മധുരിക്കുന്ന തണ്ണീർ മത്തൻ ദിനങ്ങൾ

വലിയ അവകാശ വാദങ്ങളില്ലാതെയാണ് നവാഗതനായ ഗിരീഷ്‌ എ.ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ തീയേറ്ററുകളിൽ എത്തിയ ത്. ഒരു സ്‌കൂളും അവിടുത്തെ വിദ്യാര്‍ഥികളുടെ ജീവിതവും പ്രധാന പ്രമേയമാവുന്ന ചിത്രത്തിൻെറ ട്രെയ്‌ലറും ഗാനവും നേ രത്തെ തന്നെ സോഷ്യല്‍മീഡിയയിൽ ഹിറ്റായിരുന്നു. തണ്ണിമത്തൻ രുചിയോടെ പ്രേക്ഷകരെ സ്‌കൂളോര്‍മകളിലേക്ക് ചിത്രം കൂ ട്ടികൊണ്ട് പോകുന്നു.

ജെയ്‌സണ്‍ എന്ന വിദ്യാര്‍ഥിയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഈയടുത്ത കാലത്തായി ഇറങ ്ങിയ വിദ്യാർഥികളുടെ കഥ പറഞ്ഞ ചിത്രങ്ങളേക്കാൾ മികച്ചു നിൽക്കുന്നു ഇൗ തണ്ണീർ മത്തൻ ദിനങ്ങൾ.
റിയലിസ്റ്റിക് മൂഡിലാണ് ആഖ്യാനം. ഭൂരിപക്ഷവും പുതുമുഖ കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത് ചിത്രത്തിന് പുതുമ നൽകുന്നുണ്ട്. കുമ്പളങ്ങിയിലെ ഫ്രാങ്കിയെ പ്രേക്ഷകർ എളുപ്പത്തിലൊന്നും മറന്നിരിക്കുവാൻ സാധ്യതയില്ല. ഫ്രാങ്കിയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന മാത്യു തോമസ് ആണ് ജെയ്സൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ​െജയ്സണ്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെജീവിതത്തിലെ രണ്ടു വര്‍ഷങ്ങളും മൂന്നു ദുഖങ്ങളുമാണ് സിനിമ. സ്കൂളിൽ പുതിയതായി പഠിപ്പിക്കാൻ വന്ന മലയാളം അധ്യാപകൻ രവി പദ്മനാഭൻ,സഹപാഠിയായ കീർത്തിയോട് തോന്നുന്ന പ്രണയം, ജൂനിയർ പയ്യനുമായി നിലനില്ക്കുന്ന വൈരാഗ്യം എന്നിവയാണ് ജെയ്സൻെറ പ്രധാന പ്രശ്നങ്ങൾ.

അരക്ഷിതാവസ്ഥയുള്ള, ആത്മവിശ്വാസക്കുറവുള്ള, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന ജയ്സണെ സംബന്ധിച്ചെടുത്തോളം ഈ മൂന്ന് പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുക എളുപ്പവുമല്ല. എന്നാൽ ജെയ്സൺ തൻെറ മുന്നിലുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറുന്നു. കഥാപാത്രമായി നിറഞ്ഞാടിയ മാത്യുവിന്റെ പ്രകടനം തീർച്ചയായും എടുത്ത് പറയേണ്ടത് തന്നെയാണ്. സിനിമയിൽ വേറിട്ട കഥാപാത്രം ആയിട്ടാണ് വിനീത് ശ്രീനിവാസൻ എത്തിയിരിക്കുന്നത്.

ഒരൊറ്റ കഥയിലൂടെ സ്കൂൾ വിദ്യാർഥികളെ മൊത്തത്തിൽ കയ്യിലെടുക്കാൻ പ്രാപ്തിയുള്ള അധ്യാപകൻ രവി പത്മനാഭനായി തിളങ്ങിയിട്ടുണ്ട് വിനീത്. സ്‌കൂളിലെ പുതിയ അധ്യാപകനായ രവി പത്മനാഭൻ വിദ്യാർത്ഥികൾക്ക് മുമ്പിൽ കയ്യടികൾ നിരന്തരം വാങ്ങി കൂട്ടുമ്പോഴും ജെയ്സനും പ്രേക്ഷകർക്കും ഒരു പോലെ പോലെ അയാൾ തരുന്ന ഒരു ദുരൂഹതയുണ്ട്. അതോടൊപ്പം രവി പദ്മനാഭനോട് കീർത്തിക്ക് ഉള്ള ആരാധന ജെയ്​സന്​ അത്രക്ക് രസകരമായ ഒന്നുമല്ല. അതിൻെറ പേരിൽ രവി സാറുമായി ജെയ്‌സണു സ്വാഭാവികമായ സ്വരച്ചേർച്ച ഉടലെടുക്കുന്നുമുണ്ട്. അത് അവർക്കിടയിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു. രവി പത്മനാഭന് പുറകിലെ ദുരൂഹതയ്ക്ക് ഉത്തരം ലഭിക്കുന്നതോടെ ജെയ്സണെ അലട്ടിയ വലിയ പ്രശ്നം അവസാനിക്കുന്നു.

ഉദാഹരണം സുജാതയിലെ മഞ്ജുവാര്യരുടെ മകളായി തകർത്തഭിനയിച്ച അനശ്വരയാണ് കീർത്തിയെ അവതരിപ്പിക്കുന്നത്. പ്ലസ് ടു വിദ്യാർത്ഥിനിയായി ജയ്സൺന്റ കാമുകിയായി അനശ്വര മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. സർക്കാർ സ്കൂൾ വിദ്യാർത്ഥികളുടെ ഓർമ്മകൾക്ക് എന്നും തണ്ണീർമത്തൻ പോലെ മധുരമൂറുന്ന ഓർമ്മകളുണ്ട്. ആ ഓർമകളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയാണ് ഇവിടെ സംവിധായകൻ ചെയ്തിരിക്കുന്നത്. കൃത്രിമത്വത്തിൻറെ അതിഭാവുകത്വങ്ങൾ ഒന്നും സിനിമയിൽ ഇല്ല. മലയാളികൾ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ സ്കൂൾ ജീവിതം ആണ് സിനിമ വെച്ച് നീട്ടുന്നത്. സ്‌കൂൾ സൗഹൃദങ്ങൾ, യാത്രകൾ, പ്രണയം അങനെ നൊസ്റ്റാൾജിയയുടെ ഒരു സൂപ്പർമാർക്കറ്റ് തന്നെയാണ് ചിത്രം തരുന്നത്. അതോടൊപ്പം ഇർഷാദ്, നിഷ സാരംഗ് തുടങ്ങിയ മറ്റു താരങ്ങളും അവരുടെ വേഷങ്ങൾ മികച്ചതാക്കി എന്ന കാര്യം എടുത്ത് പറയേണ്ടതുണ്ട്.

അള്ളു രാമേന്ദ്രൻ എന്ന സിനിമയിലെ തിരക്കഥാകൃത്തുക്കളിൽ ഒരാളായി സിനിമയിലേക്കെത്തി മൂക്കുത്തി എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധാനരംഗത്ത് ശ്രദ്ധിക്കപ്പെട്ട ഗിരീഷ് എ.ഡി തൻെറ ആദ്യം ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. എ.ഡി.ഗിരീഷും ഡിനോയും ചേർന്ന് ഒരുക്കിയ തിരക്കഥ മികവുറ്റതാണ്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും ഷമീർ മുഹമ്മദും ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിനായി ജോമോൻ ടി ജോണും, വിനോദ് ഇല്ലമ്പള്ളിയുമാണ് ഛായാഗ്രഹണം നിർവഹിച്ചത്.

Tags:    
News Summary - Thaneer mathan dinagal review-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT