ഇനി ഫോണിലെ ചതുരക്കട്ടകളില്‍ നിന്നൊഴുകി വരും നിങ്ങളുടെ സ്വന്തം സംഗീതം! 

ലോകത്ത് സംഗീതം ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? കേള്‍ക്കാന്‍ മാത്രമല്ല, കമ്പോസ് ചെയ്യാനും ഇഷ്ടമാണ് എല്ലാവര്‍ക്കും. നിങ്ങളെപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ സ്വന്തമായി ഒരു ഈണം തട്ടിക്കൂട്ടാന്‍? ഇല്ലെങ്കില്‍ ഇനി ശ്രമിച്ചോളൂ. നിങ്ങളുടെ സഹായത്തിന് ഇനി റോളീസ് ബ്ലോക്ക് ഉണ്ട്. സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഫോണും റോളീസ് ബ്ലോക്കുകളും ഉണ്ടെങ്കില്‍ആര്‍ക്കു വേണമെങ്കിലും ഉണ്ടാക്കാം, കേള്‍ക്കാനിമ്പമുള്ള മനോഹരസംഗീതം!

ചെറിയ സമചതുരാകൃതിയിലുള്ള മൊബൈല്‍ മ്യൂസിക് ആക്‌സസറികളെയാണ് ബ്ലോക്ക് എന്ന് പറയുന്നത്. വയര്‍ലെസ് ആയ ഇത്തരം മോഡുലാര്‍ ബ്ലോക്കുകള്‍ കൂട്ടി ചേര്‍ത്തു കണക്റ്റ് ചെയ്തു വച്ച് താല്‍ക്കാലികമായ ലൂപ് സ്റ്റുഡിയോകള്‍ നമുക്കു തന്നെ സെറ്റ് ചെയ്യാം. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഇതൊന്നുമല്ല. 

റോളീസ് നോയ്‌സ് ആപ്പ് ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഇത് തികച്ചും സൗജന്യമാണ്. എങ്ങനെ സംഗീതം ഉണ്ടാക്കണമെന്ന് ഈ ആപ്പ് ഉപയോഗിച്ചു പഠിക്കാം. വലിയ വലിയ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആളാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഇതൊന്നു ഉപയോഗിച്ച് നോക്കണം. സംഗീതസംവിധായകരുടെ പണി ഇത്രയും എളുപ്പമായിരുന്നോ എന്ന് തോന്നിപ്പോവും. അത്രയ്ക്ക് എളുപ്പമാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍.

അപ്ലിക്കേഷനില്‍ എല്ലാം ഉണ്ടെങ്കില്‍പ്പിന്നെ ബ്ലോക്കുകള്‍ കൊണ്ടെന്തു കാര്യം? പറയാം. വേണ്ട ഏറ്റവും പ്രധാനപ്പെട്ട ബ്ലോക്ക് ഒരു ലൈറ്റ്പാഡാണ്. നൂറ്റി എഴുപത്തി ഒന്‍പതു രൂപയാണ് ഈ ലൈറ്റ് പാഡിന്റെ വില. പ്രീമിയം ഡ്രം പാഡ് പോലെയുള്ള ,വളരെ സ്മൂത്തായ റബ്ബര്‍ പ്രതലമാണ് ഇതിനുള്ളത്. ഈ പ്രതലത്തിനു പിന്നില്‍ വര്‍ണാഭമായ എല്‍.ഇ.ഡി ലൈറ്റുകള്‍ കാണാം. ചെറിയ ചതുരക്കളങ്ങളായി ഈ പ്രതലത്തെ വിഭജിച്ചിരിക്കുന്നു. നമ്മള്‍ ഇതിനു മുകളിലൂടെ വിരലോടിക്കുമ്പോള്‍ ഈ ചതുരക്കളങ്ങളില്‍ ലൈറ്റുകള്‍ തെളിയും. 
 


ഇത്തരം ചതുരക്കളങ്ങള്‍ വ്യത്യസ്ത രീതിയില്‍ ഉപയോഗിക്കുമ്പോള്‍  നമുക്ക് വേണ്ട തരം വ്യത്യസ്ത സംഗീതം ലഭിക്കും. ഉദാഹരണത്തിന് മെലഡിയാണോ വേണ്ടത്? 5 x 5 കോളം എടുത്തു പ്ലേ ചെയ്യുക. ബോങ്കോ മ്യൂസിക് ആണ് വേണ്ടതെങ്കില്‍ 2 x 2 കോളം മതി. വളരെ സെന്‍സിറ്റീവ് ആണ് ഈ പാഡ്. സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മാത്രമേ ഈ ലൈറ്റ്പാഡില്‍ നിന്നും സംഗീതം വരികയുള്ളു. 

ഈ റോളി സോഫ്റ്റ്വെയര്‍ വഴി നിരവധി സംഗീതോപകരണങ്ങള്‍ പ്ലേ ചെയ്യാം. നമുക്കു വേണ്ട ഉപകരണം തെരഞ്ഞെടുക്കാം. ഓടക്കുഴലും വയലിനും ഗിറ്റാറും എല്ലാം ഇങ്ങനെ വായിക്കാം. പാഡിനു മുകളില്‍ ഡ്രാഗ് ചെയ്താല്‍ ഓടക്കുഴല്‍ നാദം കേള്‍ക്കാം. തട്ടുകയും മുട്ടുകയും ചെയ്യുന്ന ഉപകരണങ്ങളെക്കാള്‍ ബുദ്ധിമുട്ട് കുറച്ചു കൂടുതലാണ് ഓടക്കുഴല്‍ പോലെയുള്ളവയ്‌ക്കെന്നു മാത്രം.

യഥാര്‍ത്ഥ സംഗീതോപകരണങ്ങളില്‍ നോബുകളും സ്ലൈഡറുകളും ഉപയോഗിക്കുന്നതു പോലെ ഇവിടെ സാധിക്കാത്തതിനാല്‍ നമ്മുടെ വിരലനക്കങ്ങളിലാണ് സംഗീതത്തിന്റെ മനോഹാരിതയും ഭാവസാന്ദ്രതയും എല്ലാം ഉള്ളത്. അത്യാവശ്യം വലുപ്പമുള്ള ഒരു പാലറ്റില്‍ നിന്നും ഏകദേശം 120 വ്യത്യസ്ത സംഗീതശബ്ദങ്ങള്‍ പുറത്തു വരും. നമ്മള്‍ എങ്ങനെ പ്ലേ ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും സംഗീതത്തിന്റെ വശ്യത. ഐഫോണ്‍ 7,6S എന്നിവയില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ത്രീഡി ടച്ച് എനേബിള്‍ഡ് പാലറ്റ് ഉപയോഗിച്ചാലും ഇതേ സംഗീതാനുഭവമായിരിക്കും ലഭിക്കുക. പ്ലേ ചെയ്യാന്‍ വേണ്ട നോട്ട്‌സ് കാണണം എന്നുണ്ടെങ്കില്‍ അതും കാണാം. 


ലൈവ് ബ്ലോക്കിനും ലൂപ് ബ്ലോക്കിനും എഴുപത്തി ഒന്‍പതു ഡോളര്‍ വീതം വിലയുണ്ട്. ഇനി സംഗീതം അതിന്റെ ഏറ്റവും മഹത്തായ രീതിയില്‍ കമ്പോസ് ചെയ്യണം എന്നുള്ളവര്‍ക്ക് ഈ രണ്ടു ബ്ലോക്കുകളും കൂടെ പ്ലേ ചെയ്യുന്നതിനും ലൂപ് ലോഞ്ച് ചെയ്യുന്നതിനുമായി ഓരോ ലൈറ്റ് പാഡുകളും വീതം ഉപയോഗിച്ച് ഫുള്‍ സെറ്റപ്പില്‍ തകര്‍ക്കാം. വാങ്ങുന്നതിന് മുന്‍പേ നമുക്ക് ഇത് ട്രൈ ചെയ്തു നോക്കാം എന്നൊരു മെച്ചമുണ്ട്. അപ്‌ളിക്കേഷന്‍ സൗജന്യമാണ്. ഹാര്‍ഡ്വെയര്‍ പാര്‍ട്ട് തെരഞ്ഞെടുത്ത ആപ്പിള്‍ സ്റ്റോറുകളില്‍ പരീക്ഷിക്കാം. കീബോര്‍ഡ് സമാനമായ മോഡലായിരുന്നു ആദ്യം ഡിസൈന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീടാണ് ബ്ലോക്ക് മോഡലിലേയ്ക്ക് വന്നത്. 

Tags:    
News Summary - ROLI | NOISE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT