മലയാളസിനിമയുടെ പ്രിയ കോണി രംഗങ്ങൾ

മലയാള സിനിമകളിലെ കോണി രംഗങ്ങളുടെ മനോഹാരിതയും അത് സിനിമക്ക് നൽകുന്ന അർഥതലങ്ങളും വിവരിച്ചുള്ള ഫേസ്ബുക്ക് പോസ ്റ്റ് വൈറലാകുന്നു. ഗവേഷക വിദ്യാർഥിയായ ലക്ഷ്മിയാണ് സിനിമകളിലെ കോണി രംഗത്തിന്‍റെ ദൃശ്യസാധ്യതകൾ ഫേസ്ബുക്കിലൂട െ വിവരിച്ചത്.

ലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ്:

മലയാളസിനിമയിൽ ഇഷ്ടമുള്ള ചില കോണിരംഗങ് ങൾ ഉണ്ട്. ഒന്ന്, മലയാറ്റൂരിന്റെ യക്ഷി എന്ന നോവലിന്റെ സിനിമാപാoത്തിലാണ്. ഇംപൊട്ടന്റ് ആയ നായകന് സ്വന്തം ഭാര്യയുമ ായി ശാരീരികമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. ആസിഡ് വീണ് പൊള്ളിയ സ്വന്തം മുഖം അയാൾക്ക് നൽകിയ ആത്മവിശ്വാസക്കുറ വും ഇതിനോടൊപ്പമയാളെ വലയ്ക്കുന്നുണ്ട്. അയാൾ ആവർത്തിച്ചു കാണുന്ന ഒരു സ്വപ്നമുണ്ട് സിനിമയിൽ. തന്റെ സുന്ദരിയും യ ൗവനയുക്തയുമായ ഭാര്യ, ഒരു കോണിയുടെ മുകളിൽ നിന്നയാളെ കാമാധിക്യത്തോടെ ക്ഷണിക്കുന്നു. കോണിയുടെ പടവുകളിൽ സാലഭഞ്ജി കമാരെ ഓർമ്മിപ്പിക്കുന്ന യുവതികളയാൾക്ക് ആശംസകൾനേരുന്നു. കാമാസക്തനായി പടികൾ കയറുന്ന അയാൾ അവസാനത്തെ പടവു കയറും മുൻപ് താഴെയ്ക്ക് മറിഞ്ഞുവീഴുന്നു.മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ ത്രില്ലർ ആയിരുന്നു യക്ഷി . കോണി എന്ന ദൃശ്യത്തിലൂടെ പടവുകൾ കയറാനാവാതെ മറിഞ്ഞുവീഴുന്ന ഭർത്താവിന്റെ സെക്ഷ്വൽ ഇംപൊട്ടൻസിനെ അവതരിപ്പിക്കാൻ സിനിമക്ക് സാധിക്കുന്നു.

രണ്ടാമത്തെ രംഗം മായാനദിയിൽ അപർണ്ണ കോണിയിറങ്ങി വരുന്ന രംഗമാണ്. മാത്തനുമായി ഉമ്മവെയ്ക്കുന്നതിനിടെ, അതു പൂർത്തിയാക്കാനനുവദിക്കാതെ കടക്കാരൻ അവരെ പുറത്തിറക്കിവിട്ടപ്പോൾ, പകുതിയിലവസാനിപ്പിച്ച ഒരുമ്മയുടെ ബാക്കിവന്ന ചിരിയോടെ അപർണ്ണ കോണിയിറങ്ങിവരുന്ന രംഗം .

ഇത്രയും പറഞ്ഞത് കോണി ലൈംഗികതയുടെ മനോഹരമായ ദൃശ്യസാധ്യതയാണെന്ന് പറയാൻവേണ്ടി മാത്രമാണ്. മഹേഷിന്റെ പ്രതികാരത്തിലുമുണ്ട് ഇതേ കോണികൾ. ഇതേ പടവുകൾ . ഇതേ കയറ്റങ്ങളുമിറക്കങ്ങളും.

മഹേഷ് തനിക്കു ചുറ്റുമുള്ള ലോകത്തെ കാണുന്നത് എപ്പോഴും ഒരു കയറ്റത്തിൽ നിന്നു കൊണ്ടാണ്. ഒന്നുകിൽ തന്റെ വീട്ടിലേക്കുള്ള പടവുകൾക്ക് മുകളിൽ നിന്ന് താഴേക്ക് . അല്ലെങ്കിൽ തന്റെ 'ഭാവന' സ്റ്റുഡിയോയുടെ ഒരുനില മുകളിലെ കെട്ടിടത്തിന്റെ വരാന്തയിൽ നിന്ന് താഴേക്ക്. അയാളുടെ നോട്ടങ്ങൾ എപ്പോഴും മുകളിൽ നിന്ന് താഴേക്കാണ്. ഇടുക്കി എന്ന ഗാനത്തിന്റെ രംഗങ്ങളിൽ ഒരു വിവാഹച്ചടങ്ങിന്റെ ഫോട്ടോ എടുക്കുന്ന മഹേഷിനെ കാണാം. വരനും വധുവും ഒരു ചെറിയ മൺപടവുകൾ കയറുന്നതു കാണുമ്പോൾ, അടുത്തുനിൽക്കുന്നവരെയെല്ലാം തട്ടിമാറ്റിച്ചെന്ന് മഹേഷ് വധൂവരന്മാർ ഒന്നിച്ച് പടികൾ കയറുന്നതിന്റെ പടമെടുക്കുന്നു. അയാളുടെ കണ്ണിൽ ഒരു ഫോട്ടോയെടുക്കാൻ പറ്റിയ മികച്ച മൊമന്റ് ആയിരുന്നിരിക്കണം അത്.

അയാളുടെയും സൗമ്യയുടെയും പ്രണയകാലങ്ങളിൽ ആത്മവിശ്വാസത്തോടെ മഹേഷ് സ്റ്റുഡിയോയിലേയ്ക്കുള്ള പടവുകൾ ഓടിക്കയറുന്നുണ്ട്. കയറ്റത്തിന്റെ പാതിവഴിയിൽ സൗമ്യയെ താഴോട്ട് തിരിഞ്ഞുനോക്കുന്നുണ്ട്. പക്ഷേ സൗമ്യയെ നഷ്ടപ്പെട്ട മഹേഷിനെ സിനിമ കാണിക്കുന്നത് പടികളുടെ താഴെ നിൽക്കുന്നതായാണ്. വിവാഹസദ്യയുണ്ട ശേഷം കൈകഴുകാൻ വന്ന സൗമ്യ കാണുന്നത് ഒരുപാട് താഴെ നിന്ന് തന്നെ നോക്കുന്ന മഹേഷിനെയാണ്. സൗമ്യയുടെ വിവാഹം കഴിഞ്ഞയന്ന് തന്റെ വീട്ടിൽ തിരിച്ചുവന്നശേഷം രഹസ്യമായി പൊട്ടിക്കരയുന്ന മഹേഷ് പിന്നീട് മുഖംതുടച്ച് സ്റ്റുഡിയോയിൽ പോകാൻ ഇറങ്ങുന്നു. പക്ഷേ മഴ കഴിഞ്ഞ് പോകാമെന്ന് പറഞ്ഞ് ചാച്ചനയാളെ തടയുന്നു. മഴ പെയ്യുന്നതും നോക്കി ഉമ്മറത്തിരിക്കുമ്പോൾ മഹേഷ് സൗമ്യയെ ഓർക്കുന്നു. അയാളുടെ വിരഹത്തിന് അനുയോജ്യമായ ബാക്ഗ്രൗണ്ട് മ്യൂസിക്കിനും പഴയൊരു മഴയുടെ പശ്ചാത്തലത്തിനുമിടയിലൂടെ സൗമ്യ കറുത്തകുട ചൂടിക്കൊണ്ട് പള്ളിയിലേക്കുള്ള പടികൾ കയറുമ്പോൾ, എതിർദിശയിലൂടെ കുടക്കീഴിൽ ഇറങ്ങിവരുന്ന മഹേഷും ചാച്ചനും. ഈ രംഗത്തിലും സൗമ്യ പടികൾ കയറുമ്പോൾ അവൾക്ക് സമാന്തരമായി അയാൾ പടവുകൾ ഇറങ്ങുകയാണ് ചെയ്യുന്നത്.

സൗമ്യയെ നഷ്ടമായ ശേഷം അയാളുടെ പടവുകളിൽ അയാൾ ഒറ്റയ്ക്കായിരുന്നു. അയാളുടെ വീട്ടിലേക്കുള്ള പടവുകളിൽ ദൂരേയ്ക്ക് നോക്കിയിരിക്കുമ്പോൾ അയാളുടെ വളർത്തുപട്ടി മാത്രം ആ പടവുകളിലൂടെ ഓടിക്കളിക്കുന്നു. 'നൈസായിട്ട് ഒഴിവാക്കിക്കളഞ്ഞല്ലേ' എന്ന് സൗമ്യയോട് ചോദിച്ചശേഷം മഹേഷ് നേരെചെന്നത് ഈ പട്ടിയ്ക്ക് ഭക്ഷണം കൊടുക്കാനായിരുന്നുവല്ലോ.

തന്റെ സ്റ്റുഡിയോയിലേക്കുള്ള പടികൾ കയറുന്ന മഹേഷിന് പിന്നീടൊരിക്കലും പഴയ വേഗമില്ല. അയാൾ ക്ഷീണിച്ചിട്ടുണ്ട്. ജിംസന്റെ പ്രഹരത്തേക്കാൾ വലിയൊരു പ്രഹരം കൊണ്ടയാളുടെ ഉള്ള് ഉലഞ്ഞിരിക്കുന്നു. ക്ഷീണിച്ചും പതുക്കെയിടക്കിടെ നിന്നും, അയാൾ തന്റെയിടത്തിലേയ്ക്ക് കയറുന്നു. അവിടെ നിന്നയാൾ പകലുകളിലും രാത്രികളിലും ഒന്നിനുമല്ലാതെ താഴെയ്ക്ക് നോക്കുന്നു.

മഹേഷ് ജിംസിയെ ആദ്യമായി കാണുന്നതും ഒരു കെട്ടിടത്തിനു മുകളിൽ നിന്ന് താഴെയ്ക്കുള്ള നോട്ടത്തിലാണ്. അവിടെ ജിംസി ഫ്ലാഷ് മോബിന്റെ ഭാഗമായി ഡാൻസ് ചെയ്യുന്നു. മഹേഷിന്റെ ക്ഷീണങ്ങളെ അതിജീവിക്കാൻ പോന്ന പ്രസരിപ്പാണ് ജിംസിയിലാദ്യാവസാനം കാണുന്നത്. ജിംസിയുടെ നല്ലൊരു ഫോട്ടോ മഹേഷ് എടുക്കുന്നതും അവൾ കോണിയിറങ്ങുമ്പോളാണ്. ജിംസിയുടെ വരവോടുകൂടി അയാളുടെ കോണികൾ വീണ്ടും സജീവമാകുന്നു. മഹേഷിന്റെ വീട്ടിലേയ്ക്ക് ആദ്യമായി കയറിച്ചെന്ന ജിംസി ആ വീട്ടിലെ പടവുകൾ ഓടിക്കയറുന്നത്, ഓടിയിറങ്ങി വരുന്നത് , ജിംസിയവളുടെ വീട്ടിലെ പടവുകളിലിരുന്ന് മഹേഷിന് മെസേജുകളയക്കുന്നത്, വെയിൽ തട്ടുമ്പോൾ സുതാര്യമായ വെള്ളപ്പാവടയിട്ട ജിംസി പടികളിറങ്ങുന്നത്, ജിംസിയെ ബസ്സ്റ്റോപ്പിൽ കാത്തുനിന്ന് ഒരുനോക്ക് കണ്ടശേഷം സന്തോഷത്തോടെ മഹേഷ് സ്റ്റുഡിയോയിലേക്കുള്ള പടികൾ കയറുന്നത് - എന്നിങ്ങനെ മഹേഷിന്റെ കോണിപ്പടവുകൾ ജിംസിയിലൂടെ വീണ്ടും ഊർജ്ജസ്വലമാകുന്നു.

പക്ഷേ എനിക്കാ ക്ഷീണിച്ച മഹേഷിനെയാണ് മറക്കാൻ പറ്റാത്തത്.കാളിദാസനും ക്ലാസിക്കുകളും പലതവണ പറഞ്ഞിട്ടുണ്ട് വിരഹികൾ എന്തു കഴിച്ചാലും കഴിച്ചില്ലെങ്കിലും ക്ഷീണിക്കുമെന്നും കാണെക്കാണെയവരെ കാണാതായിപ്പോകുമെന്നും. ഒരിക്കൽ അരോഗദൃഡഗാത്രനായിരുന്ന ദുഷന്തന്റെ തോളുകൾ ശകുന്തളയെ ഉപേക്ഷിച്ച കുറ്റബോധത്താൽ മെലിയുകയും അയാളുടെ തോൾവളകൾ താഴേക്ക് ഊർന്നുപോവുകയും ചെയ്തു. മേഘസന്ദേശത്തിൽ യക്ഷനെ വേർപെട്ട യക്ഷി വളകൾ ഊർന്നു പോയകൈകൾകൊണ്ട് ഒരു രാഗം മുഴുവൻ പാടിത്തീർക്കാനാവാതെ തന്റെ വീണ താഴെ വെയ്ക്കുന്ന രംഗമുണ്ട്. "കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നുപോയ് വേനലിൽ ദലങ്ങൾപോൽ വളകളൂർന്നു പോയി " എന്ന് പാട്ടിലുമുണ്ടല്ലോ. ജീവിതത്തിനോടുള്ള നിരാശ ഒരാളെ അപ്പാടെ ഊറ്റിക്കളയുന്നു.

പ്രേമനൈരാശ്യത്തിന്റെ ഒരു സ്ഥിരം പരിപാടി വളരെയെളുപ്പത്തിൽ ജീവിത നൈരാശ്യമായി മാറുക എന്നതാണ്. മറ്റൊരാളുടെ നൈരാശ്യങ്ങളെക്കുറിച്ച് എഴുതുന്ന ഒരാൾക്ക് ഇതൊന്നും എന്നെക്കുറിച്ചല്ല എന്ന് ഭാവിക്കാനുള്ള പെടാപ്പാട് പോലെത്തന്നെയാണ് പ്രേമനൈരാശ്യത്തിലിരിക്കുന്ന ഒരാൾക്ക് തനിക്ക് ഒരു ചുക്കുമില്ല എന്ന് അഭിനയിച്ചുകാട്ടാനുള്ള പാട്. മുറിക്കുള്ളിൽ ഒറ്റക്കിരുന്നു കരഞ്ഞ് , പുറത്തിറങ്ങുമ്പോൾ കരയാതിരിക്കുന്ന ഒരു മഹേഷുണ്ട്. മഹേഷിന്റെ പ്രതികാരത്തിൽ ഞാനേറ്റവും ഇഷ്ടപ്പെടുന്ന രംഗങ്ങൾ മഹേഷ് ആ പെടാപ്പാട് പെടുന്ന രംഗങ്ങളാണ്. പലതവണ ഓടിക്കയറിയിരുന്ന പടവുകൾ ക്ഷീണത്തോടെ അയാൾ കയറുന്ന രംഗമാണ്. കാരണം, എത്ര അഭിനയിച്ചു കാണിച്ചാലും പലപ്പോഴും ഒരു ഭാവത്തിൽ, ഒരു ചലനത്തിൽ, അല്ലെങ്കിൽ ഒരു നിശ്ചലതയിൽ പോലും നമ്മളും കൈയ്യോടെ പിടിക്കപ്പെടാറുണ്ടല്ലോ.

Tags:    
News Summary - Best Ladder Sean in Malayalam Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.