'പഹരേദാർ പിയാ കീ' സോണി ടി.വി പിൻവലിച്ചു

മുംബൈ: ഒൻപത് വയസ്സായ ആൺകുട്ടിയും 18 വയസ്സായ സ്ത്രീയും തമ്മിലുള്ള വിചിത്രമായ പ്രണയബന്ധത്തെക്കുറിച്ചുള്ള 'പഹരേദാർ പിയാ കീ' എന്ന സീരിയൽ സോണി ടി.വി നിർത്തിവെച്ചു. ഒട്ടും പുരോഗമനപരമല്ലാത്തതും ബാല്യവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് എന്ന കാരണത്താൽ പരിപാടി വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാൽ കാരണങ്ങളൊന്നും വിശദമാക്കാതെയാണ് ചാനൽ പൊടുന്നനെ സീരിയൽ സംപ്രേഷണം നിർത്തിവെച്ചത്.

ജൂലൈ മധ്യത്തിലാണ് സീരിയൽ സംപ്രേഷണം ചെയ്തു തുടങ്ങിയത്. അന്നുമുതൽ തന്നെ നെഗറ്റീവ് ശ്രദ്ധ പിടിച്ചുപറ്റിയ സീരിയലിനെതിരെ വിമർശനങ്ങളും ഉയർന്നു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ഹോ ഫൗണ്ടേഷനാണ് സീരിയലിനെതിരെ ആദ്യം പരാതിയുമായി രംഗത്തെത്തിയത്. അശ്ളീലവും കുട്ടികൾക്ക് യോജിക്കാത്തതുമായ സീരിയൽ ഉടൻതന്നെ നിരോധിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ബാല്യവിവാഹങ്ങൾ ഇപ്പോഴും നടക്കുന്ന ഇന്ത്യയിൽ ഇത്തരം സീരിയലുകൾ സമൂഹത്തിന് ദോഷം ചെയ്യുന്നതാണെന്ന് സോഷ്യൽ മീഡിയയിലൂടെയും പ്രതിഷേധമുയർന്നു. 

ജയ്ഹോ ഫൗണ്ടേഷൻ ഒരു ലക്ഷം പേർ ഒപ്പുവെച്ച പരാതി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് അയച്ചുകൊടുത്തിരുന്നു. പരിപാടിക്കെതിരെ നടപടിയെടുക്കമെന്നാവശ്യപ്പെട്ട് ബ്രോഡ്കാസ്റ്റിങ് കണ്ടന്‍റ് കംപ്ളയിന്‍റ് കൗൺസിലിനും പരാതി നൽകിയിരുന്നു. തുടർന്ന് പരിപാടി പ്രൈം ടൈമിൽ നിന്ന് മാറ്റുകയും ഞങ്ങൾ ബാല്യവിവാഹത്തെ അനുകൂലിക്കുന്നില്ല എന്ന് എഴുതിക്കാണിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കാരണങ്ങളൊന്നും വിശദമാക്കാതെ ചാനൽ സീരിയൽ സംപ്രേഷണം നിർത്തിവെച്ചത്.
 

Tags:    
News Summary - Why this 'unusual love story' has been taken off air: India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.