ഇനി ഇത​ു​പോലൊരാൾ ഉണ്ടാവില്ലല്ലോ ബാലൂ.. - രശ്​മി രഞ്​ജൻ

മങ്ങിയ പ്രകാശമുള്ള വേദിയിൽ നിന്നുകൊണ്ട്​ അയാൾ കുഞ്ഞിനെ എന്ന പോലെ തന്റെ വയലിനെ നെഞ്ചോടു ചേർക്കും. പിന്നെ താടി അതിൽ ചേർത്ത് താരാട്ടു മൂളും പോലെ ശ്രുതി ചേർക്കും.

പ്രകാശം പതിയെ തെളിയുമ്പോൾ സദസ്സിൽ സൗമ്യ രാഗങ്ങൾ ഹൃദയം തൊട്ടു പെയ്യും. തന്റെ മാന്ത്രിക വയലിൻ കൊണ്ടു സദസ്സിനെ മോഹവലയത്തിലാക്കും. അതിൽ അലിഞ്ഞു എല്ലാം മറന്നു അവർ
‘എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ.. ’എന്ന് ഏറ്റു പാടും..
‘കാതൽ കൊണ്ടേ കനവിനെ വളർത്തേൻ..’
‘ആരിരാരോ.. ഓ ആരിരോ..’ എന്ന് പാടാൻ പ്രായം മറന്നും, ജാള്യത മറന്നും മത്സരിക്കും. ഓർമചെപ്പിലെ ഓരോ ഗാനങ്ങൾക്കും ഒപ്പം ചുവടു വെക്കും. അതൊരു വല്ലാത്ത ഊർജം നിറഞ്ഞ അന്തരീക്ഷമാകും. വയലിനിൽ സംഗീതത്താൽ മഴവില്ലു തീർത്തു ബാലഭാസ്കർ മാഞ്ഞിരിക്കുന്നു.

എന്തായിരുന്നു ആ സംഗീതത്തെ വേറിട്ട തലത്തിൽ എത്തിക്കുന്നതു എന്ന് ചിന്തിച്ചിട്ടുണ്ട്.
വയലിൻ കൈയിലേന്തുമ്പോൾ ഒരു യോദ്ധാവിനെ പോലെ, ചിലപ്പോൾ ഒരു യോഗിയെ പോലെ അല്ലെങ്കിൽ മാന്ത്രികനെ പോലെ അയാൾ നിങ്ങളുടെ മനസ്സിനെ നിങ്ങളിൽനിന്ന്​ കവർന്നെടുക്കും, കീഴടക്കും. നേർത്ത ആ വയലിൻ സ്വരത്തോട് എല്ലാ ഗൗരവവും, പിരിമുറുക്കവും പിടിവാശികളും ഉപേക്ഷിച്ചു സദസ്സ് വൈകാരികമായി പ്രതികരിക്കും. അത് അദ്​ഭുതമായിരുന്നു. കുന്നക്കുടിയുടെ വയലിൻ കച്ചേരികളിൽ മാത്രം കണ്ടിട്ടുള്ള സംഗീതവും സദസ്സുമായുള്ള ഹൃദയസംവേദനത്തെ ജനപ്രിയമാക്കിയത്​ ബാലഭാസ്കറല്ലാതെ മറ്റാര്?

മുറിവേറ്റ മനസ്സുകൾക്ക് മരുന്നായി മാറുന്ന സംഗീതം ഏറ്റവും ശുദ്ധമായും, ജനപ്രിയ പരിവേഷങ്ങളിലും വയലിനിലൂടെ എത്തിച്ച ബാലഭാസ്കർ തൊട്ടതു മലയാളിയുടെ ഏറ്റവും നനുത്ത ഗൃഹാതുര ഗീതങ്ങളിൽ തന്നെയാണ്​. ചെറു പ്രായത്തിൽ തന്നെ സംഗീതം കൊണ്ട് മത്സരിച്ചും ഇഴചേർന്നും ഇട കലർന്നും നടന്നു തീർത്തതാകട്ടെ ലോകത്തെ പ്രതിഭകൾക്കൊപ്പവും.

ഉള്ള് നൊന്തു മീട്ടിയ വിഷാദ ഗീതങ്ങളെ പോലും പുഞ്ചിരിയോടെ ജീവിതാരവങ്ങൾക്കിടയിലേക്ക് ആഹ്ലാദിക്കാൻ നൽകി കൊണ്ടുള്ള ഒരു കലാകാര​​​െൻറ സ്വയം സമർപ്പിക്കൽ. ജീനിയസ്സുകൾക്ക് മാത്രം സാധ്യമാകുന്ന സിദ്ധി. അതിൽ ബാലഭാസ്കർ എന്ന കലാകാരൻ വിജയിച്ചു വിസ്മയിപ്പിച്ചിട്ടുണ്ട്.

വിഷാദവും പ്രണയവും വിരഹവുമെല്ലാം ഉരുകി വീഴുന്ന നിശബ്ദതയിൽ ആ വയലിൻ നിങ്ങൾക്ക് മാത്രം അറിയാവുന്ന ഭാഷയിൽ കാതോരം പെയ്യും.
ഓർമകളിൽ ഇടറി വീണു ചിലർ ഇരുട്ടിൽ കണ്ണീരണിയും, പുഞ്ചിരിക്കും . മറ്റു ചിലർ മൗനത്തിലേക്ക് ഊളിയിട്ടു നെടുവീർപ്പിടും.

ക്യാമ്പസുകളിലാക​െട്ട ഒരു മിനി തൃശൂർ പൂരം മോഡൽ ഊർജം നിറച്ചു കൊണ്ടാകും വയലിനിലെ ആ സംഗീതപെയ്ത്ത്. പ്രകൃതിയുടെ എല്ലാ ഭാവങ്ങളും വർണങ്ങളും ബാലുവിന്റെ സംഗീതം അനുഭവിപ്പിക്കും. ഓരോ മനുഷ്യാവസ്ഥകളിലും നിറഞ്ഞും തെളിഞ്ഞും പൊലിഞ്ഞും പോകുന്ന സർവ വികാരങ്ങളും ആ നാദത്തിലൂടെ നമ്മെ വന്നു വീണ്ടും തൊടും. അപ്പോൾ ചായങ്ങളും ചമയങ്ങളും മുഖം മൂടികളും അഴിച്ചു വെച്ചു നിഷ്കളങ്കമായ ചേതനയോടെ കേൾവിക്കാരായ ആൾ കൂട്ടം ആ ദേവ സംഗീതത്തിന്റെ ചൈതന്യമേറ്റ്‌ വാങ്ങും.

എന്നിരുന്നാലും, കലയെ കച്ചവടമാക്കുന്നവർക്കെതിരെ തീ പാറും കണ്ണുകളോടെ സംസാരിക്കുന്ന ബാലുവിനെയും പരിചയം ഉണ്ട്. കഠിനമായ പരിശ്രമങ്ങളിലൂടെ, പരിശീലനത്തിലൂടെ സ്​ഫുടം ചെയ്തെടുത്ത സംഗീതമാണ് ആ വിരലുകളിൽ നിന്ന് മിന്നൽ പിണർ പോലെ ചിതറി എത്തിയിരുന്നത്​ എന്ന് അറിയുന്നവർക്ക് ആ കലാകാരനിലെ നിലപാടുകളോട് വിയോജിക്കാനാവും എന്ന് കരുതുന്നില്ല. കലയെ കച്ചവടമാക്കുന്ന കാലത്ത് ത​​​െൻറ വയലിനെ തനിക്കു ഈശ്വരനെ പോലെ പേടിയാണ്​ എന്ന് ബാലു പറഞ്ഞതും മറ്റൊന്നും കൊണ്ടാവില്ല.

ബാലു ക്യാമ്പസ് കലോത്സവ കാലം തൊട്ടുള്ള കുസൃതി കൂട്ട് ആണ്. കോളേജ് ഹാർട്ട്‌ ത്രോബ്​ ആയിരുന്ന ബാലുവിനെ കുറിച്ച് കണ്ണുകളിൽ തിളക്കത്തോടെ അല്ലാതെ സംസാരിക്കുന്ന പെൺ സുഹൃത്തുക്കൾ അന്ന് കുറവായിരുന്നു എന്ന് ഓർമിക്കുന്നു. ബാലഭാസ്കർ എന്ന യുവസംഗീതകാരൻ പങ്കെടുത്ത യുവജാനോത്സവ വേദികൾ അതിനാൽ തന്നെ എന്നും ആരാധകരാൽ നിറഞ്ഞു തൂവി.

90 കളിൽ യൂണിവേഴ്സിറ്റി കോളേജിന്റ ക്യാമ്പസിൽ സംഗീത വസന്തമായി മാറി ബാലഭാസ്കറും, ജാസി ഗിഫ്റ്റും. കലോത്സവത്തിന് ബാലു പങ്കെടുത്ത ഇനങ്ങൾ പലപ്പോഴും നിലവാരം കൊണ്ട് പ്രൊഫഷണലുകളുടെ പ്രകടനവുമായി വിലയിരുത്തപ്പെട്ടു. ജന്മം കൊണ്ടുതന്നെ സംഗീതം വരമായി കിട്ടിയ ഒരാൾക്കല്ലാതെ വാക്കുകൾ കൂട്ടി ചൊല്ലുന്നതിനു മുമ്പ്​ സംഗീതവും വയലിനും വഴങ്ങുമോ എന്ന് ചോദ്യവും കേട്ടു.
അപര സാമ്യങ്ങളില്ലാത്ത വിധത്തിൽ, ഓരോ വേദിയിലും അതിശയ രാഗങ്ങൾ തീർത്തു അദ്ദേഹം ഹൃദയങ്ങൾ കൈയടക്കുന്നതും കണ്ടു. ബാലുവിന്റെയും ലക്ഷ്മിയുടെയും ഏറെ ഒച്ചപ്പാടുണ്ടാക്കിയ പ്രണയ വിവാഹം അക്കാലത്തു ക്യാമ്പസുകളിലെ മരചുവടുകളിൽ ഉച്ച ചർച്ചകളിൽ ഇടം നേടി.

1997- 98 കാലത്ത് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ ദേശീയ യുവജനോൽസവത്തിന്​ ഒരിക്കൽ ട്രെയിനിൽ ഒന്നിച്ചൊരു യാത്ര പോയി. മൂന്നു ബോഗികളിൽ, കാലിക്കറ്റ്‌, കേരള, മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികൾ. കുസൃതികൂട്ടം, ട്രെയിനിലെ വികൃതികൾ, പാട്ട്​, കളി, പറ്റിക്കൽ, തല്ലു കൂടൽ.. മറക്കാൻ ആവാത്ത യാത്ര. പ്രണയികളുടെ ഇഷ്ട മാസമായ ഫെബ്രുവരിയിൽ. നിലാവിൽ പുതഞ്ഞോടുന്ന ട്രെയിനിൽ നിറഞ്ഞു ഒഴുകിയ ബാലുവിന്റെ വയലിൻ. ഒപ്പം മതി മറന്നു പാടി ഇരുന്ന ഞങ്ങളുടെ പാട്ട് സംഘം . കൈയിൽ കിട്ടിയതെല്ലാം സംഗീത ഉപകരണമാക്കിയ സംഗീത നിശ.

പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ കലോത്സവ വേദിക്ക് പുറത്തു ബാലുവിന്റെ സംഗീതത്തിനു ചുറ്റും ഭാഷഭേദം ഇല്ലാതെ തടിച്ചു കൂടുന്ന പല സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിക്കൂട്ടം അന്ന് ഞങ്ങൾക്ക് ഒരു അഭിമാനക്കാഴ്ചയായിരുന്നു. കലോത്സവത്തിന്റെ ഫൈനൽ ദിവസം ബാലുവിന്റെ ഒരു സംഗീതപരിപാടിക്കായി വേദി തരില്ല എന്ന് സംഘാടകർ വാശി പിടിച്ചു. അന്ന്​, നോർത്ത് ഇന്ത്യൻ ലോബിയുടെ ജാഡകൾക്കെതിരെ പഞ്ചാബ്
യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിനു മുന്നിൽ കുത്തി ഇരുന്ന്​ മൂന്നു സർവകലാശാലകളിലെ വിദ്യാർത്ഥികളും പ്രതിഷേധിച്ച ഓർമ. അപ്പോഴും ചിരി വിടാതെ കൂൾ ആയി ബാലു.

വേദി തരാത്തതിനാൽ ഓഡിറ്റോറിയത്തിനു മുന്നിൽ ‘ഉയിരേ.. ഉയിരേ..’, ‘കണ്ണൈ കലൈ മാനേ...’ പോലുള്ള ഗാനങ്ങൾ ഓപ്പൺ എയറിൽ വായിച്ചായിരുന്നു ബാലുവി​​​െൻറ പ്രതിഷേധം. പിന്നെ ക്ഷണനേരം കൊണ്ട് ഓഡിറ്റോറിയത്തിനുള്ളിലുള്ളതിനെക്കാൾ പുറത്തു ജനകൂട്ടം തിങ്ങിക്കയറി.
പിന്നെ ഒരുപിടി ക്ലാസ്സിക്‌ മാസ്റ്റർ പീസുകൾ. ഒന്നും മിണ്ടാതെ കണ്ണടച്ച്, കാതോർത്ത്, കൈ കോർത്തുനിന്ന്, കാറ്റിൽ ഉലയുന്ന പൂക്കളുടെ കൂട്ടം പോലെ നിരന്നുനിന്നവരുടെ കണ്ണുകളിലെ ആരാധന ഇന്നും ഓർമയുണ്ട്. സംഗീതത്തിന്​ ഭാഷ ഇല്ല എന്ന് ഓർമിപ്പിച്ചു ആ നിഷ്കളങ്കമായ ചിരി.

ഈസ്റ്റ് കോസ്റ്റ് സംഗീത ആൽബങ്ങൾ, സ്വന്തം മ്യൂസിക് ബാൻഡ്​ രൂപീകരിചുള്ള ഫ്യൂഷൻ പരീക്ഷണങ്ങൾ, ചലച്ചിത്ര സംഗീത സംവിധാനം എല്ലാത്തിലും വേറിട്ട ശ്രവണഭാഷ്യമൊരുക്കിയ ബാലു ഗൾഫ് പ്രോഗ്രാമുകളിലും നിറ സാന്നിധ്യമായിരുന്നു. സംഗീതം മാന്യമായ ഉപജീവനം നൽകുന്ന തൊഴിൽ തന്നെ എന്ന് തെളിയിക്കുന്നതായിരുന്നു ആ ദൃഡനിശ്ചയം.

ദുബായ് പരിപാടികൾക്കുള്ള അദ്ദേഹത്തിന്റെ യാത്രകളിൽ വീണ്ടും കണ്ടു മുട്ടിയപ്പോൾ ഒന്നിച്ച്​ ആ ക്യാമ്പസ് കാലം ഓർത്തെടുത്തു. ദുബായ് ഗോൾഡ് എഫ്.എം ന്യൂസിൽ ജോലി ചെയ്യുമ്പോൾ റേഡിയോ ലോഞ്ചിനു സ്റ്റീഫൻ ദേവസ്സിയും ഒന്നിച്ചുള്ള മ്യൂസിക് ഷോക്കു വന്ന നല്ല ചില നന്മ ഓർമകൾ.
ഒന്നിച്ചുള്ള ചില ദുബായ് യാത്രകളിൽ ആ വയലിൻ സൂക്ഷിക്കാൻ ഏൽപിച്ചതോർക്കുന്നു. വിഗ്രഹം കൈയിൽ കിട്ടിയ അവസ്ഥയായിരുന്നു അത്.

ആ വിസ്മയം പിന്നീട് മകൻ അപ്പുവിന്റെ വയലിൻ കമ്പത്തിനു പ്രചോദനമായിട്ടുണ്ട്. അവന്റെ വയലിൻ പഠനത്തിനു പിന്തുണയും, വീഡിയോകൾ കണ്ടു നല്ല മാർഗനിർദേശവുമായി സന്ദേശങ്ങൾ വന്നു. അവനു നല്ലൊരു ടീച്ചറിനെ തപ്പി തരാം. പഠിപ്പിക്കണം, നേരിൽ കാണണം എന്ന് പറഞ്ഞു അവസാനിപ്പിച്ചു ബാലു പോയി.

ജോലി തിരക്കിൽ ദുബായ് പരിപാടികൾക്ക് പലതിനും വന്നിട്ടും, അറിഞ്ഞിട്ടും കാണാൻ പോയില്ല. ഇപ്പോൾ ശബ്ദമില്ലാതെ ചിരിക്കുന്ന ആ മുഖം, ചിരിക്കുമ്പോൾ ചെറുതാകുന്ന ആ കണ്ണുകൾ, പൂക്കൾ സംസാരിക്കും പോലെ വളരെ നേർത്ത സ്വരത്തിൽ ചിരിച്ചുകൊണ്ട് കൈകൾ ഇളക്കി ഉള്ള സംസാരം.. അത് മാത്രം ഉള്ളിൽ.

ഇക്കാലമെല്ലാം പ്രാണനെ പോലെ നെഞ്ചോടു അടക്കിപിടിച്ചുള്ള വയലിൻ വെടിഞ്ഞ്​ തന്റെ കുഞ്ഞു മകൾക്കൊപ്പം ആണ് ബാലുവിന്റെ അന്ത്യയാത്ര.
വേദനകളുടെ ഈ ലോകത്തേക്ക് മടങ്ങി എത്തുന്ന ലക്ഷ്മിയെ ഓർത്തു മാത്രം ആണ് ഇന്ന് ദുഃഖം. അതിജീവിക്കാനുള്ള കരുത്ത് ആ ജീവിതത്തിനു ഉണ്ടാകട്ടെ.

ഉള്ളിൽ കുരുങ്ങി പോയ എന്തോ ഉണ്ട്. അതിജീവിക്കാൻ പറ്റാത്ത എന്തോ ഒന്ന്. ഒപ്പം അപ്പുവിന്റെ വയലിൻ കാണുമ്പോൾ വെറുതെ ഒരു പേടിയും. ഏതു ഉറച്ചു നിൽക്കുന്ന വൻ വൃക്ഷത്തെയും ഉലയ്​ക്കുന്ന, ആ വയലിൻ വേഗത ഇനി ഇല്ല എന്ന് ഓർക്കാൻ വയ്യ. അതുപോലൊന്ന്​ ഇനി ഉണ്ടാവുകയുമില്ല. ആ വിരലുകൾക്ക് കണ്ണീർ ചുംബനം. സുഖമായി ഉറങ്ങൂ ബാലു.

Tags:    
News Summary - BALA BHASKAR-MUSICIAN DIED-memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT