഒരുക്കിയാണ് ഗൂഗ്ള്‍ അഭൗമമായ സംഗീതത്തിന്‍െറ അതിര്‍വരമ്പ് മറികടന്നത്. ഇന്ത്യക്കും പാകിസ്താനും പൊതുവായുള്ള ചിലതില്‍ അവശേഷിക്കുന്നത് ഇത്തരം പ്രതിഭാശാലികള്‍ പകര്‍ന്നുതന്ന അനശ്വര സംഗീതമാണെന്ന് വ്യക്തമാക്കുകയാണ് ഗൂഗ്ള്‍ ഡൂഡ്ല്‍. നുസ്രത്ത് ഫതഹ് അലി ഖാന്‍െറ ജന്മദിനമായ ഒക്ടോബര്‍ 13ന് ഇന്ത്യയിലും പാകിസ്താനിലുമാണ് സെര്‍ച് വിന്‍ഡോയില്‍ ഈ ഡൂഡ്ല്‍ പ്രത്യക്ഷമായത്. 
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍പെട്ട ഫൈസലാബാദില്‍ 1948 ഒക്ടോബര്‍ 13നാണ് ഫതഹ് അലി ഖാന്‍ ജനിച്ചത്. ചെറുപ്പത്തില്‍തന്നെ ‘ഖവ്വാലി സംഗീതചക്രവര്‍ത്തി’ എന്ന വിശേഷണത്തിനുടമയായ അലി ഖാന്‍ 40ഓളം രാജ്യങ്ങളില്‍ സംഗീതപരിപാടി അവതരിപ്പിച്ചു. അദ്ദേഹത്തിന്‍െറ സംഗീതത്തിന് ഇന്ത്യയില്‍ നിരവധി ആരാധകരുണ്ടായിരുന്നു. ഒട്ടേറെ തവണ ഇന്ത്യയിലും  അദ്ദേഹം സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1997ല്‍ 48ാമത്തെ വയസ്സില്‍ ലണ്ടനിലാണ് അദ്ദേഹം നിര്യാതനായത്. 
പാകിസ്താന്‍ സംഗീതജ്ഞനായ ഗുലാം അലി മുംബൈയില്‍ പാടുന്നത് ശിവസേന വിലക്കിയ സാഹചര്യത്തില്‍ ഫതഹ് അലി ഖാനായി ഡൂഡ്ല്‍ ഒരുക്കിയതിന് സവിശേഷമായ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.