'കുക്കൂ..കുക്കൂ..'- മണ്ണില്ലാത്തവന്‍റെ കണ്ണീർ ഗീതത്തിന്​ കോടിക്കണക്കിന്​ ഹൃദയങ്ങളുടെ ഏറ്റുപാടൽ

മണ്ണില്ലാത്തവന്‍റെ കണ്ണീര് വീണ് കുതിർന്ന പച്ചമണ്ണിന്‍റെ ചൂര്, പ്രതിഷേധം കത്തിപ്പടരുന്ന വരികൾ, ഒപ്പാരിക്കൊപ്പം തിളച്ചുപൊന്തുന്ന ചടുല താളം...'എൻജോയ് എൻചാമി' അതിർത്തികൾ അപ്രസക്തമാക്കി സ്വീകാര്യതയുടെ കൊടിമുടികളിലേക്ക് കുതിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്ത പോകുന്ന നാല് റീലുകളിൽ ഒരെണ്ണം എന്ന നിലയിൽ പാട്ടിനൊപ്പം ചുണ്ടൊപ്പിച്ചും അഭിനയിച്ചും പാടിയുമെല്ലാം 'അല്ലിമലർക്കൊടി അങ്കതവും ഒട്ടാര ഒട്ടാര സന്ദനവും' നിറഞ്ഞ് തൂവുകയാണ്.

ട്രൻഡ്, വൈറൽ തുടങ്ങിയ കേട്ടു തേഞ്ഞ വാക്കുകൾക്കൊന്നും ഉൾക്കൊള്ളാൻ കഴിയുന്നതിനുമപ്പുറമാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഈ മ്യൂസിക് ആൽബം കൈവരിക്കുന്ന ജനപ്രീതി. 23 ദിവസങ്ങൾകൊണ്ട് 7.4 കോടിയിലേറെ പേരാണ്​ (74,643,521) 'എൻജോയ് എൻചാമി' കണ്ടത്. കുഞ്ഞുങ്ങളും മുതിർന്നവരുമടക്കം പ്രായഭേദമന്യേ എല്ലാവരുടെയും ചുണ്ടുകളിൽ 'കുക്കൂ..കുക്കൂ..' നിറയുന്നു. ആദ്യം നെറ്റി ചുളിച്ച് കേട്ടവർ പിന്നീട് ആസ്വാദനത്തിലേക്കും ഏറ്റുപാടലിലേക്കും നീങ്ങുകയാണ്. നാട്ടുചന്തകളിൽ മുതൽ ഹൈടെക് മാളുകളിൽ വരെയും വാഹനങ്ങളിൽ മുതൽ തെരഞ്ഞെടുപ്പ് പ്രചരണാരവങ്ങളിൽ വരെയും ഈ പാട്ട്​ ഉയർന്ന് കേൾക്കുകയാണ്. ആൽബത്തിന്‍റെ ജനകീയത കൊണ്ടാകാം പാടിയവർക്ക് ആദരവേകി അമുൽ പോസ്റ്ററും പുറത്തിറക്കിക്കഴിഞ്ഞു. നെറ്റ്ഫ്ലിക്സ് ആക​ട്ടെ കൂ..കൂ മെമും. 11 വർഷം മുമ്പിറങ്ങിയ കൊലവെറിയുടെ കാഴ്ചക്കൂട്ടത്തെ കടത്തിവെട്ടും വേഗത്തിലാണ് എൻചാമിയുടെ പടർച്ച.

Full View

തോട്ടം നനഞ്ഞിട്ടും തൊണ്ട നനയാത്തവർ

'റൗഡി ബേബി'യിലൂടെ ശ്ര​ദ്ധേയയായ ധീയും (ധീക്ഷിത വെങ്കിടേശൻ) അറിവും ചേർന്ന് പാടിയഭിനയിച്ച ഗാനം ആയുസ്സ്​​ മുഴുവൻ മണ്ണിൽ പണിയെടുത്ത് നിസ്സഹായരായി തീരുന്ന ഒരു തലമുറയുടെ നാവും മുദ്രാവാക്യവുമാണ്. 'തോട്ടം നനഞ്ഞിട്ടും തൊണ്ട നനയാത്ത' ആയിരക്കണക്കിന് ജീവിതങ്ങളെ അടിയാളപ്പെടുത്തുകയാണ് വരികളിൽ. അറിവ് തന്നെയാണ് പാ​ട്ടെഴുതിയതും.

തമിഴ്​നാട്ടിൽ നിന്ന് ശ്രീലങ്കയിലേക്ക് തോട്ടം പണിക്കായി കൊണ്ട് പോകുകയും നല്ലകാലമെല്ലാം തോട്ടങ്ങളിൽ എല്ലുമുറിയെ പണിയെടുക്കുകയും ആരോഗ്യം നശിക്കു​േമ്പാൾ വെറും കയ്യോടെ മടക്കി അയക്കപ്പെടുകയും ചെയ്യുന്നവരുടെ ദയനീയതയാണ് ആൽബം ചൂണ്ടിക്കാട്ടുന്നത്. ഉപജീവനാർഥമുള്ള ഇത്തരം കുടിയേറ്റം തമിഴ്​നാട്ടിൽ വ്യാപകമായിരുന്നു. കാപ്പി, തേയില, റബ്ബർ തോട്ടങ്ങളിൽ പണിയെടുപ്പിക്കാനാണ് ഇവരെ കൊണ്ടുപോയിരുന്നത്. തുച്​ഛ വേതനത്തിൽ വെയിലും മഴയുമേറ്റ് പണിയെടുക്കുമെങ്കിലും ആജീവനാന്തം പരമദാരിദ്ര്യത്തിൽ കഴിയാനായിരുന്നു ഇവരുടെയെല്ലാം വിധി. ഒരു തുണ്ട് ഭൂമിക്ക് അവകാശമുണ്ടാകില്ല. വാർധക്യത്തോടടുക്കു​േമ്പാൾ തിരികെയെത്തുമെങ്കിലും ഉപജീവനത്തിന് മറ്റ് ജോലികൾക്ക് പോകേണ്ട ഗതികേടിലായിരുന്നു ഇവർ.

ഇത്തരത്തിൽ സിലോണിലേക്ക് കുടിയേറാൻ വിധിക്കപ്പെട്ട സ്വത്തം മുത്തശ്ശിയായ വള്ളിയമ്മയുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളിൽ പേന മുക്കിയാണ് അറിവ് വരികളെഴുതിയിരിക്കുന്നത്. അതുകൊണ്ട് മണ്ണിന്‍റെ മണമുള്ള ഈ വരികളിൽ ആത്മാംശത്തിന്‍റെ തീവ്രതയും വൈകാരികതയുടെ അടരുകളും കൂടി ഉള്ളടങ്ങിയിട്ടുണ്ട്.

5.05 മിനിട്ടാണ്; പക്ഷേ മൂന്ന് മാസം, 200 പേരുടെ അധ്വാനം

സ്വതന്ത്രകലാകാരന്മാരെയും സംഗീത പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതിന് എ.ആർ റഹ്മാന്‍റെ നേതൃത്വത്തിൽ തുടക്കമിട്ട മാജ്ജാ യൂട്യൂബ് ചാനൽവഴി മാർച്ച് ഏഴിനാണ് 'എൻജോയ് എൻചാമി' പുറത്തെത്തുന്നത്. മാജ്ജായുടെ ആദ്യ മ്യൂസിക് ആൽബം കൂടിയായിരുന്നു ഇത്. ലോക്​ഡൗൺ സമയത്ത് അറക്കോണത്തെ വീട്ടിൽ കുടുങ്ങിക്കഴിയു​േമ്പാഴാണ് മാജ്ജായിൽ നിന്നുള്ള വിളി അറിവിനെ തേടിയെത്തുന്നത്. അന്തർദേശീയ തലത്തിലെ 30 സ്വതന്ത്ര കലാകാരന്മാരുടെ പ്രൊജക്​ടുകൾ ലക്ഷ്യമിടുന്ന കൂട്ടത്തിൽ അറിവും ഉണ്ടെന്നായിരുന്നു സന്ദേശം. ധീയും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇരുവർക്കും മൂന്ന് വർഷമായി പരസ്​പരം അറിയാം. ഒന്നിച്ചുള്ള വർക്കിനെക്കുറിച്ച് പലവട്ടം ആലോചിച്ചിരുന്നൈങ്കിലും മാജ്ജായിൽ നിന്നുള്ള വിളി ഇതിനുള്ള ഉത്തമ അവസരമായി കണക്കാക്കുകയായിരുന്നു.

മൂന്ന് മാസമെടുത്ത് 200 പേരുടെ കഠിനാധ്വാനമാണ് 5.05 മിനിട്ട് ദൈർഘ്യമുള്ള ഈ മ്യൂസിക്കൽ ആൽബം. തന്‍റെ മുത്തശ്ശിയുടെ ജീവിത പോരാട്ടങ്ങളെ പാട്ടിൽ ചിത്രീകരിക്കാനായി എന്നതാണ് അറിവിനെ സംബന്ധിച്ച് ഏറ്റവും സ​ന്തോഷകരവും സവിശേഷവുമായ കാര്യം. ഇക്കാര്യം പല അഭിമുഖങ്ങളിലും അറിവ് തുറന്ന് പറഞ്ഞിട്ടുമുണ്ട്. വള്ളിയമ്മ വരികളിൽ മാത്രമല്ല, ഫ്രെയിമുകളിലും ആൽബത്തിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിലോണിൽ നിന്ന് മടങ്ങിയെത്തിയ ശേഷം റെയിൽവേ നിർമ്മാണ തൊഴിലാളിയായും വീട്ടുവേലക്കാരിയുമായെല്ലാം പണിയെടുത്തു. മക്കളുടെ വിദ്യാഭ്യാസത്തിൽ കാര്യമായ ശ്രദ്ധ പുലർത്തി. അറിവിന്‍റെ അമ്മയെ പഠിപ്പിച്ച് അധ്യാപികയാക്കുന്നതിൽ വള്ളിയമ്മ ഒഴുക്കിയ വിയർപ്പുകൾക്കുള്ള കടപ്പാട് കൂടിയാണ് പേരക്കുട്ടിയുടെ ഈ സംഗീതാവിഷ്​കാരം.

എൻജോയ് എന്ന ഇംഗ്ലീഷ് വാക്ക്​ ഉപയോഗിക്കുകയല്ല ചെയ്​തിരിക്കുന്നത്​. എൻ തായ്​ (എന്‍റെ അമ്മ) എന്ന അർഥവും തമിഴിൽ എൻ ജായ്​ എന്ന വാക്കിന്​ ഉണ്ട്​. എൻ ചാമി (എൻ സ്വാമി) എന്നത്​ വാത്സല്യത്തോടെ മുത്തശ്ശിമാർ പേരക്കുട്ടികളെ വിളിക്കുന്നതാണ്​. തോട്ടം തൊഴിലാളികൾ മുതലാളിമാരെ ബഹുമാനത്തോടെയും എൻ സ്വാമി എന്നാണ്​ വിളിച്ചിരുന്നത്​. എന്‍റെ അമ്മയാണ്​ എന്‍റെ ദൈവമെന്ന അറിവിന്‍റെ ആഹ്വാനവും പ്രകൃതിയെ അമ്മയായും ദൈവമായും കാണണമെന്ന വള്ളിയമ്മയുടെ ആഹ്വാനവുമൊക്കെയാണ് 'എൻജോയ് എൻചാമി'


വള്ളിയമ്മയുടെ പേരക്കുട്ടിക്കും ചിലത് പറയാനുണ്ട്

വളക്കൂറുള്ള കറുത്ത മൺതരികൾ വാദ്യങ്ങളുടെ താളത്തിനൊത്ത് ഇളകുന്നതിന്‍റെ ക്ലോസ് ദൃശ്യങ്ങളോടെയാണ് ആൽബം തുടങ്ങുന്നത്. കാടിന്‍റെ സമൃദ്ധിയും നിശ്ശബ്​ദതയും വന്യതയുമെല്ലാം നന്നായി അനുഭവിപ്പിക്കുന്ന ദൃശ്യങ്ങൾ. ഒരു വേള ഹെഡ്ഫോൺ ചെവിയിൽ തിരുകി കണ്ണടച്ചാൽ കാടിന് നടുവിലാണെന്ന പ്രതീതി. കാടിനുള്ളിൽ അറിവും ധീയും ചേർന്ന് പാടുകയാണ് പിന്നീട്. കുടുംബത്തിന്‍റെ ചരിത്രവും കഴിഞ്ഞ കാലവും പാട്ടിലാക്കുന്നതിൽ അറിവിന്‍റെ വീട്ടുകാർക്ക് വലിയ താൽപര്യമില്ലായിരുന്നു. വലിയ മഹത്തരമോ വീരേതിഹാസം നിറഞ്ഞതോ അല്ലാത്തതാണ് കഴിഞ്ഞ കാലം എന്നത് തന്നെയായിരുന്നു കാരണം. എങ്കിലും തന്‍റെ മുത്തശ്ശിയോടൊപ്പം സ്വന്തമായി ഭൂമിയില്ലാതെ വിയർപ്പൊഴുക്കിയ നിരവധി നിസ്സഹായരുടെ ചരിത്രവും വർത്തമാനവും നാടറിയണം എന്ന ദൃഢനിശ്ചയത്തിലേക്ക് അറിവ് എത്തുകയായിരുന്നു.

'വള്ളിയമ്മയുടെ പേരമകന് ചിലത് പറയാനുണ്ട്' (വളളിയമ്മ പേരാണ്ടി സംഗതിയ കേളാണ്ടി..) എന്ന ആമുഖത്തോടെയാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്. മുൻഗാമികളുടെ അതിജീവനപ്പോരാട്ടങ്ങളുടെ വഴികളാണ് പിന്നീട്. ഒത്തൊരുമിച്ച് മുന്നേറാനുള്ള ആഹ്വാനവും 'എൻജോയ്​ എൻചാമി, വാ​ങ്കോ വാ​ങ്കോ ഒന്നാഗി' എന്ന വരികളിലുണ്ട്. ഐക്യപ്പെടലിന്‍റെയും ആഘോഷത്തിന്‍റെയും വരികളാണിവ. വളളിയമ്മ മാത്രമല്ല, ഇത്തരത്തിൽ ശ്രീലങ്കൻ തോട്ടങ്ങളിൽ ജീവിതം ഹോമിച്ചവരുടെ നിരവധി പ്രതിനിധികൾ ആൽബത്തിന്‍റെ അവസാനത്തിൽ നിറയുന്നുണ്ട്. ഈ മുഖങ്ങളിലെ നിഷ്​കളങ്കമായ ചിരികൾക്കപ്പുറം ഫ്രെയിമുകളിൽ ഇവരുടെ നിസ്സഹായത പകർത്തിവെക്കാൻ മറ്റൊരു ദൃശ്യഭാഷക്കും ദൃശ്യബിംബങ്ങൾക്കും ത്രാണിയുണ്ടാകില്ല. തമിഴ്​നാട്​ തിരുവണ്ണാമൈലയിലായിരുന്നു എൻജോയ്​ എൻചാമിയുടെ ഷൂട്ടിങ്.

ലോകത്ത് ഭൂമില്ലാത്ത തൊഴിലാളികൾക്ക് വേണ്ടി ഈ പാട്ട് സമർപ്പിക്കുന്നെന്നാണ്​ സംവിധായകൻ പാ രജ്ഞിത്ത് അഭിപ്രായപ്പെട്ടത്. 'ഈ വർഷത്തിന്‍റെ പാട്ട്' എന്നാണ് നടൻ സിദ്ധാർഥ് കുറിച്ചത്. ദുൽഖർ സൽമാനടക്കം പ്രശംസയുമായി രംഗത്തെത്തിയിരുന്നു. സന്തോഷ് നാരായണനാണ് ആൽബത്തിന്‍റെ നിർമ്മാണം. അമിത് കൃഷ്​ണൻ സംവിധാനവും. സി.എ.എ-എൻ.ആർ.സി പ്രക്ഷോഭകാലത്ത് 'സണ്ട സെയ്​വോം' എന്ന പേരിൽ അറിവ് ചെയ്ത മൂന്ന് മിനിട്ട് തമിഴ് റാപ് ഏറെ ശ്രദ്ധ നേടിയിരുന്നു. രജനികാന്തിന്‍റെ കാലാ (2018) യിലും വിജയുടെ മാസ്റ്ററിലും അറിവ് പാ​ട്ടെഴുതിയിട്ടുണ്ട്.  

Tags:    
News Summary - Enjoy Enjaami-the song of landlessness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.