മണ്ണിലിറങ്ങിയ മഹേഷും മലയാള സിനിമയും

മലയാള സിനിമയുടെ കഴിഞ്ഞ ദശകം താരാധിപത്യത്തിന്‍േറതായിരുന്നു. നാലുകൊല്ലം മുമ്പ് വന്ന ട്രാഫിക്ക് എന്ന ചിത്രത്തോടെ താരകേന്ദ്രിതമായ മലയാള സിനിമക്ക് തളര്‍ച്ച അനുഭവപ്പെട്ടുതുടങ്ങി. ന്യൂജനറേഷന്‍ സിനിമ ആദ്യം പൊളിച്ചത് താരം എന്ന സങ്കല്‍പത്തെയാണ്. ദിലീപിന്‍െറ താരകേന്ദ്രീകൃത സിനിമകള്‍ ഇതിനിടയില്‍ വല്ലപ്പോഴുമെങ്കിലും വിജയം കാണുന്നുണ്ടെങ്കിലും താരാധിപത്യത്തെ തളര്‍ത്തി നിര്‍ത്തുന്നതില്‍ സിനിമയിലെ പുത്തന്‍കൂറ്റുകാര്‍ ബദ്ധശ്രദ്ധരാണെന്ന് വ്യക്തം. ന്യൂജനറേഷന്‍ സിനിമ പിന്നീട് പൊളിച്ചെറിയാന്‍ ശ്രമിച്ചത് ചേതോഹരമായ താരാപഥത്തിന്‍െറ ചമയക്കാഴ്ചകളാണ്. ‘അന്നയും റസൂലും’ എന്ന രാജീവ് രവി ചിത്രത്തിലാണ് നാമത് ആദ്യം കണ്ടത്. ചമയങ്ങളില്ലാത്ത നായകനും നായികയും, കൃത്രിമത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ജീവിതപരിസരങ്ങള്‍,സ്വാഭാവികമായ സംഭാഷണങ്ങള്‍ എന്നിവയിലൂടെ സിനിമയെന്നാല്‍ മായികമായ ഒരു ലോകം കാട്ടിത്തരുന്ന ഇടം എന്ന മുന്‍വിധിയെ അവര്‍ തകിടം മറിച്ചു. ‘പ്രേമം’ എന്ന സിനിമയായിരുന്നു മുഖ്യധാരയില്‍ ഇതിന്‍െറ വിജയമാതൃക. ചമയങ്ങളില്ലാത്ത നായികയെയും ജീവിതങ്ങളെയും അത് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്തു. സ്വാഭാവികമായ അഭിനയം, സംസാരം, പരിസരം എന്നിവയിലൂടെ സിനിമയുടെ കെട്ടുകാഴ്ചകളെ കുടഞ്ഞെറിഞ്ഞു. എവിടെയോ ഒളിക്യാമറ വെച്ച് ഷൂട്ട് ചെയ്തത് എന്ന തോന്നലുളവാക്കുന്ന വിധം സ്വാഭാവികമായിരുന്നു ‘ലുക്കാ ചുപ്പി’ എന്ന ചിത്രം. ഇപ്പോള്‍ ‘ആക്ഷന്‍ ഹീറോ ബിജു’വും ‘മഹേഷിന്‍െറ പ്രതികാര’വും ഒന്നിച്ച് പ്രദര്‍ശനത്തിനത്തെിയിരിക്കുന്നു. റിയലിസ്റ്റിക് ആയ ട്രീറ്റ്മെന്‍റിലൂടെ പ്രേക്ഷകനിലേക്ക് സിനിമയിലെ ജീവിതങ്ങളെ വലിച്ചടുപ്പിക്കുന്ന രചനാതന്ത്രമാണ് അണിയറ ശില്‍പ്പികള്‍ കൈക്കൊള്ളുന്നത്. മായക്കാഴ്ചകള്‍ സൃഷ്ടിക്കാനായി ഒരുക്കിവെച്ച വിനോദവ്യവസായത്തിന്‍െറ മേക്കപ്പും ചമയസാമഗ്രികളും വസ്ത്രങ്ങളും ഒക്കെ ഇനി പാഴാവാനാണ് വിധി.

‘മഹേഷിന്‍െറ പ്രതികാരം’ പല കാരണങ്ങളാല്‍ കച്ചവട സിനിമയുടെ പതിവുകളില്‍നിന്ന് വേറിട്ടുനടക്കുന്നുണ്ട്. അത് സാധാരണ ജനങ്ങളില്‍നിന്ന് അഭിനേതാക്കളെ കണ്ടത്തെുന്നു. താരങ്ങളില്‍നിന്ന് സാധാരണജനങ്ങളുടേതുപോലെ സ്വാഭാവികമായ അഭിനയം ആവശ്യപ്പെടുകയും ചെയ്യുന്നു. സംഭവബഹുലമായ കഥയും അതിന്‍െറ വര്‍ണശബളമായ ആഖ്യാനവും ഇതിനില്ല. എവിടെയും എപ്പോഴും സംഭവിക്കാവുന്ന ചില നുറുങ്ങ് അനുഭവങ്ങളില്‍നിന്നാണ് ഈ ചിത്രത്തിന്‍െറ പിറവി. നായകകേന്ദ്രീകൃതമായി സിനിമ ആഖ്യാനം ചെയ്യപ്പെടുമ്പോഴും മറ്റുകഥാപാത്രങ്ങള്‍ ഓരങ്ങളിലേക്ക് തള്ളിനീക്കപ്പെടുന്നില്ല. നായകന്‍ ഇവിടെ പതിവു നായക സങ്കല്‍പമനുസരിച്ചുള്ള പൂര്‍ണതയുള്ള പുരുഷനുമല്ല. നായകനെയും നായികയെയും വില്ലനെയും പതിവു വാര്‍പ്പു മാതൃകകളില്‍നിന്ന് സിനിമ മോചിപ്പിക്കുന്നുണ്ട്. കാമുകനെ വഞ്ചിക്കുന്ന കാമുകി എന്ന പ്രണയകഥയിലെ പതിവുകള്‍ പോലുള്ള ആവര്‍ത്തനങ്ങള്‍ ഇല്ളെന്നല്ല പറഞ്ഞുവരുന്നത്. ക്ളീഷേകളെ പരമാവധി കുടഞ്ഞുകളയാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തിയതിനാല്‍ അത്രയും ഫ്രഷ്നസ് തോന്നും കാഴ്ചക്കാര്‍ക്ക്. അതാണ് ഈ ചിത്രത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മികച്ച പ്രതികരണത്തിന്‍െറ കാരണവും. കോമഡിക്കുവേണ്ടി കോമഡിരംഗങ്ങള്‍ ഇതില്‍ സൃഷ്ടിക്കപ്പെടുന്നില്ല. ജീവിതത്തിന്‍െറ ഒഴുക്കില്‍ തികച്ചും സ്വാഭാവികമായി സംഭവിക്കുന്ന നുറുങ്ങുനര്‍മങ്ങളാണ് ചിത്രത്തില്‍ നിറയെ. ടെലിവിഷന്‍ ചാനലുകളിലെ കോമഡി പരിപാടികളുടെ അനുകരണമാണ് പലപ്പോഴും ദിലീപിന്‍െറ പടങ്ങളില്‍ നാം കാണുന്ന കോമഡി. പ്രേക്ഷകനെ ചിരിപ്പിക്കാന്‍ ലക്ഷ്യംവെച്ചുകൊണ്ട് സന്ദര്‍ഭങ്ങള്‍ ഒരുക്കാതെ ഉള്ള കഥാസന്ദര്‍ഭങ്ങളിലേക്ക് ഹാസ്യംകൊണ്ടുവരുകയാണ് ‘മഹേഷിന്‍െറ പ്രതികാര’ത്തില്‍ തിരക്കഥാകൃത്തായ ശ്യാംപുഷ്കരന്‍.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന ക്രിസ്പിന്‍, ബേബി എന്ന കഥാപാത്രത്തിന്‍െറ വീട്ടില്‍ ചെല്ലുമ്പോള്‍ അയാളുടെ മകള്‍ അവിടെ ടി.വിയില്‍ ‘ട്വന്‍റി ട്വന്‍റി’ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. ദേവരാജപ്രതാപവര്‍മ എന്ന് മോഹന്‍ലാല്‍ തന്‍െറ പേരു വെളിപ്പെടുത്തുന്ന രംഗമാണ്. ആ പെണ്‍കുട്ടിയോട് കൂട്ടുകുടാന്‍ അവന്‍ ചോദിക്കുന്നത് മോഹന്‍ലാല്‍ ഫാനാണല്ളേ എന്നാണ്. അല്ല മമ്മുക്ക ഫാനാണ് എന്ന് അവളുടെ മറുപടി. അപ്പോള്‍ ക്രിസ്പിന്‍ പറയുന്ന മറുപടിയില്‍ മലയാള സിനിമയിലെ നായകനിര്‍മിതിയുടെ രസകരമായ വിമര്‍ശനമുണ്ട്. ‘‘ഞാന്‍ ലാലേട്ടന്‍െറ ഫാനാ, കാരണം മമ്മൂക്ക എല്ലാ ടൈപ്പു വേഷവും ചെയ്യും. പോലീസ്, പൊട്ടന്‍, മന്ദബുദ്ധി, വേട്ടക്കാരന്‍ അങ്ങനെ എന്തും. പക്ഷേ ലാലേട്ടന്‍ നായര്‍, വര്‍മ, മേനോന്‍, പ്രമാണി....ഇത് വിട്ടൊരു കളിയില്ല’’ എന്നാണ് അയാള്‍ പറയുന്നത്. നായര്‍ബാങ്ക് തുടങ്ങാന്‍ മോഹന്‍ലാല്‍ ഒരു കോടി വാഗ്ദാനം ചെയ്തു എന്ന സുരേഷ് ഗോപിയുടെ വെളിപ്പെടുത്തലും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. മോഹന്‍ലാല്‍ വിശ്വനാഥന്‍നായര്‍ ഉള്‍പ്പെടെയുള്ള തിരുവനന്തപുരം നായര്‍ലോബി തന്നെ ഒതുക്കിയെന്നായിരുന്നല്ളോ തിലകന്‍െറ പരാതി. ഈ നായര്‍, വര്‍മ, മേനോന്‍, പ്രമാണി പേരുകളിലൂടെ കേരളത്തിലെ ജാതിബോധം ശക്തമാക്കി നിര്‍ത്തുന്നതില്‍ മലയാളത്തിലെ കച്ചവട സിനിമ വഹിച്ച പങ്ക് ചില്ലറയല്ല  എന്ന് ഈ സംഭാഷണം ഓര്‍മിപ്പിക്കുന്നുണ്ട്. നായകന്‍ ധീരനും അതിപ്രതാപശാലിയും ഗുണവാനുമാണെങ്കില്‍ അയാള്‍ നായര്‍, മേനോന്‍, വര്‍മ ഇവരില്‍ ആരെങ്കിലുമായിരിക്കണമെന്ന മുന്‍വിധി താരാധിപത്യ വ്യവസ്ഥയുടെ ഭാഗമായിരുന്നു. അത്തരം വഷളത്തരങ്ങളെ അതിരസകരമായി വിമര്‍ശിക്കുകയാണ് ദുര്‍ബലനായ ഒരാള്‍ നായകനായ സിനിമയിലൂടെ ശ്യാംപുഷ്കരനും ദിലീഷ് പോത്തനും. താരാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്ന നായകനിര്‍മിതിയോടുള്ള പ്രതികാരമാവുകയാണ് ‘മഹേഷിന്‍െറ പ്രതികാരം’.

മലയാളത്തിലെ ‘നന്മ ബ്രാന്‍ഡ് സിനിമകളെ കളിയാക്കുന്നതിനാവണം ഒരു നാട്ടിന്‍പുറത്തുകാരന്‍െറ പ്രതികാരകഥ പറഞ്ഞത്. നന്മകൊണ്ടു പൊറുതി മുട്ടിയ നമ്മുടെ നാട്ടിന്‍പുറത്തെ നായകന്മാരെല്ലാം അടിച്ചാല്‍ തിരിച്ചടിക്കാത്ത, വായില്‍ വിരലുവെച്ചാല്‍ കടിക്കാത്ത പഞ്ചപാവങ്ങളായിരുന്നല്ളോ. അവിടെയാണ് ‘പ്രതികാരദാഹിയായ’ മഹേഷിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗ്രാമവും നാട്ടുകാരും ഒക്കെയാണെങ്കിലും അവര്‍ സത്യന്‍ അന്തിക്കാടിന്‍െറ സിനിമയിലെപ്പോലെ ഏതു നിമിഷവും നായകന്‍െറ രക്ഷക്ക് എത്തുന്നവരല്ല. അവരില്‍ നന്മയും തിന്മയുമുണ്ട്. ശരികളും തെറ്റുകളുമുള്ള ജീവിതമാണ് അവര്‍ നയിക്കുന്നത്. സ്നേഹവും പകയും നിറഞ്ഞ അവരില്‍ പലരെയും നാമിതില്‍ കണ്ടുമുട്ടുന്നു. നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന് മലയാള സിനിമ ആവര്‍ത്തിച്ചു പറഞ്ഞ പല്ലവിയെ ഈ സിനിമ രസകരമായി എതിരിടുന്നു. ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ നാട്ടിന്‍പുറ സിനിമകളില്‍ നന്മ വിളമ്പുന്ന മലയാള സിനിമക്ക് എതിരായ പ്രതികാരം കൂടിയാണ് മഹേഷിന്‍െറ പ്രതികാരം എന്നു പറയാം.

തീവ്രദേശീയത ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ ഒരു പ്രശ്നം തന്നെയാണ്. തിയറ്ററുകളില്‍ ദേശീയഗാനത്തിന്‍െറ വീഡിയോ പ്രസന്‍േറഷന്‍ കാണിക്കുമ്പോള്‍ പോലും പ്രേക്ഷകരെ എഴുന്നേറ്റുനില്‍പ്പിക്കുന്നുണ്ട്. എഴുന്നേറ്റു നില്‍ക്കാതിരുന്ന സല്‍മാന്‍ എന്ന യുവാവിന്‍െറ ദുര്‍വിധി ഓര്‍ക്കുക. എഴുന്നേറ്റുനില്‍ക്കാത്ത അഞ്ചംഗകുടുംബത്തെ മഹാരാഷ്ട്രയിലെ കുര്‍ളയിലെ പി.വി.ആര്‍. സിനിമാസില്‍നിന്ന് ആട്ടിപ്പായിച്ചിട്ടുണ്ട്്. ന്യൂസ്റീലിന്‍െറയോ ഡോക്യുമെന്‍ററിയുടേയോ സിനിമയുടേയോ ഭാഗമായി ദേശീയഗാനം പ്ളേ ചെയ്യപ്പെടുമ്പോള്‍ എഴുന്നേറ്റുനില്‍ക്കേണ്ട കാര്യമില്ളെന്ന് ആഭ്യന്തരവകുപ്പിന്‍െറ ഉത്തരവില്‍ കൃത്യമായി പറയുന്നുണ്ട്. നാഷനല്‍ ഓണര്‍ ആക്ട് പ്രകാരം ദേശീയഗാനം പാടുമ്പോള്‍ അതിനെ തടസ്സപ്പെടുത്തുകയോ ബഹളമുണ്ടാക്കുകയോ ചെയ്യുന്നതാണ് കുറ്റകരം. മദ്രാസ് ഹൈകോടതിയും ഇക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. മഹേഷിന്‍െറ പ്രതികാരത്തിലെ ഒരു രംഗം പ്രേക്ഷകരുടെ ഈ ദുര്യോഗത്തെ രസകരമായി അഭിസംബോധന ചെയ്യുന്നു. ഒരു സ്കൂളില്‍ കുട്ടികള്‍ ദേശീയഗാനം പാടുകയാണ്. (കൈരളി, ശ്രീ തിയറ്ററുകളിലെ പതിവനുസരിച്ച് പ്രേക്ഷകര്‍ ഈ സീനിലും എഴുന്നേറ്റു നില്‍ക്കേണ്ടതാണ്.) സൈക്കിളുകള്‍ കൂട്ടിയിടിച്ചു നിലത്തുവീണ രണ്ടു കഥാപാത്രങ്ങളാണ് ഇവിടെ എഴുന്നേറ്റുനില്‍ക്കുന്നത്. അവര്‍ അറ്റന്‍ഷനായി നില്‍ക്കുന്നു. പക്ഷേ ദേശീയഗാനത്തെ മാനിച്ചതിന് നെല്ലിക്കക്കച്ചവടക്കാരന് വന്‍നഷ്ടമാണുണ്ടായത്. ആ ദൃശ്യം ഇതേ ഗതികേട് അനുഭവിക്കുന്ന സിനിമാപ്രേക്ഷകന്‍െറ പ്രതികാരമാണ്. തീവ്രദേശീയവാദികളോടുള്ള പ്രതികാരം.

സിനിമ തുടങ്ങിയോ എന്നു ചോദിക്കുന്നതിനു പകരം 'ശ്വാസകോശം വന്നോ’ എന്നാണ് ക്രിസ്പിന്‍ തന്‍െറ കാമുകിയോടു ചോദിക്കുന്നത്. അക്രമമോ കൊലപാതകമോ പ്രശ്നമല്ലാത്ത, പുകവലിയും മദ്യപാനവും മാത്രം പ്രശ്നമാക്കുന്ന സെന്‍സര്‍ ബോര്‍ഡിനെ കളിയാക്കുന്നുണ്ട് ഈ ദൃശ്യം.

മഹേഷിന്‍െറ പാത്രചിത്രീകരണത്തില്‍ പോലുമുണ്ട് പുതുമ. നായകനായതുകൊണ്ട് അയാള്‍ കഴിവുള്ള ഒരു ഫോട്ടോഗ്രാഫറോ കലാകാരനോ ആവുന്നില്ല. അയാള്‍ കടയിലേക്കാണ് പോവുന്നത്; സ്റ്റുഡിയോവിലേക്കല്ല. അയാളെ സംബന്ധിച്ചിടത്തോളം ഒരു പലചരക്കുകട നടത്തുന്നതുപോലെ ഒരു വരുമാനമാര്‍ഗം മാത്രമായിരുന്നു ഫോട്ടോഗ്രഫി. അതുകൊണ്ടാണ് ‘കടയല്ളെടാ, സ്റ്റുഡിയോ’ എന്ന് ചാച്ചന്‍ അവനെ തിരുത്തുന്നത്. ‘ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ പറ്റില്ല, പക്ഷേ പഠിക്കാന്‍ പറ്റും’ എന്നും അയാള്‍ അവനെ പഠിപ്പിക്കുന്നു. രാത്രിയില്‍ പറക്കുന്ന ഒരു വവ്വാലിന്‍െറ പടമെടുക്കാന്‍ പോയ ചാച്ചനെ കാണാനില്ളെന്നു കരുതി അയാള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നുണ്ട്. പിന്നീടാണ് അയാള്‍ തന്‍െറ ചാച്ചനെ തിരിച്ചറിയുന്നത്. ‘നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര പിടിപാട് ഇല്ല അല്ളേ’ എന്ന് ഒരു പെണ്‍കുട്ടി ചോദിക്കുമ്പോഴാണ് അയാള്‍ തന്‍െറ കലാപരമായ പരിമിതി മനസ്സിലാക്കുന്നത്. ഒരു നിര്‍ണായക നിമിഷം സംഭവിക്കാന്‍ പോവുന്നതിനു തൊട്ടുമുമ്പുള്ള ഒരു നിമിഷം ജാഗ്രതയായിരിക്കാന്‍ ചാച്ചന്‍ പറഞ്ഞുകൊടുക്കുന്നു. അതിനുശേഷമാണ് മഹേഷ് ഫോട്ടോഗ്രഫിയെ ഒരു കല എന്ന നിലയില്‍ സമീപിക്കുന്നത്. മഹേഷായി ഫഹദ് ഫാസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സമീപകാലത്ത് ഫഹദിന്‍െറ നിരവധി സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ബാംഗ്ളൂര്‍ ഡേയ്സിനു ശേഷം വന്ന ആറു സിനിമകളും ബോക്സോഫീസില്‍ മൂക്കു കുത്തി വീണവയായിരുന്നു. ഫഹദ് എന്ന സൂക്ഷ്മാഭിനയത്തിന്‍െറ പ്രയോക്താവിനെ പൂര്‍ണമായും ആവശ്യപ്പെടുന്ന റോളുകളൊന്നും അദ്ദേഹത്തെ തിരഞ്ഞ് എത്തിയതുമില്ല. ‘അന്നയും റസൂലും’ എന്ന ചിത്രത്തിലെ പോലെ സൂക്ഷ്മവും സ്വാഭാവികവുമായ അഭിനയംകൊണ്ട് വിസ്മയിപ്പിക്കുന്ന ഫഹദ് ഈ ചിത്രത്തില്‍.

അലന്‍സിയര്‍, സൗബിന്‍ ഷാഹിര്‍, അനുശ്രീ, അപര്‍ണ ബാലമുരളി എന്നിവരും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ജാഫര്‍ ഇടുക്കി ഇതാദ്യമായാണ് ഒരു കാരക്ടര്‍ റോളില്‍ എത്തുന്നത്. താന്‍ ഒരു ഹാസ്യനടന്‍ മാത്രമല്ളെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. ‘ഞാന്‍ സ്റ്റീവ് ലോപസ്’ എന്ന രാജീവ് രവി ചിത്രത്തില്‍ ഹരി എന്ന തെരുവുഗുണ്ടയെ അവതരിപ്പിച്ച സുജിത് ശങ്കര്‍ ആണ് ജിംസണ്‍ ആയി എത്തുന്നത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍െറ പുത്രന്‍ പരേതനായ ഇ.എം. ശ്രീധരന്‍െറ മകനാണ് സുജിത്. നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്നു പഠിച്ചിറങ്ങിയ സുജിത്തിനെ വേണമെങ്കില്‍ മലയാളത്തിന്‍െറ ഇര്‍ഫാന്‍ ഖാനോ നവാസുദ്ദീന്‍ സിദ്ദിഖിയോ നാനാപടേക്കറോ ഒക്കെ ആക്കാവുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT