ത്രില്ലടിപ്പിക്കും; ട്വിസ്റ്റില്‍ വഴുതി പുതിയ നിയമം

നയന്‍താര എന്ന നടിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമികവ് കൊണ്ട് ശ്രദ്ധേയമാണ് എ.കെ സാജന്‍ സംവിധാനം ചെയ്ത 'പുതിയ നിയമം'. രണ്ടുമണിക്കൂറുകൊണ്ട് വരിഞ്ഞുമുറുക്കി കൊണ്ടുവന്ന തിരക്കഥ ഒടുവില്‍ 'ദൃശ്യം' അനുകരിക്കാന്‍ നടത്തിയ ശ്രമത്തില്‍ പാളിപ്പോയി എന്നത് മാത്രമാണ് ചിത്രത്തിന്‍്റെ നെഗറ്റീവ്. കഥകളിപ്പദത്തിന്‍്റെ പശ്ചാത്തലത്തോടെ മുഴക്കമുള്ള ടോണുകളില്‍ ടൈറ്റില്‍സ് എഴുതി തുടങ്ങിയപ്പോഴേ ഒരു ക്ളാസ് ത്രില്ലര്‍ തന്നെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, സ്റ്റോപ്പ് വയലന്‍സ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എ.കെ സാജന്‍ നായകനെ ഗസ്റ്റ് പോലെ നാമമാത്രമായി ഒതുക്കി അസാമാന്യ കൈയ്യടക്കത്തോടെയും ഏകാഗ്രതയോടെയും നായികയുടെ പക്ഷത്ത് നിന്ന് പുതിയ നിയമത്തെ രണ്ടാം പാതിയിലേക്ക് കൊണ്ടുപോവുന്നത് കണ്ട് തിയേറ്ററില്‍ തരിച്ചിരുന്നു പ്രേക്ഷകര്‍. എന്നാല്‍ കൈ്ളമാക്സിലെ ട്വിസ്റ്റ് രസച്ചരട് പൊട്ടിച്ചു. നയന്‍താരയുടെ പകരം വെക്കാനില്ലാത്ത അര്‍പ്പണബുദ്ധിയോടെയുള്ള പ്രകടനം കൊണ്ട് ഈ സിനിമ വളരെക്കാലം മലയാളികള്‍ ഓര്‍മ്മയില്‍ കാത്തുവെക്കും. 

മാസങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായ ചിത്രത്തിന് മറ്റാരോ നല്‍കിയ ശബ്ദത്തില്‍ തൃപ്തയാവാതെ നയന്‍താര തന്നെ സ്വയം ഡബ് ചെയ്യാന്‍ എടുത്ത സമയം കൊണ്ടാണ് വൈകിയത്തെിയത് എന്ന് കേട്ടിരുന്നു. വാസുകി അയ്യര്‍ എന്ന ആയമ്മയുടെ കഥാപാത്രത്തിന് സംഭാഷണം എങ്ങനെ വേണമെന്ന അവരുടെ തീരുമാനം പോലും ശരിയാണെന്ന് ചിത്രം കാണുമ്പോള്‍ അനുഭവിച്ചറിയാനാവുന്നുണ്ട്. ഇക്കഴിഞ്ഞ ഐ.എഫ്.എഫ്.കെയില്‍ കണ്ട 'പൗളീന' എന്ന അര്‍ജന്‍്റീനിയന്‍ സിനിമയും കൂട്ടമാനഭംഗത്തിനിരയായ സ്ത്രീയുടെ മാനസികപീഡനങ്ങള്‍ വളരെ ഗംഭീരമായി ചര്‍ച്ച ചെയ്തിരുന്നു.

പൗളീനയില്‍ നിന്നും വേറിട്ടൊരു വഴിയിലൂടെയാണ് സാജന്‍ സിനിമയെയും വാസുകിയെയും കൊണ്ടുപോവുന്നത്. സമാനവിഷയമുള്ള മറ്റേതൊരു സിനിമയെക്കാളും ഒരു പടി മുന്നില്‍ ഈ സിനിമയെ എത്തിക്കാന്‍ സാജന് സഹായകരമാവുന്നത് നയന്‍താര എന്ന ഏക ഘടകമാണ്. നായികയുടെ ഭര്‍ത്താവ് മാത്രമായി പോവുന്ന ലൂയീസ് പോത്തന്‍ എന്ന കഥാപാത്രത്തിന് ചിത്രത്തില്‍ പ്രാധാന്യം വളരെ കുറവാണ്. വാസുകിയോടോ നയന്‍ താരയോടോ ഒരിക്കല്‍ പോലും മുട്ടി നില്‍ക്കാവുന്ന ഒരു ഒരു ക്യാരക്റ്ററാവാന്‍ ലൂയീസ് പോത്തന് കഴിയാത്തതിനാലാവാം അന്ത്യത്തില്‍ പെട്ടെന്നുള്ള കീഴ്മേല്‍ മറിച്ചില്‍ ദഹിക്കാതെ പോകുന്നത്. 

മമ്മുട്ടിയുടെ മുപ്പതുകാരനായ ഗെറ്റപ്പ് നന്നായിട്ടുണ്ട്. അത്  താരത്തിന്‍്റെ ഫാന്‍സ് യൂണിയന്‍ കാരെ തൃപ്തിപ്പെടുത്തുന്നുണ്ടെന്ന് തിയേറ്ററുകളിലെ കൈയ്യടിയില്‍ നിന്ന് മനസിലാക്കാം. എന്നാല്‍ ഡബിള്‍ മീനിംഗ്, ന്യൂ ജെന്‍, അശ്ളീല സംഭാഷണങ്ങളൊന്നും തിയേറ്ററില്‍ നനഞ്ഞ പടക്കത്തിന്‍്റെ സ്മെല്ല് പോലും ഉണ്ടാക്കുന്നില്ല. ഈ കോമഡിയൊക്കെ ശ്രീനിവാസന്‍ പറഞ്ഞാ നിങ്ങള് ചിരിക്കും എന്ന പോത്തന്‍്റെ ആത്മഗതവും 'നമ്മളും ഈയിടെയായി കോമഡിയിലൊക്കെ കൈ വച്ചിട്ടുണ്ടെ'ന്ന മമ്മുട്ടിയുടെ സെല്‍ഫ് ട്രോളും ഒന്നും തന്നെ ഒട്ടും കലങ്ങാതെ കിടക്കുന്നുവെന്ന് പറയാതെ വയ്യ. ഗോപീസുന്ദറിന്‍്റെ പശ്ചാത്തല സംഗീതമാണ് പടത്തിന്‍്റെ ഒരു പ്രധാന നട്ടെല്ല്.

ഒടുവിലത്തെുമ്പോള്‍ ഗോപിയും നിസ്സഹായനായി പോവും. വഴിയെ പോണ എസ്.എന്‍ സ്വാമിയെ പിടിച്ച് തന്‍്റെ വീര സാഹസിക കൃത്യങ്ങള്‍ നായകന്‍ വിശദീകരിക്കുമ്പോള്‍ എന്ത് പശ്ചാത്തലസംഗീതം കൊടുത്തിട്ടെന്ത് കാര്യം. രചന നാരായണന്‍ കുട്ടിയാണ് പുതിയ നിയമത്തില്‍ ഉടനീളമുള്ള ഒരു താരം. ലൂയീസ് പോത്തന്‍്റെ സൗന്ദര്യത്തില്‍ മയങ്ങി വീണ് അയാളുടെ ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് പോലും കാമപരവശയായി 'പ്രപ്പോസ്'  ചെയ്ത് നടക്കുന്ന അയല്‍ക്കാരിയുടെ റോള്‍ ആണവര്‍ക്ക്. കൊള്ളാം. ഇത്തരത്തില്‍ ഉള്ള രണ്ടുമൂന്ന് സ്ത്രീ കഥാപാത്രങ്ങളെ കൂടി അയല്‍പക്കത്ത് താമസിപ്പിക്കാഞ്ഞതും കാജള്‍ അഗര്‍വാളോ തമന്ന ഭാട്ടിയയയോ ചെയ്യേണ്ടിയിരുന്ന റോളില്‍ രചനയെ പരിഗണിച്ചതും 'എടുത്ത്' പറയേണ്ടതുണ്ട്. 

അജു വര്‍ഗീസിനെ പോസ്റ്ററില്‍ തലവെക്കാനായി മാത്രം കൊണ്ടുവന്നതാണെന്ന് ചിത്രം കണ്ടപ്പോഴാണ് മനസിലായത്. എ.സി.പി ആയി വന്ന ഷീലു എന്ന നടി അപ്പിയറന്‍സ് കൊണ്ട് പൊളിച്ചടുക്കുന്നുമുണ്ട്. വിവേക് ഹര്‍ഷന്‍ എന്ന എഡിറ്ററെ ഒന്നും കൂടി വിളിച്ചുവരുത്തി ദൃശ്യത്തിന്‍്റെ പ്രേതത്തെ ഇളക്കിപ്പറിച്ചു കളയാമെങ്കില്‍ ഇനിയും സാധ്യതകളുള്ള സിനിമതന്നെ ആണ് പുതിയ നിയമം. 'ദൃശ്യങ്ങള്‍ ചതിച്ചേക്കാം' എന്ന ടാഗ് ലൈനില്‍ നിന്നും ശബ്ദങ്ങള്‍ തെറ്റിദ്ധരിപ്പിച്ചേക്കാം എന്ന ട്വിസ്റ്റ് അവിദഗ്ദ്ധമായി വിളക്കിവെപ്പിച്ചതുകൊണ്ടോ ജോര്‍ജ് കുട്ടിയുടെ കുടുംബസ്നേഹപ്രഭാഷണം പോത്തനെക്കൊണ്ട് അതേപടി കട്ട് ആന്‍്റ് പെയ്സ്റ്റ് അടിപ്പിച്ചതുകൊണ്ടോ ചക്കയിടുമ്പോള്‍ മുയല്‍ ചത്തോളും എന്ന് ആരാധകരും സംവിധായകനും വിശ്വസിക്കുന്നുണ്ടെങ്കില്‍ നല്ല നമസ്കാരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT