'മാണിക്യമലരായ പൂവി'യെ പിന്തുണച്ച് മുഖ്യമന്ത്രിയും

തിരുവനന്തപുരം: മാണിക്യമലരായ പൂവി എന്ന ഗാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഗാനത്തിനെതിരെ ഉയർന്നുവന്ന വിവാദങ്ങൾക്ക് പിറകിൽ ഹിന്ദുവർഗീയവാദികളും മുസ്ലീം വര്‍ഗീയയ വാദികളും തമ്മില്‍ ഒത്തുകളിയാണോ എന്ന ആശങ്കയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പങ്കുവെക്കുന്നത്. സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണ് ഗാനത്തോടുള്ള വിമർശനങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു.

അതേസമയം, കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് ദാരുണമായി കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതിരുന്ന പിണറായി വിജയൻ ഇത്തരം ചെറിയ കാര്യങ്ങളിൽ ഇടപെടുന്നുവെന്ന വിമർശനങ്ങളും മുഖ്യമന്ത്രിക്കെതിരെ ചിലർ ഉന്നയിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഒമര്‍ ലുലു സംവിധാനം ചെയ്ത 'അഡാര്‍ ലവ്' എന്ന സിനിമയിലെ 'മാണിക്യമലരായ ബീവി, മാണിക്യമലരായ പൂവി' എന്ന ഗാനവും അതിന്‍റെ ദൃശ്യാവിഷ്കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്‍റെ ശബ്ദത്തില്‍ 1978-ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. 'മാണിക്യമലര്‍' പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.

Full View
Tags:    
News Summary - CM Pinarayi vijayan also supports Manikya malaraya poovi-Music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT