ഏതിനോടേതിനോടുപമിക്കും ഞാന്‍

കവിയും ഗാനരചയിതാവും പത്രപ്രവര്‍ത്തകനും ഒക്കെയായിരുന്ന ചാത്തന്നൂർ മോഹന്‍റെ അകാല നിര്യാണം സുഹൃത്തുക്കളേയും ആരാധകരേയും കടുത്ത ദുഃഖത്തിലാഴ്ത്തി. എന്നാല്‍ ഒരനുജന്‍റെ തീരാനഷ്ടമാണ്‌ മോഹന്‍റെ ദേഹവിയോഗം മൂലം എനിക്കുണ്ടായത്. ആ ഞെട്ടലിന്‍റെ ആഘാതം നിസ്സംഗതയുടെ മരവിപ്പായി എന്നെ മൂടുന്നു. ദശാബ്ദങ്ങളായി കാത്തു സൂക്ഷിച്ച ആ സ്‌നേഹബന്ധം ഓര്‍മ്മയായത് ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ല. ഈയടുത്ത കാലത്തും മദിരാശിയില്‍ സംവിധായകൻ കെ.എസ്‌. സേതുമാധവനെ സന്ദര്‍ശിച്ച ശേഷം വീട്ടില്‍ വന്ന് ഞാനും എന്‍റെ കുടുംബവുമായി മണിക്കൂറുകളോളം ചെലവിട്ട മോഹന്‍ ഇനി വരില്ലെന്നു വിശ്വസിക്കാനാവുന്നില്ല.

മോഹന്‍ ഒരു നല്ല ഗായകന്‍ കൂടിയായിരുന്നുവെന്ന്് അടുത്തിടപഴകിയവരില്‍ എത്ര പേര്‍ മനസ്സിലാക്കിയിരുന്നുവെന്ന് നിശ്ചയമില്ല. എഴുപതുകളുടെ തുടക്കത്തിൽ കൊല്ലത്ത് ഞാന്‍ സ്ഥാപിച്ച പ്രവീണാ മ്യൂസിക് ക്ലബിലെ മുഖ്യഗായകനായിരുന്നു ചാത്തന്നൂർ മോഹന്‍. ചാത്തന്നൂര്‍ മോഹന്‍ എന്ന ഗായകനെ കുറിച്ച് സംഗീതജ്ഞനായ കൊല്ലം ജയചന്ദ്രൻ എന്നോടു പറഞ്ഞപ്പോള്‍ ആ ശബ്ദമൊന്നു കേള്‍ക്കാന്‍ മോഹമായി. എം.എ വിദ്യാർഥിയായിരുന്ന മോഹനെ ഞാനും ജയചന്ദ്രനും ഒരു വൈകുന്നേരം കൊല്ലം എസ്.എന്‍ കോളജിൽ ചെന്ന് കണ്ടു. ക്ലാസ്‌വിട്ട നേരമായിരുന്നു. ഒഴിഞ്ഞ ഒരു ക്ലാസ് മുറിയിലിരുന്ന് മോഹന്‍ പാടി -

'ചന്ദ്രികാചര്‍ച്ചിതമാം രാത്രിയോടോ
ചെമ്പകപ്പൂവനക്കുളിരിനോടോ
ഏതിനോടേതിനോടുപമിക്കും ഞാന്‍
ഏഴഴകുള്ളൊരു ലജ്ജയോടോ...'

'പുത്രകാമേഷ്ടി' എന്ന ചിത്രത്തിനു വേണ്ടി വയലാര്‍ എഴുതി ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം നല്‍കി ബ്രഹ്മാനന്ദന്‍ പാടിയ പാട്ട് മോഹന്‍ പാടിക്കേട്ടപ്പോള്‍ ബ്രഹ്മാനന്ദന്‍ നേരിട്ടു പാടുന്ന അനുഭവമായിരുന്നു എനിക്കുണ്ടായത്! അത്രത്തോളം മധുരവും ഭാവതീവ്രവുമായിരുന്നു ആ ആലാപനശൈലി. മോഹനെ പ്രവീണാ മ്യൂസിക് ക്ലബിന്‍റെ മുഖ്യഗായകനായി തീരുമാനിക്കാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ബ്രഹ്മാനന്ദന്‍റെ പ്രശസ്തങ്ങളായിരുന്നു വേദിയിൽ മോഹന്‍ അധികവും പാടിയിരുന്നത്. (മാനത്തെ കായലിന്‍..., താമരപ്പൂ നാണിച്ചു നിന്‍റെ തങ്കവിഗ്രഹം വിജയിച്ചു..., താരകരൂപിണീ..., മാരിവില്‍ഗോപുര വാതില്‍തുറന്നു...'

പില്‍ക്കാലത്ത് എന്‍റെ മദിരാശി ജീവിതത്തിലെ വൈകുന്നേരങ്ങളില്‍ ബ്രഹ്മാനന്ദനും ഞാനും പതിവായി കോടമ്പാക്കം മുതല്‍ വടപളനി മുരുകന്‍ ക്ഷേത്രം വരെ നീളുന്ന സായാഹ്നസവാരി പതിവായിരുന്നു. സവാരിക്കിടെ ചാത്തന്നൂർ മോഹന്‍റെ ശബ്ദം താങ്കളുടേതുമായി വളരെ സാമ്യമുണ്ടെന്ന് പറഞ്ഞിട്ടുള്ളപ്പോഴൊക്കെ അദ്ദേഹം കൗതുകപൂര്‍വം മോഹനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു.) എന്‍റെ സഹോദരിമാരായ ലതികയും അംബികയുമായിരുന്നു പ്രവീണയിലെ മറ്റു ഗായകര്‍. നാടകരംഗത്ത് പില്‍ക്കാലത്ത് പ്രശസ്തനായ സംഗീത സംവിധായകന്‍ ആലപ്പി വിവേകാനന്ദനും എന്‍റെ സഹോദരന്‍ ജയചന്ദ്രബാബുവും തബല വായിച്ചപ്പോള്‍ മോഹന്‍ സിത്താര, കാളകെട്ടി ജോസ്, രാജുക്കുട്ടന്‍, പാലാ അപ്പച്ചന്‍ തുടങ്ങിയവര്‍ വയലിന്‍ വായിച്ചു. കനകനായിരുന്നു ഗിറ്റാറിസ്റ്റ്. മോഹന്‍ സിത്താര പിന്നീട് ചലച്ചിത്ര സംഗീത സംവിധായകനായി.

സംഗീത സംവിധായകന്‍ കണ്ണൂർ രാജന്‍റെ സഹായിയായി ഞാന്‍ മദിരാശിയില്‍എത്തിയകാലം. നാടകനടനായ സതീഷിന്‍റെ നേതൃത്വത്തിൽ കേരളത്തിലെ വേദികളില്‍ നാടകമവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ മദിരാശിയിൽ തുടങ്ങിയപ്പോൾ ഞാനും അതില്‍ പങ്കാളിയായി. ബിച്ചു തിരുമലയുടേതാണ് 'ദണ്ഡകാരണ്യം' എന്ന നാടകവും അതിലെ ഗാനങ്ങളും. പി.ജി വിശ്വംഭരന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ശ്രീകുമാര്‍ നാടകം സംവിധാനം ചെയ്തു. കണ്ണൂർ രാജന്‍റെ സംഗീതം. ഓര്‍ക്കസ്ട്രയും പശ്ചാത്തല സംഗീതവും ഞാന്‍ ഒരുക്കി. ചാത്തന്നൂര്‍ മോഹനും ലതികയുമായിരുന്നു ഗായകര്‍. ആ നാടകത്തിനു വേണ്ടി ലതിക പാടിയ 'തുഷാര ബിന്ദുക്കളേ...' എന്ന ഗാനം പില്‍ക്കാലത്ത്‌ ഐ.വി ശശിയുടെ 'ആലിംഗനം' എന്ന ചിത്രത്തിലൂടെ എസ്. ജാനകിയുടെ ശബ്ദത്തില്‍ പ്രശസ്തമായി.

നാടകത്തില്‍മോഹനും ലതികയും ചേര്‍ന്നു പാടിയ -
'സാന്ദ്രമായ ചന്ദ്രികയില്‍ സാരസാക്ഷി നിന്‍മടിയില്‍
സകലതും മറന്നുറങ്ങാന്‍സദയം നീ അനുവദിക്കൂ...'

എന്ന ഗാനത്തിന്‍റെ ഈണം പില്‍ക്കാലത്ത് ഐ.വി ശശിയുടെ'അഭിനന്ദനം' എന്ന ചിത്രത്തിനു വേണ്ടി 'പുഷ്പതല്‍പത്തില്‍ നീ വീണുറങ്ങി... എന്ന വരികളിലൂടെ യേശുദാസും ലതികയും ചേര്‍ന്നു പാടി. 'കൊച്ചിന്‍ സംഘമിത്ര' എന്ന പേരില്‍ സതീഷ് തന്‍റെ നാടകസംഘത്തെ വിപുലീകരിച്ചപ്പോള്‍ ചാത്തന്നൂര്‍ മോഹന്‍ സതീഷിന്‍റെ നാടകങ്ങളുടെ ഗാനരചയിതാവായി. ഗാനാലാപന രംഗത്തു നിന്ന് മെല്ലെ പിന്‍വാങ്ങിയ മോഹന്‍ തന്‍റെ രചനാ ലോകത്ത് കൂടുതല്‍ ശ്രദ്ധിക്കാനും നേട്ടങ്ങള്‍ കൊയ്യാനും തുടങ്ങി. കവിയും ഗാനരചയിതാവുമായി മോഹന്‍ വളരുകയായിരുന്നു. കേരളത്തിലെ വിവിധ നാടക സമിതികള്‍ക്കായി നിരവധി ഗാനങ്ങള്‍ മോഹന്‍ രചിച്ചു. രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡും നേടി. താന്‍ രചിച്ച കവിതാ സമാഹാരങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ബിരുദാനന്തര ബിരുദത്തിനു ശേഷം ജേര്‍ണലിസം ഡിപ്ലോമ എടുത്ത മോഹന്‍ 'മലയാളനാട്' വാരികയിലും പിന്നീട് 'കേരളകൗമുദി'യിലും പ്രവര്‍ത്തിച്ച് മികച്ച പത്രപ്രവര്‍ത്തകനായി തിളങ്ങി. കൊല്ലത്ത് 'പ്രഭാത രശ്മി' എന്ന മാസികയില്‍ അസോസിയേറ്റ് എഡിറ്ററായിരിക്കുമ്പോള്‍ മരണം മോഹനെ അനവസരത്തിൽ തട്ടിയെടുത്തത് ഉറ്റവര്‍ക്കെല്ലാം തീരാനഷ്ടമാണുണ്ടാക്കിയത്. ആ സ്ഥാപനത്തിലെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ നാസർ മോഹന്‍റെ അകാല നിര്യാണം വിളിച്ചറിയിച്ചപ്പോള്‍ എനിക്കൊന്നും പ്രതികരിക്കാനായില്ല. വാക്കുകൾ തൊണ്ടയില്‍കുരുങ്ങി. ഒരു തളര്‍ച്ചയോടെ മാത്രമേ ആ വിയോഗം എനിക്കോര്‍ക്കാനാകൂ.

പാടിത്തീരാത്ത, എഴുതിത്തീരാത്ത ചാത്തന്നൂർ മോഹന്‍റെ ഓര്‍മ്മകള്‍ സുമനസ്സുകളില്‍ ഈറന്‍സന്ധ്യ പോലെ പടര്‍ന്നു കിടക്കും. എസ്.എന്‍ കോളജിലെ ഒഴിഞ്ഞ ക്ലാസ് മുറിയിലിരുന്ന് എന്‍റെ മുന്നില്‍ പാടിയ പ്രിയപ്പെട്ട മോഹന്‍റെ പാട്ട് എന്നെ വേട്ടയാടുന്നു... -

ചന്ദ്രികാചര്‍ച്ചിതമാം രാത്രിയോടോ
ചെമ്പകപ്പൂവനക്കുളിരിനോടോ
ഏതിനോടേതിനോടുപമിക്കും ഞാന്‍...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT