സുധി വാത്മീകം: ഒരു ഫീല്‍ഗുഡ് ജയസൂര്യ ചിത്രം

സ്വതസിദ്ധമായ ശൈലി കൊണ്ട് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച നടനാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ തൊട്ട് സു.സു. സുധി വാത്മീകം വരെയുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. അഭിനയ സാധ്യതയില്ലാത്ത പല കഥാപാത്രങ്ങളില്‍ കുടുങ്ങിക്കിടക്കുമ്പോഴും അവയിലെല്ലാം വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നത് നടന്‍ കൂടിയാണ് ജയസൂര്യ. അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ അദ്ദേഹത്തെ തേടി വരാറില്ലെന്നതാണ് വാസ്തവം.

എന്നാല്‍, അടുത്തിടെ ഇറങ്ങിയ ജയസൂര്യ ചിത്രങ്ങളും പരിശോധിക്കുമ്പോള്‍ കുറച്ച് കൂടി സെലക്ടീവാകാന്‍ ശ്രമിക്കുന്നതായി കാണാം. അപ്പോത്തിക്കരിയിലും ഇയ്യോബിന്‍റെ പുസ്തകത്തിലും അത് പ്രേക്ഷകര്‍ കണ്ടതാണ്. ആ വേഷങ്ങളിലൂടെ നിരൂപക പ്രശംസ പിടിച്ചുപറ്റാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അത്തരത്തില്‍ ജയസൂര്യയുടെ അഭിനയ സാധ്യതയുള്ള മറ്റൊരു കഥാപാത്രമാണ് സുധി വാത്മീകത്തിലെ സുധി. മറ്റെല്ലാ ഫീല്‍ ഗുഡ് ജയസൂര്യ ചിത്രങ്ങളും പോലെയുള്ള ചിത്രം തന്നെയാണ് ഈ രഞ്ജിത് ശങ്കര്‍ ചിത്രം. വര്‍ഷത്തിന് ശേഷമുള്ള രഞ്ജിത് ശങ്കറിന്‍റെ മറ്റൊരു ഇമോഷനല്‍ ഡ്രാമയാണ് 'സു.സു. സുധി വാത്മീകം'. പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ ത്രില്ലര്‍ സ്വഭാവത്തിലൊരുക്കിയ രഞ്ജിത് പുണ്യാളന്‍ അഗര്‍ബത്തീസിലൂടെയാണ് ഇമോഷനല്‍ ഡ്രാമാ ഗണത്തിലേക്ക് വരുന്നത്.

ഒരു കഥാപാത്രത്തിന്‍റെ മാനസിക സംഘര്‍ഷങ്ങളെ വളരെ ഭംഗിയായി അതരിപ്പിക്കാന്‍ സംവിധായകനെന്ന നിലയില്‍ രഞ്ജിത്ത് വിജയിച്ചിട്ടുണ്ട്. പാസഞ്ചറിലും അര്‍ജുനന്‍ സാക്ഷിയിലും സാമൂഹ്യ പ്രശ്നങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിച്ച അദ്ദേഹം പുണ്യാളന്‍ മുതല്‍ കുറച്ച് കൂടി സുരക്ഷിതമായ കൊമേഷ്യല്‍ ചേരുവയിലേക്ക് വരുന്നതായി കാണാം. എന്നിരുന്നാലും പൂര്‍ണമായ കൊമേഷ്യല്‍ ചേരുവയില്‍ നില്‍കാതെ ചിത്രമൊരുക്കുന്നതാണ് അദ്ദേഹത്തിന്‍റെ ശൈലി. അതിനാലാണ് മമ്മൂട്ടി അഭിനയിച്ച വര്‍ഷം ഒരേസമയം കൊമേഷ്യല്‍ ഹിറ്റും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയായത്. അതേ ഗണത്തിലേക്കുള്ള മറ്റൊരു ചിത്രം കൂടിയാണ് സുധി വാത്മീകം.

യഥാര്‍ഥ കഥയെ ആസ്പദമാക്കിയെടുത്ത ചിത്രം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്കെല്ലാം ചെറിയ പ്രശ്നങ്ങളുണ്ട്. എന്നാല്‍, തന്‍റെ ന്യൂനതകള്‍ ഓര്‍ത്ത് ജീവിതം പരാജയത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുന്നതിനേക്കാള്‍ അവയെ മറികടന്ന് വിജയത്തിന്‍റെ നെറുകയിലേക്ക് കയറണമെന്ന സന്ദേശം ചിത്രം നല്‍കുന്നത്. വിക്കുള്ള സുധി എന്ന കഥാപാത്രം ജയസൂര്യയുടെ കൈകളില്‍ ഭദ്രമായിരുന്നു. മറ്റുള്ളവരുടെ ന്യൂനതകളെ പരിഹസിച്ച് മാത്രം ശീലമുള്ള മനുഷ്യര്‍ വിക്കുള്ളയാളെയും സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും അരികുകളിലേക്ക് നീക്കാറാണ് പതിവ്.

അതുപോലെ സുധിയും മുഖ്യധാരയിലെ അന്യഗ്രഹ ജീവിയെ പോലെ ജീവിച്ചുപോന്നു. തന്‍റേത് വലിയ പോരായ്മയാണെന്നും ഒരു പോരായ്മയുമില്ലാത്ത പൂര്‍ണരാണ് മറ്റു മനുഷ്യരെന്നും അയാള്‍ കരുതിപ്പോന്നു. എന്നാല്‍, പിന്നീട് മനുഷ്യരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റു തരത്തില്‍ പോരായ്മയുള്ളവരെന്ന് അയാള്‍ തിരിച്ചറിയുകയും ജീവിതത്തില്‍ വിജയിച്ച് മുന്നേറാന്‍ ആര്‍ക്കും സാധിക്കുമെന്നും അയാള്‍ കാണിച്ചു തരികയും ചെയ്യുന്നു. അതിന് അയാളെ സഹായിക്കുന്നത് കാമുകിയും സുഹൃത്തുക്കളുമാണ്. ഒരാളുടെ ഏറ്റവും വലിയ വിജയം നല്ല സുഹൃത്തുക്കളും നല്ല ബന്ധങ്ങളുമാണെന്നും സിനിമ പറയാതെ പറയുന്നുണ്ട്.

കൃത്രിമത്വം ഇല്ലാത്ത സംഭാഷണങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. ന്യൂജനറേഷന്‍ കാലത്ത് സംഭാഷണങ്ങളേക്കാള്‍ ദൃശ്യങ്ങള്‍ക്കാണ് പ്രധാനമെന്ന് സിനിമാക്കാര്‍ കരുതുന്നത് നല്ല സൂചനകളാണെന്ന് പറയാം. എന്നിരുന്നാലും സന്ദേശമുള്ള സിനിമകളില്‍ ആ സന്ദേശമെത്തിക്കാന്‍ അവസാനം മൈക്ക് കെട്ടി അവ പ്രസംഗം പോലെ പറയണമെന്നത് അരോചകമായി തോന്നുന്നു. ഈ ചിത്രത്തിലും സുധി തന്‍റെ ജീവിത വിജയത്തിന്‍റെ ഏടുകള്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പറയുന്നത് കാണാം. എത്ര പുരോഗമിച്ചിട്ടും മലയാള സിനിമ സന്ദേശങ്ങള്‍ നല്‍കാന്‍ വീണ്ടും വീണ്ടും മൈക്ക് എടുക്കുന്നത് കാണികളെ ബോറഡിപ്പിക്കില്ലേ...? സംഭാഷണങ്ങള്‍ കൃത്രിമമല്ലാതാകുമ്പോഴും അവസാന സന്ദേശത്തിനായി ഒരു പുരസ്കാര ചടങ്ങോ, വേദിയോ കൊണ്ടുവരുന്നു.

മുകേഷിനെ സിനിമാ നടനായി തന്നെ കൊണ്ടുവന്ന് സുധിയുടെ ജീവിതകഥ പറയിപ്പിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കില്‍ സിനിമക്കുണ്ടായ ഇഴച്ചില്‍ മറികടക്കാമായിരുന്നു. ബിജി ബാലിന്‍റെ സംഗീതം എടുത്ത് പറയേണ്ടതാണ്. 'എന്‍റെ ജനലരികിലിന്ന്' എന്ന ജയചന്ദ്രന്‍ ഗാനം സിനിമ കഴിഞ്ഞിറങ്ങുമ്പോഴും മനസില്‍ താളമിടും. അമ്മയുടെ വേഷത്തില്‍ കെ.പി.എ.സി ലളിതയും, അച്ഛനായി ടി.ജി രവിയും നായിക കഥാപാത്രമായ ശിവദയും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. വര്‍ഷം പോലെ സുധി വാത്മീകവും സീരിയല്‍ ചേരുവയോട് അടുത്ത് നില്‍ക്കുന്നു എന്ന് പറയാതിരിക്കാനാവില്ല.

സംവിധായകന്‍റെ സീരിയല്‍ പശ്ചാത്തലം അറിയാതെ വില്ലനാകുണ്ടോ എന്ന് തോന്നിപ്പോകുന്നു. എന്നിരുന്നാലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ചേരുവകള്‍ ഉള്‍കൊള്ളിക്കാനും ഒരു കൊമേഷ്യല്‍ ഹിറ്റ് ഒരുക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജയസുര്യക്ക് തീര്‍ത്തും അഭിമാനിക്കാവുന്ന കഥാപാത്രമാണ് സുധി എന്ന് നിസംശയം പറയാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT