മയക്കുമരുന്നിനെതിരെ ഒരു സോദ്ദേശ്യ സിനിമ

പഞ്ചാബില്‍ തഴച്ചു വളരുന്ന മയക്കുമരുന്നു മാഫിയയെ തുറന്നുകാട്ടുന്ന ‘ഉഡ്താ പഞ്ചാബ്’ സമീപകാലത്ത് ഏറ്റവും വലിയ വിവാദത്തിനു തിരികൊളുത്തിയ സിനിമയാണ്. 89 കട്ടുകള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നിര്‍മാതാക്കളിലൊരാളായ അനുരാഗ് കശ്യപ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹലാനിക്ക് എതിരെ രംഗത്തുവന്നു. പഞ്ചാബിനെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും പിന്‍വലിക്കണമെന്ന വിചിത്രമായ ആവശ്യമാണ് നിഹലാനി ഉയര്‍ത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം സിനിമകള്‍ വിവേകരഹിതമായി സെന്‍സര്‍ ചെയ്ത ചരിത്രമുണ്ട് നിഹലാനിക്ക്. നിഹലാനിയെ ഏകാധിപതിയെന്നു വിശേഷിപ്പിച്ച അനുരാഗ് കശ്യപ് ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഒരൊറ്റ സീന്‍ മാത്രമേ കോടതി വെട്ടിമാറ്റാന്‍ നിര്‍ദേശിച്ചുള്ളൂ. നായകന്‍ ആള്‍ക്കൂട്ടത്തിനു നേരെ തിരിഞ്ഞു നിന്ന് മൂത്രമൊഴിക്കുന്ന സീന്‍. ആ രംഗം അനാവശ്യമെന്നു വിധിച്ച കോടതി പറഞ്ഞത് സെന്‍സര്‍ ബോര്‍ഡിന്‍റെ പണി വെട്ടിമാറ്റലല്ല, റേറ്റിങ് നടത്തി സര്‍ട്ടിഫിക്കറ്റ് കൊടുക്കലാണ് എന്നാണ്. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ വിജയമാണ്.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗജേന്ദ്ര ചൗഹാന്‍ എന്ന മൂന്നാംകിട നടനെ ചെയര്‍മാനാക്കിയതു പോലുള്ള നിയമനമായിരുന്നു പഹ് ലജ് നിഹലാനിയുടേത്. അനുരാഗ് കാശ്യപ് പറഞ്ഞതുപോലെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കാനുള്ള ബൗദ്ധികമായ യോഗ്യത നിഹലാനിക്കില്ല. മോദിയാണ് തന്‍റെ ആക്ഷന്‍ ഹീറോ എന്നു തുറന്നു പറഞ്ഞ നിഹലാനിയെ കേന്ദ്രസര്‍ക്കാറിന്‍റെ പിണിയാള്‍ എന്നാണ് മുകേഷ് ഭട്ട് വിശേഷിപ്പിച്ചത്. മോദിക്കുവേണ്ടി മേരാ ദേശ് മഹാന്‍ എന്ന മ്യൂസിക് വീഡിയോ നിര്‍മിച്ച മഹാനാണ്. നിഹലാനിക്ക് ‘ഉഡ്താ പഞ്ചാബി’നെതിരെ കലിപ്പുവരാന്‍ കാരണമൊന്നേയുള്ളൂ. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ബി.ജെ.പി-ശിരോമണി അകാലിദള്‍ സഖ്യമാണ് പഞ്ചാബ് ഭരിച്ചു കൊണ്ടിരിക്കുന്നത്. മയക്കുമരുന്നു മാഫിയയെ പ്രകാശ് സിങ് ബാദല്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ സഹായിക്കുന്നുണ്ടെന്ന് വ്യാപകമായ ആരോപണമുയര്‍ന്നിരുന്നു. അടുത്ത ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സംസ്ഥാനത്തെ മയക്കുമരുന്നിന്‍റെ വിളനിലമായി ചിത്രീകരിക്കുന്ന സിനിമ തങ്ങളുടെ സഖ്യത്തിന്‍റെ പ്രതിച്ഛായ നശിപ്പിക്കുമെന്ന് ബി.ജെ.പി കരുതി.

ഈ പ്രശ്നമാണ് മുഖ്യ തെരഞ്ഞെടുപ്പു വിഷയമായി ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. 70 ശതമാനം പഞ്ചാബി യുവാക്കളും മയക്കുമരുന്നിന് അടിമയാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഇതേകാര്യം ഊന്നിപ്പറയുന്ന സിനിമക്ക് എതിരെ നിഹലാനി നിലകൊണ്ടതില്‍ അദ്ഭുതമില്ല. (ഒരു പെണ്ണായ താന്‍ ഡ്രഗ് മാഫിയക്കെതിരെ ഇറങ്ങിത്തിരിക്കണോ എന്ന ഡോ. പ്രീതി സാഹ്നിയുടെ (കരീന കപൂര്‍) ചോദ്യത്തിന് പഞ്ചാബിലെ ആണുങ്ങളെല്ലാം മയക്കുമരുന്നടിച്ച് കിറുങ്ങി നടക്കുകയാണ് എന്നാണ് സുഹൃത്തായ എ.എസ്.ഐ സര്‍താജ് സിങിന്‍റെ മറുപടി). ആംആദ്മി പാര്‍ട്ടിയാണ് പടത്തിന് പണമിറക്കിയത് എന്ന വിലകുറഞ്ഞ ആരോപണമുന്നയിച്ച് നിഹലാനി തനി രാഷ്ട്രീയക്കാരനായി. സാമൂഹിക യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടുന്ന സിനിമയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയാന്‍ ശ്രമിച്ച നിഹലാനിയുടെ ഫാഷിസ്റ്റ് പ്രവണതക്ക് ഏറ്റ ശക്തമായ തിരിച്ചടിയായിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്ന ബോംബെ ഹൈകോടതിയുടെ വിധി.

ഈ സിനിമ പറയുന്നത് ഒരു കല്‍പ്പിതകഥയല്ല. അത് പഞ്ചാബിന്‍റെ നടുക്കുന്ന സമകാലിക യാഥാര്‍ഥ്യമാണ്. 700 കോടിയുടെ ഡ്രഗ് റാക്കറ്റാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ബാദല്‍ കുടുംബത്തിലെ അംഗമായ റവന്യുമന്ത്രി ബിക്രംസിങിന് ഇതില്‍ പങ്കുള്ളതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ബി.ജെ.പിയുടെയും അകാലിദളിന്‍റെയും പല നേതാക്കളുടെയും ഒത്താശയോടെയാണ് ഈ മാഫിയ സംസ്ഥാനത്ത് അജയ്യരായി വാഴുന്നത്. ജയിലിലെ എഴുപതു ശതമാനം അന്തേവാസികളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് അകത്തായവരാണ്.

വിഭജനത്തില്‍ നെടുകെ പിളര്‍ന്നത് പഞ്ചാബ് ആയിരുന്നു. അതുകൊണ്ടുതന്നെ വിഭജനത്തിന്‍െറ മുറിവുകള്‍ നേരിട്ട് ഏറ്റുവാങ്ങിയവരായിരുന്നു പഞ്ചാബികള്‍. എഴുപതുകളിലെ ഹരിതവിപ്ലവം പഞ്ചാബിനെ അടിമുടി മാറ്റിമറിച്ചു. വിശന്നുവലഞ്ഞ ഇന്ത്യയുടെ അക്ഷയപാത്രമായി പഞ്ചാബ് മാറി. കാര്‍ഷിക ഉല്‍പാദനത്തോടെ സംസ്ഥാനം അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ തങ്ങള്‍ക്ക് സ്വന്തമായി ഒരു രാജ്യമായി നിലനില്‍ക്കാമെന്ന വ്യാമോഹത്തിന്‍റെ പുറത്ത് സിഖ് മതമൗലികവാദം തലപൊക്കി. അതിനുള്ള പണവും അധികാരവും തങ്ങള്‍ക്കുണ്ടെന്നു ധരിച്ച അവര്‍ ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ ഖലിസ്ഥാന്‍ എന്ന സിഖ് രാഷ്ട്രത്തിനായി ആഭ്യന്തര കലാപം നയിച്ചു. നിരവധി പേരെ കൂട്ടക്കൊല ചെയ്തു. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാറും വിഘടനവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളും ഓപറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന സൈനിക നടപടിയും സംസ്ഥാനത്തെ കലുഷിതമാക്കി. കെ.പി.എസ് ഗില്‍ ഡി.ജി.പിയായിരുന്ന കാലത്താണ് ഭീകരവാദം അമര്‍ച്ച ചെയ്യുന്നത്. ദശകങ്ങള്‍ നീണ്ട ഭീകരവാദത്തിനും അരക്ഷിതാവസ്ഥക്കും ശേഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ തകിടംമറിഞ്ഞു. അതോടെ മയക്കുമരുന്നു മാഫിയ പിടിമുറുക്കി. പഞ്ചാബി യൗവനത്തിന്‍റെ സിരകളില്‍ ഹെറോയിനും കൊക്കൈനും കത്തിപ്പടര്‍ന്നു. തൊഴിലില്ലായ്മയും മയക്കുമരുന്നിന്‍റെ അനായാസ ലഭ്യതയും അതിന് ആക്കംകൂട്ടി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്‍റെയും ഹിന്ദുക്കളെയും സിഖുകാരെയും ഭിന്നിപ്പിച്ച ഖലിസ്ഥാന്‍ തീവ്രവാദത്തിന്‍റെയും നാളുകള്‍ക്കുശേഷം പഞ്ചാബിലെ അമ്മമാര്‍, കൈവിട്ടുപോയ മക്കളെയോര്‍ത്ത് തലതല്ലിക്കരയുന്നത് ഇപ്പോള്‍ മയക്കുമരുന്നു കാരണമാണ്.

ഇനി സിനിമയിലേക്കു വരാം. ‘ഉഡ്താ പഞ്ചാബ്’ മയക്കുമരുന്നിനെതിരായ സന്ദേശം പകരുന്ന സോദ്ദേശ്യ സിനിമയാണ്. ഒരു നാട്ടിലെ യൗവനത്തെ കവര്‍ന്നെടുത്ത് നിര്‍വീര്യമാക്കുന്ന മാഫിയയുടെ ഭീകരതാണ്ഡവത്തെ നാലഞ്ച് കഥാപാത്രങ്ങളിലൂടെ സിനിമ കാട്ടിത്തരുന്നു. കൈകാര്യം ചെയ്യുന്ന പ്രമേയം ഉച്ചത്തില്‍ വിളിച്ചു പറയുകയാണ് ഈ സിനിമ. അതുകൊണ്ടു തന്നെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ക്ക് ഡോക്യുമെന്‍ററി വിവരണത്തിന്‍റെ സ്വഭാവമുണ്ട്. ഇങ്ങനെപോയാല്‍ പഞ്ചാബ് ഇന്ത്യയുടെ മെക്സിക്കോ ആവുമെന്ന് ഒരു കഥാപാത്രം പറയുന്നു. മയക്കുമരുന്ന് വിളയുന്ന പഞ്ചാബില്‍ ഇപ്പോള്‍ നടക്കുന്നത് രണ്ടാം ഹരിത വിപ്ലവമാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നര്‍മരസത്തില്‍ അഭിപ്രായപ്പെടുന്നു. മെഡിക്കല്‍ സ്റ്റോറുകളില്‍ 50 രൂപക്ക് കിട്ടുന്ന മയക്കുമരുന്നിനെപ്പറ്റിയും രാഷ്ട്രീയ നേതാക്കളും ഡ്രഗ് മാഫിയയും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തെപ്പറ്റിയും കരീനയുടെ ഡോ. പ്രീതി സാഹ്നി വാചാലയാവുന്നു. സംഭാഷണങ്ങളും പാട്ടുകളും ഏറെയും പഞ്ചാബിയില്‍ ആണ്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് സബ്ടൈറ്റിലോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

സ്വപ്ന സ്വര്‍ഗങ്ങളില്‍ രമിച്ചു നടന്നിരുന്ന ബോളിവുഡിന്‍റെ ഭാവന സാമൂഹിക യാഥാര്‍ഥ്യങ്ങളിലേക്കു തിരിയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചേ ആയിട്ടുള്ളൂ. അതിനു തുടക്കമിട്ട അനുരാഗ് കശ്യപിന് ഈ ചിത്രത്തില്‍ സഹനിര്‍മാതാവിന്‍െറ റോള്‍ ആണ്. ഒരു റോക്-പോപ് താരത്തിന്‍റെ കഥപറയുമ്പോഴും അതില്‍ തന്നെ ഷാഹിദ് കപൂറും കരീന കപൂറുമൊക്കെ മുഖ്യ വേഷങ്ങളിലത്തെുമ്പോഴും ഇത് ഒരു ടിപ്പിക്കല്‍ ബോളിവുഡ് ഡ്രാമയാവുന്നില്ല എന്നിടത്താണ് സംവിധായകന്‍ അഭിഷേക് ചൗബേയുടെ വിജയം. അനുരാഗ് കശ്യപും വിശാല്‍ ഭരദ്വാജും ദിബാകര്‍ ബാനര്‍ജിയും ശ്രീരാം രാഘവനുമൊക്കെ പ്രതിനിധാനം ചെയ്യുന്ന ബോളിവുഡ് ഡാര്‍ക് സിനിമയുടെ പാതയില്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെയും വഴിനടപ്പ്. അത് നയനാനന്ദകരമായ കാഴ്ചകളില്‍ അഭിരമിക്കുന്നില്ല. ഷാഹിദും കരീനയും ആലിയ ഭട്ടും ബോളിവുഡിന്‍റെ എല്ലാ സൗന്ദര്യങ്ങളും കുടഞ്ഞെറിഞ്ഞ് വെറും കഥാപാത്രങ്ങള്‍ മാത്രമാവുന്നു. ചായംതേച്ച രൂപങ്ങളായി അവര്‍ നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നില്ല. ആടുകയും പാടുകയും ചെയ്യുന്നില്ല. ചിത്രത്തിലെ നായകന്‍ മയക്കുമരുന്നിനെതിരെയോ അഴിമതിക്കെതിരെയോ ഒറ്റയാള്‍ പോരാട്ടം നടത്തുന്നില്ല. ഷാഹിദും ആലിയ ഭട്ടും തമ്മിലും ദില്‍ജിത്തും കരീന കപൂറും തമ്മിലും പ്രണയവും പാട്ടുമൊക്കെയുണ്ടാവാനുള്ള പഴുതുകള്‍ കഥയിലുണ്ടായിരുന്നിട്ടും ആ ജനപ്രിയച്ചേരുവകളെ ഉള്‍ച്ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് സംവിധായകന്‍.

മലയാളത്തില്‍ വന്ന ഇടുക്കി ഗോള്‍ഡ്, കിളിപോയി, ഹണിബീ, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങള്‍ കഞ്ചാവിനെയും മയക്കുമരുന്നിനെയും അവാച്യമായ അനുഭൂതി പകരുന്ന എന്തോ ഒന്നായാണ് ചിത്രീകരിച്ചത്. എന്നാല്‍, ഒരു സീനില്‍ പോലും മയക്കുമരുന്നിനെ ഉദാത്തവത്കരിച്ചു ചിത്രീകരിക്കാന്‍ അഭിഷേക് തയാറാവുന്നില്ല. മനസ്സിനെ മയക്കി വിഭ്രാമകമായ ലോകത്തിലേക്കു നയിക്കുന്ന മാരക മരുന്നിന്‍റെ വിചിത്ര കല്‍പ്പനകളെ ദൃശ്യഭംഗിക്കുവേണ്ടി പോലും സംവിധായകന്‍ അവതരിപ്പിക്കുന്നില്ല. തന്‍റെ പാട്ടുകള്‍ പഞ്ചാബിലെ യുവതലമുറയെ വഴിതെറ്റിച്ചുവെന്ന് ടോമി സിങ് എന്ന പോപ്/റോക്ക് ഗായകന്‍ ജയിലില്‍ നിന്ന് തിരിച്ചറിയുന്നുണ്ട്. പിന്നീട് ലഹരിമുക്തി നേടിയതിനുശേഷം അരങ്ങിലെത്തുമ്പോള്‍ അയാള്‍ കാഴ്ചക്കാരോടു പറയുന്നത് ഇങ്ങനെയാണ്: ‘ഞാന്‍ മയക്കുമരുന്നിനെപ്പറ്റി വര്‍ണിച്ചു പാടി; നിങ്ങളത് നിങ്ങളുടെ ഫിലോസഫിയാക്കി. എന്നേക്കാള്‍ വലിയ പരാജിതര്‍ നിങ്ങളാണ്.’ മരമണ്ടന്‍ എന്നര്‍ഥമുള്ള ഫുദ്ദു എന്ന പദം തലമുടി ക്രോപ് ചെയ്ത് എഴുതി അയാള്‍ സദസ്യരെ കാട്ടുന്നുമുണ്ട്.

മൂന്നു സമാന്തര കഥകളുടെ സ്വാഭാവികമായ സമന്വയം നടക്കുന്ന വിധമാണ് സുദീപ് ശര്‍മയും അഭിഷേക് ചൗബെയും ചേര്‍ന്ന് ചിത്രത്തിന്‍െറ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഒന്നാമത്തെ കഥയില്‍ ഷാഹിദ് കപൂര്‍ അവതരിപ്പിക്കുന്ന ടോമി സിങ് ഒരു പഞ്ചാബി ഡി.ജെയാണ്. ലഹരിയെ ഉദാത്തവത്കരിക്കുന്ന പാട്ടുകള്‍ പാടി യുവഹൃദയങ്ങള്‍ കീഴടക്കിയ ഗായകന്‍. മയക്കുമരുന്നു കൈവശംവെച്ചതിന്‍റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ എത്തുമ്പോഴാണ് തന്‍െറ സംഗീതം ലഹരിയിലേക്കുള്ള വഴിയായി യുവജനത സ്വീകരിക്കുന്നുണ്ടെന്ന് അയാള്‍ തിരിച്ചറിയുന്നത്. അടുത്ത പരിപാടിയില്‍ അയാള്‍ തന്‍റെ തെറ്റുകള്‍ ഏറ്റുപറയുന്നുണ്ടെങ്കിലും ആള്‍ക്കൂട്ടം അയാളെ കൂവിയോടിക്കുകയാണ്. രണ്ടാമത്തെ ഉപകഥയില്‍ ആലിയ ഭട്ട് അവതരിപ്പിക്കുന്ന ബിഹാറില്‍ നിന്നുള്ള കുടിയേറ്റക്കാരിയാണ് നായിക.

പാക് അതിര്‍ത്തിയില്‍ നിന്നും ഒളിച്ചുകടത്താന്‍ വലിച്ചെറിയുന്ന ഒരു കോടി രൂപ വിലയുള്ള മയക്കുമരുന്ന് പാക്കറ്റ് അവള്‍ക്കു കിട്ടുന്നു. അത് പക്ഷേ അവളുടെ ജീവിതം കീഴ്മേല്‍ മറിക്കുകയാണ്. അതു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മാഫിയ അവളെ വേട്ടയാടുന്നു. അവള്‍ അവരുടെ ലൈംഗിക അടിമയായി മാറുന്നു. അവിടെ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അവള്‍ എത്തിപ്പെടുന്നത് സ്റ്റേജ് പരിപാടിയില്‍ നിന്നും ഓടി രക്ഷപ്പെടുന്ന ടോമി സിങിന്‍െറ അടുത്താണ്. മൂന്നാമത്തെ കഥയില്‍ സര്‍താജ് സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മുഖ്യകഥാപാത്രം. പഞ്ചാബിലേക്ക് മയക്കുമരുന്നു കടത്താന്‍ സഹായിക്കുന്ന പൊലീസുകാരില്‍പെട്ട അയാള്‍ അതിന്‍െറ ഭവിഷ്യത്തുകള്‍ തിരിച്ചറിയുന്നത് തന്‍െറ അനുജന്‍ അമിതമായ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതോടെയാണ്. പുനരധിവാസ കേന്ദ്രം നടത്തുന്ന ഡോ. പ്രീതിയോടാപ്പം ഈ മാഫിയയെ തുറന്നുകാട്ടാന്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അയാള്‍. ഈ മൂന്നു കഥകളിലെയും കഥാപാത്രങ്ങള്‍ പലയിടങ്ങളിലായി കൂട്ടിയിണക്കപ്പെടുന്നു.

ലഹരിയുടെ ഉന്മാദഭരിതമായ ചലനങ്ങളിലൂടെ ടോമി സിങിനെ അവതരിപ്പിച്ച ഷാഹിദ് കപൂറും ഹോക്കി കളിക്കാരിയായി വളരാനുള്ള കായിക മികവുണ്ടായിരുന്നിട്ടും മയക്കുമരുന്നു മാഫിയയുടെ ലൈംഗിക അടിമയായി മാറേണ്ടിവന്ന ബിഹാറി പെണ്‍കുട്ടിയെ അവതരിപ്പിച്ച ആലിയ ഭട്ടും തങ്ങളുടെ വേഷം മികവുറ്റതാക്കി. പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദൊസാന്‍ജിന്‍റെ സര്‍താജ് സിങിനെയും മറക്കാനാവില്ല. രാജീവ് രവിയുടെ കാമറ ഈ ഇരുണ്ട സിനിമയുടെ ദുരന്തമയമായ അനുഭവാന്തരീക്ഷം നിലനിര്‍ത്തുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT