ഇന്ത്യന്‍ ദേശീയതക്കുവേണ്ടി ഒരു ഗുസ്തിപിടുത്തം

ദംഗല്‍ എന്നാല്‍ ഗുസ്തിമല്‍സരം എന്ന് അര്‍ഥം. ഗുസ്തിയുടെ പശ്ചാത്തലത്തില്‍ നിതേഷ് തിവാരി സംവിധാനം ചെയ്ത ‘ദംഗല്‍’ സമീപകാല ഇന്ത്യന്‍ സിനിമയിലെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നോട്ടു കുതിക്കുകയാണ്. 70 കോടിക്ക് നിര്‍മിച്ച് 443 കോടിയാണ് ഒരാഴ്ചക്കുള്ളില്‍ ഈ ചിത്രം കൊയ്തെടുത്തിരിക്കുന്നത്. മസാലകള്‍ മാത്രം കുത്തിനിറച്ച ബോളിവുഡ് കച്ചവടപ്പടമല്ല ‘ദംഗല്‍’. കെട്ടുകാഴ്ചകള്‍ക്കായി തിയറ്ററിലത്തെുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒന്നുംതന്നെ ‘ദംഗലി’ല്‍ ഇല്ല. അപ്പോള്‍ ഈ മഹാവിജയത്തിന്‍െറ രഹസ്യമെന്താവാം?

ഒന്ന്, സിനിമയുടെ പൂര്‍ണതക്കുവേണ്ടി എന്തു ത്യാഗവും അനുഷ്ഠിക്കുന്ന താരമാണ് ആമിര്‍ഖാന്‍. മഹാവീര്‍ സിങ് ഭോഗട്ട് എന്ന ഗുസ്തി കോച്ചിന്‍െറ പല പ്രായങ്ങളിലുള്ള വേഷമണിയാന്‍ ആമിര്‍ സ്വന്തം ശരീരത്തില്‍ നടത്തിയ വെട്ടിത്തിരുത്തലുകള്‍. അതേക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍. അവ അതിന്‍െറ പൂര്‍ണതയോടെ സ്ക്രീനില്‍ കാണുമ്പോഴുള്ള വിസ്മയങ്ങള്‍.

രണ്ട്, താഴേക്കിടയില്‍നിന്നും കഠിനാധ്വാനത്തിലൂടെ വളര്‍ന്ന് വിജയം നേടുന്നവരെക്കുറിച്ചുള്ള ഏത് ജനപ്രിയ ആഖ്യാനത്തിനും കിട്ടുന്ന വിപുലമായ സ്വീകാര്യത. ജീവിത വിജയപ്പുസ്തകങ്ങള്‍ക്ക് ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണ്. മോട്ടിവേഷന്‍ സ്വഭാവമുള്ള സിനിമകള്‍ക്കും. ഫീല്‍ഗുഡ് സിനിമകളെക്കൊണ്ട് മലയാളം പോലും പൊറുതിമുട്ടിയിരിക്കുകയാണല്ളോ. ഇത് കോമണ്‍വെല്‍ത്ത് ഗെയിംസിലും ലണ്ടന്‍ ഒളിമ്പിക്സിലും മല്‍സരിച്ച് മെഡലുകള്‍ നേടിയ ഗീതയുടെയും ബബിതയുടെയും യഥാര്‍ഥ ജീവിതകഥ കൂടിയാണ്. അസ്ഹറുദ്ദീന്‍, എം.എസ് ധോണി, മേരികോം എന്നിവരുടെ സ്പോര്‍ട്സ് ബയോപികുകളേക്കാള്‍ നാടകീയതക്ക് സാധ്യതയുള്ള മുഹൂര്‍ത്തങ്ങള്‍ ഈ കഥയില്‍ ഉണ്ട്.

മൂന്ന്, കായിക ഇനങ്ങളുടെ പേരില്‍ ഇന്ത്യന്‍ ദേശീയതയെ വളര്‍ത്തുന്ന സിനിമകള്‍ നേരത്തെ വിജയം കണ്ടിട്ടുണ്ട്. ലഗാന്‍, ചക് ദേ ഇന്ത്യ, ഭാഗ് മില്‍ഖാ ഭാഗ് പോലുള്ള സിനിമകള്‍. അക്കൂട്ടത്തില്‍ പെടുന്നു ദംഗലും. പോരാത്തതിന് മേമ്പൊടിക്ക് ദേശീയഗാനവുമുണ്ട്. പശ്ചാത്തല സംഗീതമായിട്ടുപോലും വര്‍ധിച്ച ദേശീയബോധം കാരണം കാണികള്‍ എഴുന്നേറ്റുനില്‍ക്കുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മല്‍സരത്തെ ഒരു കളിയായി കാണാതെ ഇന്ത്യാ-പാക് യുദ്ധമായി കാണുന്ന ക്രിക്കറ്റ് ദേശീയതയുടെ മറ്റൊരു പകര്‍പ്പാണ് കായിക ഇനത്തിന്‍െറ പേരിലുള്ള ഈ ദേശീയത.

നാല്, പെണ്‍കുട്ടികളാണ് ഇതില്‍ ഗുസ്തിമല്‍സരത്തില്‍ ഏര്‍പ്പെടുന്നത്. അതില്‍ ഒരു കൗതുകമുണ്ട്. ഒപ്പം തന്നെ സ്ത്രീശാക്തീകരണത്തിന്‍െറ സന്ദേശം ഉള്‍ക്കൊള്ളുന്ന ചിത്രമെന്ന പ്രചാരണവും ചിത്രത്തെ സഹായിച്ചു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ചിത്രത്തെ വിനോദ നികുതിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. പെണ്‍ഭ്രൂണഹത്യ തടയാനുള്ള ബേട്ടി ബച്ചാവോ പോലുള്ള സര്‍ക്കാര്‍പദ്ധതികളുടെ പ്രചാരണത്തിന് ഈ പടം ഉതകുമെന്ന് ഒൗദ്യോഗികതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.  തന്‍െറ സ്വപ്നത്തിനുവേണ്ടി പെണ്‍കുട്ടികളെ ഒരുക്കിയെടുക്കുന്ന പിതാവ് പ്രത്യക്ഷത്തില്‍ പുരുഷാധിപത്യമൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നുവെങ്കിലും ലിംഗവിവേചനത്തിനെതിരായ ശരി അതിലുള്ളതിനാല്‍ അയാളുടെ നീക്കങ്ങള്‍ ന്യായീകരിക്കപ്പെടുന്നു. ആണ്‍കോയ്മയെ ലെജിറ്റിമൈസ് ചെയ്യുന്ന തന്ത്രപരമായ ഉള്ളടക്കം ചിത്രത്തില്‍ ഉണ്ട്. ക്രിക്കറ്റര്‍ ആവുക എന്ന അച്ഛന്‍െറ പൂവണിയാത്ത സ്വപ്നം മകനെക്കൊണ്ട് സാധിപ്പിക്കുന്ന 1983 എന്ന മലയാളസിനിമയുടെ വേറൊരു പതിപ്പാണിത്.

അഞ്ച്, നിതേഷ് തിവാരിയുടെ കൈയൊതുക്കമുള്ള സംവിധാനം. ചില്ലാര്‍ പാര്‍ട്ടിയും ഭൂതനാഥ് റിട്ടേണ്‍സുമൊക്കെ എടുത്ത നിതേഷ് ഒരുപാട് മുന്നോട്ടുപോയിരിക്കുന്നു എന്നു തെളിയിക്കുന്ന ചിത്രം. ആമിര്‍ഖാനും സൈറ വസീമും ഫാത്തിമ സന ശൈഖും സന്യയും സുഹാനിയും ഗിരീഷ് കുല്‍ക്കര്‍ണിയും ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മലയാളത്തില്‍ തന്മാത്ര, ദി മെട്രോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച സേതു ശ്രീരാമം പടത്തിന് ദൃശ്യമികവ് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബോളിവുഡിന്‍െറ മുഖ്യധാരയില്‍ മറ്റേതു ചിത്രത്തേക്കാളും ഇതിന് കിട്ടിയ മുന്‍തൂക്കവും ഒരു കാരണമാവാം. ഏത് ആമിര്‍ഖാന്‍ ചിത്രവും ആവശ്യത്തിനുള്ള ഗൃഹപാഠം ചെയ്തു പുറത്തിറങ്ങുന്നത് ആയതിനാല്‍ അങ്ങനെയുള്ള പ്രതീക്ഷകളും ചിത്രത്തെ വാണിജ്യപരമായി തുണച്ചു.


കോടികള്‍ കൊയ്തുകൊണ്ടുള്ള മുന്നേറ്റത്തിനു പിന്നില്‍ ഇത്രയുമാവാം കാരണങ്ങള്‍. ഇതിലടങ്ങിയിരിക്കുന്ന ദേശീയത, സ്ത്രീശാക്തീകരണം, എന്നീ ചേരുവകളെ പുതിയ ദേശീയ സാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍ ചില ചിത്രങ്ങള്‍ കൂടി തെളിഞ്ഞുകിട്ടും. ദേശം എന്നത് പ്രകൃതിദത്തമോ പാരമ്പര്യമായി കിട്ടുന്നതോ സ്വാഭാവികമായി ഉരുവം കൊള്ളുന്ന ഒന്നോ അല്ല. മറിച്ച് അത് ഭാവനയിലൂടെ നിര്മിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന ഒന്നാണ്.  പവിത്രവും പാവനവുമായി കരുതപ്പെടുകയും നിയമനിര്‍മാണത്തിലൂടെ കര്‍ശനമാക്കപ്പെടുകയും ചെയ്യന്ന ദേശീയഗാനം, രാഷ്ട്രഭാഷ, പതാക തുടങ്ങിയ ദേശീയ ചിഹ്നങ്ങള്‍ ഈ ദേശീയതാ നിര്‍മിതിയുടെ ഭാഗമാണ്.  ഭൗമശാസ്ത്രപരമായ ദേശാതിര്‍ത്തികള്‍ അലംഘനീയമാവുകയും അതിന്‍െറ സംരക്ഷണം പൗരന്മാരുടെ വൈകാരികതയുടെ ഭാഗമാവുകയും ചെയ്യുന്നു. രാഷ്ട്രഭാഷ എന്ന ദേശീയതാ ചിഹ്നത്തില്‍ നിര്‍മിക്കപ്പെടുന്ന സിനിമകളിലാണ് ആമിര്‍ഖാന്‍ അഭിനയിക്കുന്നത്. അതിനാല്‍്, പ്രാഥമികമായ ദേശീയത ഹിന്ദിസിനിമകളുടെ ശബ്ദപഥത്തില്‍ തന്നെ സൃഷ്ടിക്കപ്പെടുന്നു.

ലഗാന്‍, രംഗ് ദേ ബസന്തി, മംഗള്‍ പാണ്ഡേ, പി.കെ എന്നീ സിനിമകളിലൂടെ ആമിര്‍ഖാന്‍ ഇന്ത്യന്‍ ദേശീയഭാവനയെ വികസിപ്പിക്കുകയായിരുന്നു. മംഗള്‍പാണ്ഡെ ദി റൈസിങ്, ലഗാന്‍, രംഗ് ദേ ബസന്തി എന്നീ ചിത്രങ്ങള്‍ കൊളോണിയല്‍ വിരുദ്ധ ദേശീയാഖ്യാനങ്ങളെന്ന നിലയില്‍ ഇന്ത്യയുടെ അധമബോധത്തെ കുടഞ്ഞെറിഞ്ഞപ്പോള്‍ ‘പി.കെ’ രാഷ്ട്രശരീരത്തെ ഗ്രസിച്ച മതാത്മകതയുടെ ആഭ്യന്തര വൈരുധ്യങ്ങളെ തുറന്നുകാട്ടുകയായിരുന്നു. ആ ഗണത്തിലേക്കാണ് ദംഗലും കടന്നു ചെല്ലുന്നത്. ഒരു കായിക ഇനത്തെ ദേശീയതാ നിര്‍മിതിയുടെ ഭാഗമാക്കുകയാണ് അദ്ദേഹം. അതിലടങ്ങിയിരിക്കുന്ന അപകടം സങ്കുചിത ദേശീയതക്ക് അത് വിത്തുപാകുന്നുവെന്നതാണ്. കായിക ഇനത്തിനെ അതിന്‍േറതായ തലത്തില്‍ വേണം കാണാന്‍. അത് ക്രിക്കറ്റായാലും ഗുസ്തിയായാലും. അതില്‍ രാജ്യസ്നേഹം കലര്‍ത്താന്‍ പാടില്ല. കളിക്കാരുടെ രാജ്യം നമ്മെ അടക്കിഭരിച്ച ബ്രിട്ടനായാലും നമ്മെ ആക്രമിക്കുന്ന പാക്കിസ്ഥാനായാലും നല്ല ടീമാണെങ്കില്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്നതാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്നു പറയുന്നത്. ഇന്ത്യ മോശമായി കളിച്ച കളിയില്‍ ഇന്ത്യയെ പിന്താങ്ങുന്നവര്‍ കളി ആസ്വാദകരല്ല, രാജ്യസ്നേഹികള്‍ മാത്രമാണ്. ഇവിടെ മഹാവീറിന്‍െറ ആഗ്രഹം മകള്‍ രാജ്യത്തിനുവേണ്ടി സ്വര്‍ണം നേടണമെന്നാണ്. നല്ലത്. പക്ഷേ ദേശീയഗാനം സിനിമാപ്രേക്ഷകരില്‍ അടിച്ചേല്‍പ്പിക്കുന്ന കാലത്ത് ദേശീയഗാനത്തിന്‍െറ പശ്ചാത്തല സംഗീതത്തോടെ ഒരു സിനിമ വരുമ്പോള്‍ അത് ഇന്ത്യന്‍ വലതുപക്ഷത്തിന് നല്‍കുന്ന സാംസ്കാരികമായ ഊര്‍ജം കുറച്ചൊന്നുമല്ല.

 

പെണ്ണിന് പറഞ്ഞിട്ടുള്ള കളിയല്ല ഗുസ്തി എന്ന പതിവു ധാരണയെ പൊളിച്ചുകൊണ്ടാണ് ഗീതയും ബബിതയും ഈ രംഗത്തേക്കുവരുന്നത്. ലിംഗപരമായ വാര്‍പ്പുമാതൃകകളെയാണ് അവര്‍ തകര്‍ത്തുകളയുന്നത്. അടുക്കളയും പ്രസവിക്കലും കുട്ടികളെ വളര്‍ത്തലുമാണ് പെണ്ണിന്‍െറ പണിയെന്ന പൊതുധാരണയെ പടം മറിച്ചിടുന്നുണ്ട്. ആ അര്‍ഥത്തില്‍ സിനിമ ലിംഗവിവേചനത്തിന് എതിരെ സംസാരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇത് ഒരു സ്ത്രീപക്ഷ സിനിമയാണ് എന്നു കാണാം. പക്ഷേ അതേ സിനിമയില്‍തന്നെ പെണ്‍കുട്ടികളെ അവരുടെ ഇച്ഛക്ക് വിരുദ്ധമായി വളര്‍ത്തുന്ന അച്ഛനെയും കാണാം. അത് ഇന്ത്യന്‍ പുരുഷാധിപത്യത്തിന്‍െറ നായകരൂപമാണ്. ആമിറിന്‍െറ ഈ പുരുഷനാണ് ഹീറോ. അയാളെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം വികസിക്കുന്നത്.

സ്വന്തം സ്വപ്നം സാക്ഷാത്കരിക്കാന്‍ അയാള്‍ തന്‍െറ പെണ്‍മക്കളെ ഇരയാക്കുകയാണ്. അവരുടെ ഏജന്‍സിയെ അയാള്‍ നിഷേധിക്കുന്നു. ‘അച്ഛാ, നിങ്ങള്‍ ഞങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്’ എന്ന പാട്ടുമുണ്ട് പടത്തില്‍. പക്ഷേ കൗമാരക്കാരിയായ തങ്ങളുടെ കൂട്ടുകാരി വിവാഹിതയാവുമ്പോഴാണ് അവര്‍ ഗുസ്തിക്കാരാവാന്‍ സ്വയം തീരുമാനമെടുക്കുന്നത്. തങ്ങളിലെ പെണ്ണത്തത്തെ കുടഞ്ഞെറിയാന്‍ അവര്‍ തീരുമാനിക്കുന്നത് ശമ്പളമില്ലാത്ത അടുക്കളക്കാരിയും പ്രസവിച്ചുകൂട്ടുന്ന യന്ത്രവുമാവാന്‍ താല്‍പര്യമില്ളെന്ന് കാണിക്കാനാണ്. ഇതേ കാര്യം തന്നെ മഹാവീറും പറയുന്നുണ്ട്. നിങ്ങള്‍ ജയിക്കുമ്പോള്‍ നിങ്ങളെപ്പോലെയുള്ള പെണ്‍കുട്ടികളാണ് ജയിക്കുന്നത് എന്ന്. അവിടെ പുരുഷന്‍െറ സ്ത്രീ സ്വാതന്ത്ര്യവീക്ഷണം കൂടിയാവുന്നു ദംഗല്‍. പുരുഷന്‍െറ രക്ഷാകര്‍തൃത്വത്തിലൂടെയുള്ള സ്ത്രീശാക്തീകരണം.

കായികതാരങ്ങളുടെ ജീവിതം പറയുന്ന സ്പോര്‍ട്സ് ബയോപിക്കുകള്‍ പലതും സിനിമക്കു വേണ്ടി പൊടിപ്പും തൊങ്ങലും ചേര്‍ക്കാറുണ്ട്. ദംഗലും അതില്‍നിന്ന് വിട്ടു നില്‍ക്കുന്നില്ല. 2010ലെ ന്യുഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്‍െറ ഫൈനലില്‍ നാഷനല്‍ കോച്ച് പി.ആര്‍ കദാം മഹാവീര്‍ സിങിനെ ഒരു മുറിയില്‍ പൂട്ടിയിടുന്നതായി കാണിക്കുന്നുണ്ട്. അന്നത്തെ ഇന്ത്യന്‍ കോച്ച് പി. ആര്‍ സോന്ധി ഇതിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നു. തന്‍െറ അച്ഛനെ ആരും പൂട്ടിയിട്ടിരുന്നില്ളെന്ന് ഗീത തന്നെ പറഞ്ഞിട്ടുണ്ട്. ഗെയിംസില്‍ പങ്കെടുക്കാന്‍ അച്ഛന് എന്‍ട്രി പാസ് നല്‍കിയില്ളെന്നു മാത്രമാണ് ഗീതയുടെ ആരോപണം. മകള്‍ സ്വര്‍ണം നേടുന്നത് പിതാവ് കണ്ടിരുന്നുവെന്ന് മഹാവീറിന്‍െറ ജീവചരിത്രത്തില്‍ പറയുന്നുമുണ്ട്. 

അന്താരാഷ്ട്രതലത്തിലെ ഗീതയുടെ പ്രകടനം മോശമാവാനുള്ള കാരണം കോച്ച് ആണെന്നും സിനിമ പറയുന്നുണ്ട്.  അതേ കോച്ചിന്‍െറ കീഴില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട് ഗീത. മഹാവീറിന്‍െറ ത്യാഗങ്ങളും സഹനങ്ങളും അധ്വാനവും പെരുപ്പിച്ചുകാട്ടാന്‍ കോച്ചുകളെ തരംതാഴ്ത്തണോ? സ്പോര്‍ട്സ് ബയോപിക് ആവുമ്പോള്‍ എന്തെങ്കിലും കള്ളം പറയണമെന്നു നിര്‍ബന്ധമുണ്ടോ? അസ്ഹറുദ്ദീന്‍െറ കഥ പറയുന്ന സിനിമ അദ്ദേഹത്തിന്‍െറ കരിയറിലെ കരിനിഴലുകളെക്കുറിച്ചും പാപങ്ങളെക്കുറിച്ചും മിണ്ടുന്നില്ല. എം.എസ് ധോനിയുടെയും മേരികോമിന്‍െറയും ജീവിതകഥയിലുമുണ്ട് വസ്തുതകളുടെ വളച്ചൊടിക്കല്‍. മില്‍ഖാസിങിന്‍െറ കഥ പറയുന്ന ചിത്രത്തില്‍ വിഭജനകാലത്ത് മില്‍ഖ ഒരു കുട്ടിയാണ്. വാസ്തവത്തില്‍ അപ്പോള്‍ അദ്ദേഹത്തിന് പതിനേഴോ പതിനെട്ടോ വയസ്സ് പ്രായം വരും. മില്‍ഖാസിങ് പാകിസ്താനിലെ തന്‍െറ ഗ്രാമം സന്ദര്‍ശിക്കുന്നുണ്ട് സിനിമയില്‍. പക്ഷേ നാളിതുവരെ മില്‍ഖ തന്‍െറ പിറന്ന നാട് വീണ്ടും കാണാന്‍ പോയിട്ടില്ളെന്നതാണ് വാസ്തവം.

 

 

 

 

 

 

Tags:    
News Summary - dangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT