സ്പൂൺ കൊണ്ട് എന്തെങ്കിലും കോരി കുടിക്കാനൊക്കെ ആ വിറയാർന്ന വിരലുകൾക്ക് ബുദ്ധിമുട്ടായിരിക്കും. പക്ഷേ, കറുപ്പിലും വെളുപ്പിലും നിരയാർന്ന് നിൽക്കുന്ന പിയാനോയുടെ കീബോർഡുകളിൽ അമരുേമ്പാൾ ആ ചുക്കിച്ചുളിഞ്ഞ വിരലുകൾ വിറക്കാറേയില്ല. മാസ്മരിക സംഗീതത്തിന്‍റെ സൗന്ദര്യം മുഴുവൻ ആ വിരലുകളിലേക്ക് 106ാം വയസ്സിലും ആവാഹിച്ചെടുക്കും പാരീസിലെ കോളറ്റ് മേസ്.
പിയാനോയുമായുള്ള കോളറ്റിന്‍റെ ചങ്ങാത്തം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. നാലാം വയസ്സിൽ കർക്കശക്കാരായ മാതാപിതാക്കൾ നൽകിയ ഏകാന്തതയിൽ നിന്ന് സാന്ത്വനമെന്ന നിലക്കാണ് കോളറ്റ് സംഗീതത്തെ കൂട്ടുപിടിച്ചത്. ഇപ്പോൾ 106ാം വയസ്സിൽ ആറാമത്തെ സംഗീത ആൽബം പുറത്തിറക്കാനൊരുങ്ങുകയാണ് ഈ മുത്തശ്ശി. 'സംഗീതം എന്‍റെ ഭക്ഷണമാണ്. എന്‍റെ ആത്മാവിനും ഹൃദയത്തിനും അത് വിരുന്നൊരുക്കുന്നു' -സംഗീതം തന്‍റെ ജീവിതത്തിൽ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പറയുന്നു കോളറ്റ് മേസ്.
1914ൽ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു കോളറ്റിന്‍റെ ജനനം. വീട്ടിൽ തന്നെയായിരുന്നു പഠനം. വളരെ കർക്കശക്കാരിയായിരുന്ന അമ്മയായിരുന്നു അധ്യാപിക. ഒരു കീടനാശിനി കമ്പനിയിൽ മാനേജരായിരുന്നു അച്ഛൻ. ചെറുപ്പത്തിൽ തന്നെ പിയാനോ വായനയിൽ പ്രവീണ്യം നേടാൻ കോളറ്റിനായി. ക്ലാസിക് ഫ്രഞ്ച് കംപോസർമാരായ ഫ്രെഡറിക് ഷോപാൽ, ക്ലോഡ് ഡുബിസി, ജർമ്മൻ സംഗീതജ്ഞനായ റോബർട്ട് ഷൂമൻ എന്നിവരുടെ സഗീതത്തിൽ തൽപരയായിരുന്ന കോളറ്റ് പാരീസിലെ ഇേകാൽനോമാൽ ഡി മ്യൂസികോയിലാണ് പഠിച്ചത്. ഇവിടെ നിന്ന് ഇറങ്ങിയ ശേഷം ചില സംഗീത സ്കൂളുകളിൽ അധ്യാപികയായി ജോലി നോക്കി.
ഈ പ്രായത്തിലും സുഖമായി പിയാനോ വായിക്കാനാകുന്നതിന്‍റെ രഹസ്യവും അവർ പറയുന്നുണ്ട്. യോഗയും വിരൽ കൊണ്ട് ചെയ്യാവുന്ന ജംനാസ്റ്റിക്സും ശീലമാക്കിയത് കൊണ്ടാണ് ഇത് സാധിക്കുന്നത്. 'നിങ്ങളുടെ നാവ് രുചിയുള്ള ഭക്ഷണങ്ങൾ തേടുന്നത് പോലെയാണ് എന്‍റെ വിരലുകൾ പിയാനോയുടെ കീബോർഡിനെ തേടുന്നത്'-അവർ പറയുന്നു.
തന്‍റെ മാതാവ് എല്ലാവർക്കുമൊരു പ്രചോദനമാണെന്ന് മകൻ ഫബ്രിസെ മേസ് ചൂണ്ടിക്കാട്ടുന്നു. 'എന്തിനോടെങ്കിലുമുള്ള അഭിനിവേശം നിങ്ങളിൽ നശിച്ചിട്ടില്ലെങ്കിൽ ഏത് പ്രായത്തിലും നിങ്ങൾക്കത് ചെയ്യാനാകുമെന്നാണ് അമ്മ എപ്പോഴും പറയുന്നത്. അവരുടെ തമാശകൾ, സന്തോഷം, ജീവിതത്തോടുള്ള സ്നേഹം എന്നിവയെല്ലാം ഏതൊരാൾക്കും ഊർജം പകരും'- ഫബ്രിസെ മേസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.