കണ്ണീരില്‍ കുതിര്‍ന്ന പ്രണയസംഗീതം

പ്രണയഗാനരചനയില്‍ ഒ.എന്‍.വി.ക്ക് സ്വന്തമായൊരു മേല്‍വിലാസമുണ്ട്. 1952ല്‍ എങ്ങനെ എഴുതിയോ അതേ ലാഘവത്തോടെ (ചുറുചുറുക്കോടെയും)  വിടപറഞ്ഞ 85ാം വയസ്സിലും പ്രേമഗാനം രചിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ പ്രണയഭംഗഗാനങ്ങള്‍ ആ തൂലികയില്‍ നിന്ന് വളരെ അപൂര്‍വമായേ പിറന്നുള്ളു. (വയലാറില്‍ നിന്നും പി.ഭാസ്കരനില്‍ നിന്നും അത്തരം പാട്ടുകള്‍ കൈരളിക്കു ലഭിച്ചത് വളരെ കുറവാണ്). ഒ.എന്‍.വി കാലയവനികക്കുള്ളില്‍ മറഞ്ഞ സാഹചര്യത്തില്‍ നമുക്ക് ആ പാട്ടുകളിലേക്കൊന്നു മനസ്സുപായിച്ചാലോ?
       ‘വചനം’ എന്ന ചിത്രം കണ്ടവര്‍ക്ക് അതിലെ ഒരു ഗാനം മറക്കാനാവില്ല. രചനയും സംഗീതവും(മോഹന്‍ സിതാര) ആലാപനവും (യേശുദാസ്) ഒരുപോലെ മികച്ച പാട്ടാണത്.
             ‘നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി 
              നീയെന്നരികില്‍ നിന്നു!
              കണ്ണുനീര്‍ തുടക്കാതെ ഒന്നും പറയാതെ
              നിന്നു ഞാനുമൊരന്യനെപ്പോല്‍!’
 ഒരുകാലത്ത് പരസ്പരം സ്നേഹിച്ചിരുന്ന നായികാനായകന്മാര്‍. വിധി നിഷ്കരുണം അവരെ  അകറ്റിക്കളഞ്ഞു. ഏറെ നാളുകള്‍ക്കു ശേഷം അവര്‍ കണ്ടുമുട്ടുകയാണ്. ആ പുനസ്സമാഗമമാകട്ടെ ഹൃദയാവര്‍ജ്ജകവും വിഷാദാത്മകവും ആണ്. നീള്‍മിഴി എന്ന ഒറ്റ പ്രയോഗത്തിലൂടെ കവി നായികാസൌന്ദര്യം ഗാനത്തിലേക്ക്  ആവാഹിച്ചു. നീണ്ടമിഴി എന്ന അര്‍ത്ഥത്തില്‍ ആ പ്രയോഗത്തിന് പുതുമയുണ്ടുതാനും. നായികയുടെ നീള്‍മിഴിയില്‍ നീര്‍മണി തുളുമ്പി നില്ക്കുകയാണ്. അത് അടര്‍ന്നു വീഴുന്നില്ല. കവിള്‍ത്തടത്തെ നനയ്ക്കുന്നുമില്ല. ഘനീഭവിച്ച ദു:ഖം എന്നൊക്കെ പറയാറില്ളേ? അതുതന്നെ. തുളുമ്പി എന്ന പ്രയോഗത്തിന് വേറെയും അര്‍ത്ഥമുണ്ട്. വിതുമ്പല്‍ അവള്‍ അടക്കിവെച്ചിരിക്കുകയാണെന്നു സാരം. ആ കണ്ണുനീര്‍ തുടക്കണമെന്ന് അയാള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ, ഒന്നും മൊഴിയാതെ അന്യനെപ്പോലെ നില്ക്കേണ്ടി വന്നു അയാള്‍ക്ക്. ചിത്രകാരനെയും വെല്ലുന്ന വിധത്തില്‍ വരികളാല്‍ ചിത്രം വരയ്ക്കാന്‍ പ്രത്യേകിച്ചൊരു കഴിവുണ്ട് ഈ കവിക്ക്.  
     അയാളുടെ ഉള്ളില്‍ സ്നേഹപ്രവാഹമുണ്ട്. എന്നാല്‍ അതില്‍ നിന്ന് ഒരു തുള്ളിയും വാക്കുകള്‍ പകരാന്‍  സഹായകമായില്ല. പകരം,
                 ‘മാനസഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ച്
                  മാനിനീ! നാമിരുന്നു''

അജ്ഞാതനാണ് ഈ സഹയാത്രികന്‍ എന്നിരിക്കിലും അവളുടെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍  അവന് നന്നായറിയാം. അതിനു കാരണമുണ്ട്. അവരറിയാതെ അവര്‍ എത്രയെത്ര മോഹങ്ങളും നൊമ്പരങ്ങളും കൈമാറി.
     ‘യുദ്ധകാണ്ഡ’ ത്തിലെ,
              ‘ശ്യാമസുന്ദര പുഷ്പമേ എന്‍റെ
               പ്രേമസംഗീതമാണുനീ 
               ധ്യാനലീനമിരിപ്പൂ ഞാന്‍  
               ഗാനമെന്നെ മറക്കുമോ എന്‍റെ 
               ഗാനമെന്നില്‍ മരിക്കുമോ?’ എന്ന ഗാനവും പ്രണയഭംഗത്തിന്‍റെ മൂര്‍ത്തമായ അവസ്ഥയാണ് ആവിഷ്ക്കരിക്കുന്നത്. തുടക്കത്തിലെ ‘ശ്യാമസുന്ദരപുഷ്പമേ’ എന്ന സംബോധന തന്നെ അര്‍ത്ഥവത്താണ്. പ്രേമസംഗീതമായി നായികയെ കാണുന്ന നായകന്‍ ‘എന്‍റെ ഗാനമെന്നെ മറക്കുമോ‘ എന്നും ‘എന്‍റെ ഗാനമെന്നില്‍ മരിക്കുമോ’ എന്നും ആരായുമ്പോള്‍ അവര്‍ തമ്മിലുള്ള അടുപ്പം കൂടുതല്‍ വ്യക്തമാകുന്നു. 

                ‘വേറെയേതോ വിപഞ്ചിയില്‍ പടര്‍
                 ന്നേറുവാനതിന്നാവുമോ?
                 വേദനതന്‍ ശ്രുതി കലര്‍ന്നത്  
                 വേറൊരു രാഗമാകുമോ
                 വേര്‍പെടുമിണപ്പക്ഷിതന്‍ ശോക 
                 വേണുനാദമായ് മാറുമോ?'' 
തന്‍റെ സ്വന്തമായിത്തീരേണ്ട നായിക മറ്റൊരാളുടേതായി  മാറുമ്പോള്‍ ഉള്ളിന്‍റെയുള്ളില്‍ തോന്നുന്ന വ്യാകുലതകളാണ് കവി ആരെയും ആകര്‍ഷിക്കുന്ന മട്ടില്‍ ഈ വരികളില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇവിടെയുള്ള ഓരോ ചോദ്യവും ലക്ഷ്യവേദിയാണ്. ഇങ്ങനെ ആസ്വാദകരെ ഒന്നടങ്കം വശീകരിക്കാന്‍ കഴിവുള്ള കവിയായ ഗാനരചയിതാവാണ് ഒ. എന്‍.വി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.