?????? ??????????, ??????? ????????????, ????

‘‘കരയാനും പറയാനും മനം തുറന്നിരക്കാനും
നീയല്ലാതാരുമില്ല കോനേ എന്‍െറ
കരളിന്‍െറ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം
ചൊരിയേണമെന്‍െറ തമ്പുരാനേ...’’

മലയാളിയുടെ സ്വീകരണമുറിയില്‍ മാപ്പിളപ്പാട്ടിന്‍െറ ഈണമൊഴുകിത്തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. മലയാള ടെലിവിഷനില്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ 1000 എപ്പിസോഡ് പിന്നിട്ടിരിക്കുന്നു. മാപ്പിളപ്പാട്ടിനെ പിന്നാമ്പുറത്തേക്ക് ഒതുക്കിനിര്‍ത്തിയ ടെലിവിഷന്‍ സംസ്കാരത്തെ തിരുത്തിയെഴുതിയതാണ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ചരിത്രം. 2009ല്‍ കൈരളിയിലാണ് ആദ്യത്തെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയായ പട്ടുറുമാല്‍ ആരംഭിക്കുന്നത്. അന്ന് മാപ്പിളപ്പാട്ട് ഗായകര്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല. മുഖ്യധാരാ ഗായകര്‍ മാപ്പിളപ്പാട്ട് വേദികളില്‍ പാടാന്‍ തയാറുമല്ലായിരുന്നു. ദൂരദര്‍ശനില്‍ മാത്രം പെരുന്നാളിനും നബിദിനത്തിനുമൊക്കെ ഒരേ പാട്ടുകള്‍തന്നെ ആവര്‍ത്തിച്ചു കാണിച്ചു കൊണ്ടിരുന്ന, മറ്റെല്ലാ മീഡിയയും അവഗണിച്ച ഒരു കാലത്താണ് ഇതിനെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്. ഇതുകൂടാതെ അശ്ലീലം കലര്‍ന്ന ആല്‍ബങ്ങളുടെ ഒരു കാലത്താണ് ഈ പരീക്ഷണം. മാപ്പിളപ്പാട്ടിന്‍െറ തനിമയെല്ലാം മറന്ന് വെറുതേ സ്ത്രീകളുടെ പേരുവെച്ചുള്ള വിലകുറഞ്ഞ പ്രണയഗാനങ്ങളാണ് ആല്‍ബമെന്ന പേരില്‍ ഇറങ്ങിയത്. മാപ്പിളപ്പാട്ട് ഗായകര്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഈ സമയത്താണ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രൈംടൈമില്‍ മാപ്പിളപ്പാട്ടിനായി ഒരു റിയാലിറ്റി ഷോ തുടങ്ങുന്നത്. ചലച്ചിത്ര ഗാനങ്ങള്‍ക്കായി ജനപ്രിയ റിയാലിറ്റി ഷോകള്‍ നിലനിന്ന സമയത്താണ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ അരങ്ങേറ്റം.

പട്ടുറുമാല്‍ പിറ
പത്ത് എപ്പിസോഡിനപ്പുറം പോകില്ലെന്ന മറ്റുള്ളവരുടെ മുന്‍വിധികള്‍ക്കിടയില്‍നിന്നാണ് പട്ടുറുമാലിന്‍െറ ജനനം. കോഴിക്കോട് ബീച്ചിലായിരുന്നു ആദ്യ പരിപാടി. 15,000ത്തോളം ആളുകളെ സാക്ഷിനിര്‍ത്തി കേരളത്തിലെ മാപ്പിളപ്പാട്ട് പാടുന്ന ഏറ്റവും മികച്ച പ്രഫഷനല്‍ ഗായകരെ അണിനിരത്തിയായിരുന്നു തുടക്കം. ഓഡിഷനിലൂടെയായിരുന്നില്ല മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്. മികച്ച ഗായകരെ ക്ഷണിച്ചു വരുത്തുകയായിരുന്നു. മാപ്പിളപ്പാട്ട് പാടുന്നവരെ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ഭാഗത്തുനിന്നുമുള്ള സ്ഥിരം മാപ്പിളപ്പാട്ട് ഗായകരല്ലാത്തവരെ വരെ ഭാഗഭാക്കാക്കി. ഗസല്‍ ഗായകരെയുള്‍പ്പെടെ പങ്കെടുപ്പിച്ചു. പട്ടുറുമാലിന്‍െറ ആദ്യവേദിയില്‍ പാടിയ അജയന്‍ ജീവിതത്തിലാദ്യമായി ഒരു മാപ്പിളപ്പാട്ട് വേദിയില്‍ പാടുകയായിരുന്നു. അദ്ദേഹം തന്നെയാണ് ആദ്യത്തേതില്‍ വിജയി.

ആശങ്കകള്‍ അസ്ഥാനത്താക്കി വന്‍ ജനപ്രീതി നേടിയ പട്ടുറുമാല്‍ 500 എപ്പിസോഡ് പിന്നിട്ടപ്പോഴേക്കും രാജ്യത്തും വിദേശത്തും പല മെഗാഷോകളും സംഘടിപ്പിക്കാനായി. 50ല്‍പരം മെഗാ ഇവന്‍റുകള്‍ സംഘടിപ്പിച്ചു. കേരളത്തിലങ്ങോളമിങ്ങോളം നിരവധി ഷോകള്‍ സംഘടിപ്പിച്ചു. മറ്റു ചാനലുകളും ഇത്തരം റിയാലിറ്റി ഷോകള്‍ക്ക് തുടക്കമിട്ടു. മാപ്പിളപ്പാട്ട് ഷോകള്‍ സംഘടിപ്പിക്കപ്പെട്ടു. കര്‍ണാടകസംഗീതം മാത്രം അഭ്യസിച്ചിരുന്ന പതിവ് മാറി കുട്ടികള്‍ മാപ്പിളപ്പാട്ടിനെ അംഗീകരിക്കാന്‍ തുടങ്ങി. മാപ്പിളപ്പാട്ട് ഗായകര്‍ ജനപ്രീതി നേടി. അവരുടെ പ്രതിഫലം വര്‍ധിച്ചു. ജനപ്രിയ ഗായകര്‍ സ്റ്റേജ് ഷോകളില്‍ മാപ്പിളപ്പാട്ട് പാടാന്‍ തുടങ്ങി. പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്കും സാമ്പത്തികമായി വളര്‍ച്ചയുണ്ടായി. മാപ്പിളപ്പാട്ടിനെ കേരളത്തിലെ മറ്റു ജനപ്രിയ കലാരൂപങ്ങള്‍ക്കൊപ്പമത്തെിക്കുന്നതില്‍ ഈ റിയാലിറ്റി ഷോ നിര്‍ണായക പങ്കുവഹിച്ചു.

പതിനാലാം രാവുദിക്കുന്നു
പട്ടുറുമാലിന്‍െറ പ്രൊഡ്യൂസറായ ജ്യോതി വെള്ളല്ലൂരും വിധികര്‍ത്താക്കളായിരുന്ന ഗായിക രഹ്നയും ഫൈസല്‍ എളേറ്റിലും പിന്നീട് മീഡിയവണിലാരംഭിച്ച പതിനാലാം രാവിന്‍െറ ഭാഗമായി. പട്ടുറുമാല്‍ 600 എപ്പിസോഡ് പിന്നിട്ട ശേഷമായിരുന്നു ഇത്. പതിനാലാം രാവ് ഇപ്പോള്‍ 400ഓളം എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുന്നു. പതിനാലാം രാവ് ഇരുനൂറോളം എപ്പിസോഡുകള്‍ കഴിഞ്ഞപ്പോഴേക്കും മറ്റു ചാനലുകളിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകള്‍ അവസാനിപ്പിച്ചു. പക്ഷേ, പട്ടുറുമാലും പതിനാലാം രാവും ഇപ്പോഴും തുടരുന്നു. സാധാരണ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താക്കള്‍ ഇടക്കിടെ മാറിവരാറാണ് പതിവ്. പ്രൊഡ്യൂസറും മാറിവരാറുണ്ട്.

എന്നാല്‍, 1000 എപ്പിസോഡുകള്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഭാഗമായി തുടരാനായി എന്ന അപൂര്‍വ റെക്കോഡാണ് രഹ്നക്കും ഫൈസല്‍ എളേറ്റിലിനും ജ്യോതി വെള്ളല്ലൂരിനും കൈമുതലായുള്ളത്. ജോണ്‍സണ്‍ മാഷുള്‍പ്പെടെ സംഗീതസംവിധായകരെയും വിധു പ്രതാപ്, ജാസി ഗിഫ്റ്റ് തുടങ്ങി ഗായകരെയും പാനലില്‍ കൊണ്ടുവരാനായത് സിനിമക്കാര്‍ ശ്രദ്ധിക്കാന്‍ കാരണമായി. പാട്ടെഴുത്തുകാരെയെല്ലാം എപ്പിസോഡുകളില്‍ കൊണ്ടുവന്നു. എം.എന്‍. കാരശ്ശേരിയുള്‍പ്പെടെ സാഹിത്യകാരന്മാര്‍ വരെ വന്നു. ഓരോ സീസണിലും പുതുമകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമായിരുന്നെന്ന് ജ്യോതി വെള്ളല്ലൂര്‍ പറയുന്നു. ഒരു പുതിയ പാട്ട് ഓരോ എപ്പിസോഡിലും അവതരിപ്പിക്കും. കാമ്പസ് കേന്ദ്രമാക്കിയും ജില്ല കേന്ദ്രമാക്കിയും പരിപാടികള്‍ ചെയ്തു. ഓരോ എപ്പിസോഡിലും അവതരിപ്പിച്ച പുതിയ പാട്ടുകള്‍ കോര്‍ത്തിണക്കി 60 പാട്ടുകളുടെ സീഡി ഇറക്കിയതില്‍ ജി. വേണുഗോപാല്‍, സുജാത ഒക്കെ പാടിയിട്ടുണ്ട്. പുതുമകള്‍ കൊണ്ടുവന്നതുകൊണ്ടാണ് പരിപാടി ഇപ്പോഴും ജനപ്രിയമായി തുടരുന്നത്.

മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട മരിച്ചുപോയ കലാകാരന്മാരെ ഒട്ടുമുക്കാലും ഈ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന കലാകാരന്മാരെയെല്ലാം ഈ വേദിയില്‍ കൊണ്ടുവരാനായെന്ന് ജ്യോതി അഭിമാനത്തോടെ പറയുന്നു. 2012ല്‍ കേരള സര്‍ക്കാറിന്‍െറ ഏറ്റവും മികച്ച ടെലിവിഷന്‍ ഷോക്കുള്ള പുരസ്കാരം പട്ടുറുമാല്‍ നേടി. പണ്ടൊക്കെ ആര്‍ക്കും എങ്ങനെയും മാപ്പിളപ്പാട്ട് പാടാമെന്ന അവസ്ഥയായിരുന്നു. മുസ്ലിം സമുദായത്തിലായിരുന്നു മാപ്പിളപ്പാട്ടിന് പ്രാധാന്യം. എന്നാല്‍, ഈ റിയാലിറ്റി ഷോകള്‍ക്ക് ശേഷമാണ് ആര്‍ക്കും മാപ്പിളപ്പാട്ട് പാടാമെന്നും സംഗീതത്തിന് കുറച്ചുകൂടി പ്രാധാന്യമുണ്ടെന്നുമായത്. ഒരുപാട് കുട്ടികള്‍ പിന്നെ സിനിമയിലേക്ക് ചേക്കേറി. മാപ്പിളപ്പാട്ട് രംഗത്തെ പ്രഫഷനല്‍ ഗായകരായവരും നിരവധി.

ആലാപനത്തില്‍ നിന്ന് വിധിയെഴുത്തിലേക്ക്
മാപ്പിളപ്പാട്ട് കാസറ്റുകളിലൂടെ സജീവമായ ഗായിക രഹ്നയെ പട്ടുറുമാലിലേക്ക് ക്ഷണിക്കുന്നത് പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂരാണ്. പ്രഫഷനല്‍ ഗായകരെ വെച്ച് തുടങ്ങിയതിനാല്‍ പരിപാടി പേരെടുക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് രഹ്ന. രണ്ടാം സീസണ്‍ തൊട്ടാണ് പുതിയ കുട്ടികളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നത്. ‘‘ദാസേട്ടന്‍, ജോണ്‍സണ്‍ മാഷ്, വിദ്യാധരന്‍മാഷ് തുടങ്ങിയവരെ കണ്ട് പരിചയപ്പെടാന്‍ കഴിഞ്ഞതും മാര്‍ക്കോസേട്ടന്‍, ഫൈസല്‍ മാഷ് തുടങ്ങിയവരോടൊപ്പം വര്‍ക് ചെയ്യാന്‍ പറ്റിയതുമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഭവം’’-രഹ്ന പറയുന്നു. ആളുകളുടെ സ്നേഹം നേടിയെടുക്കാനാവുന്നുവെന്നത് വലിയ കാര്യം. പുതിയ കുട്ടികള്‍ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിക്കുന്നു. രണ്ടു പാട്ട് പാടുമ്പോഴേക്കും പരിപാടികള്‍ കിട്ടുന്നുവെന്നും രഹ്ന പറയുന്നു.

യാദൃച്ഛികമായി ദൃശ്യമാധ്യമത്തിലേക്ക്
വെറുമൊരു സംഗീത റിയാലിറ്റി ഷോ എന്നതിലപ്പുറം മാപ്പിളപ്പാട്ടിന്‍െറ ചരിത്രവും സംസ്കാരവുമൊക്കെ പങ്കുവെക്കുന്ന റിയാലിറ്റി ഷോയായി തുടങ്ങിയതിനാലാവാം പരിപാടി ഏറെ ജനപ്രിയമായത്. ജനങ്ങളുമായി ഏറെ അടുത്തുനില്‍ക്കുന്ന ഒരു കലാരൂപമാണിത്. പരിപാടിയില്‍ മാപ്പിളപ്പാട്ടിന്‍െറ സാമൂഹികവും മതപരവുമായ ചരിത്രത്തെക്കുറിച്ചു പറയേണ്ടത് തന്‍െറ കര്‍ത്തവ്യമായിരുന്നുവെന്ന് ഫൈസല്‍ എളേറ്റില്‍ പറയുന്നു. ‘വി.എം. കുട്ടിമാഷ്, വി.ടി. മുരളി തുടങ്ങി സെലിബ്രിറ്റികള്‍ക്കൊപ്പമാണ് ഇതില്‍ എത്തിപ്പെടുന്നത്. അധ്യാപനവും മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട പഠനങ്ങളുമായി കഴിഞ്ഞിരുന്ന എന്‍െറ ജീവിതത്തില്‍ വഴിത്തിരിവായത് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഭാഗമാകാന്‍ കഴിഞ്ഞതാണ്. തികച്ചും യാദൃച്ഛികമായാണ് റിയാലിറ്റി ഷോയുടെ ഭാഗമായത്. എസ്.എ. ജമീലിനൊപ്പം പരിപാടി കാണാനായി ചെന്നപ്പോള്‍ ഉമ്പായി ഒഴിവായ സാഹചര്യത്തില്‍ അദ്ദേഹത്തിനു പകരമായി എന്നെ പരിഗണിക്കുകയായിരുന്നു.

സംഗീതരംഗത്തെ നിരവധി മഹാന്മാരുമായി ഇടപഴകാനായി. മാപ്പിളപ്പാട്ട് രംഗത്തെ എല്ലാവരുമായും നല്ലബന്ധമായി. ഒരു കാലത്ത് തിളങ്ങിനിന്ന, എന്നാല്‍ ഇപ്പോള്‍ പ്രായംകൊണ്ടോ അവശതകൊണ്ടോ ഒതുങ്ങിക്കഴിയുന്ന കലാകാരന്മാരെക്കുറിച്ച് പരിപാടിയില്‍ പറയുമ്പോള്‍ ലോകത്തിന്‍െറ പല ഭാഗത്തുനിന്നും ആളുകള്‍ അവരെ വിളിക്കും. അത് അവര്‍ക്ക് അംഗീകാരമാകും. ജ്യോതിയുടെ പിന്തുണ വലുതായിരുന്നെന്നും ഫൈസല്‍ പറയുന്നു. പതിനാലാം രാവില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് മാപ്പിളപ്പാട്ടിന്‍െറ ജനകീയതയും സ്വാധീനവും നന്നായി അറിയാം. റിയാലിറ്റി ഷോകളിലൂടെ മാപ്പിളപ്പാട്ട് എന്ന കലാരൂപത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ മൂവരെയും നിരവധി പരിപാടികളില്‍ ആദരിച്ചിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന സ്വീകരണച്ചടങ്ങില്‍ റിഥം കള്‍ചറല്‍ ഫോറം മാപ്പിളകല അക്കാദമി ചെയര്‍മാന്‍ ടി.കെ. ഹംസക്കും ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എരഞ്ഞോളി മൂസക്കുമൊപ്പം രഹ്നയെയും ഫൈസല്‍ എളേറ്റിലിനെയും ജ്യോതി വെള്ളല്ലൂരിനെയും ആദരിക്കുന്നു.

Tags:    
News Summary - mappilapattu reality shows in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT