‘അമ്മയിലെ ഇടതുപക്ഷ എം.എൽ.എമാരുടെയും എം.പിയുടെയും നിലപാടറിയാൻ കാത്തിരിക്കുന്നു’

കൊച്ചി: 'അമ്മ'യിൽ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിലുള്ള വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി നടൻ ജോയ് മാത്യു. പുതുതായി ആരംഭിച്ച വെബ്സെറ്റിലൂടെയാണ് ജോയ് മാത്യു അഭിപ്രായ പ്രകടനം നടത്തിയത്. സംഘടനയുടെ പ്രസിഡന്‍റ് കൂടിയായിരുന്ന ഇടതുപക്ഷ എം.പിയായ ഇന്നസെന്റ്, എം.എൽ.എമാരായ മുകേഷ്, ഗണേഷ് കുമാർ എന്നിവർ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് താൻ. അവരുടെ നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാനെന്നും താമസിയാതെ  അതുണ്ടാവുമെന്നുമാണ് പറയാനുളളതെന്നും ജോയ് മാത്യു കുറിച്ചു. 

സംഘടനക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനക്കുള്ളിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണ് ജനാധിപത്യരീതി. രാഷ്ട്രീയ പാർട്ടികളും പത്രപ്രവർത്തക യൂണിയനും കാര്യങ്ങൾ സംഘടനക്ക് പുറത്ത് ചർച്ച ചെയ്യാറില്ല. അതിനാൽ ഇതും അത് പോലെ കണ്ടാൽ മതി. “അമ്മ” യിലെ നാല് അംഗങ്ങൾ രാജിവെച്ചതിന്‍റെ പശ്ചാത്തലത്തിൽ തന്‍റെ പ്രതികരണം എന്തുകൊണ്ട് വന്നില്ലെന്ന് സ്വാഭാവികമായും അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അവരോട് ഇതാണ് പറയുവാനുള്ളതെന്നും ജോയ് മാത്യു കുറിച്ചു. 

കുറിപ്പിന്‍റെ പൂർണരൂപം:

അമ്മയെക്കുറിച്ച്

“ദാ ഇപ്പൊ ശരിയാക്കിത്തരാം”എന്നത് സിനിമയിലെ കുതിരവട്ടം പപ്പുവിന്‍റെ ഡയലോഗ് ആയിരിക്കാം എന്നാൽ അത് ശരിക്കും
നമ്മളെ വിശ്വസിപ്പിച്ചത് എല്ലാം ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പൊഴാണു .ഞാനും അത് വിശ്വസിച്ച് അതോടൊപ്പം നിന്നു. അതാണല്ലോ അതിന്റെ ഒരു ശരി “അമ്മ” എന്നത് ഞാൻ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് .

അതിൽ മുതലാളിമാർ മുതൽ ക്ലാസ് ഫോർ ജീവനക്കാർ വരെയുണ്ട് ,നമ്മുടെ രാഷ്ട്രീയ പാർട്ടികളെപ്പോലെയൊക്കെത്തന്നെ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത്. സംഘടക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനക്കുള്ളിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി , രാഷ്ട്രീയ പാർട്ടികൾ തുടങ്ങി പത്രപ്രവത്തക  യൂണിയനിൽ വരെ നടക്കുന്ന കാര്യങ്ങൾ സംഘടനക്കു പുറത്ത് ചർച്ച ചെയ്യാറില്ലല്ലോ . ഇതും അതുപോലെ കണ്ടാൽ മതി.

സംഘടനയിൽ വിശ്വാസമില്ലാത്തവർക്ക് രാജിവെക്കുന്നതിനും അവകാശമുണ്ട് –അങ്ങിനെ “അമ്മ” യിലെ നാല് അംഗങ്ങൾ രാജി വെച്ചതിന്റെ പശ്ചാത്തലത്തിൽ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു. അതിന്റെ അടിസ്ഥാനത്തിൽ എനിക്ക് പറയുവാനുള്ളത് ഇതാണ് നേരത്തെ ഞാൻ പറഞ്ഞല്ലോ. എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലക്ക് രാജിവെച്ച്  പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് ബഹുമാനപ്പെട്ട വി.എസ്  ,പാർട്ടി സഖാക്കളായ എം.എ ബേബി ,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് ,ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവർ രാജിവെച്ച  നടികൾക്ക് പിന്തുണയുമായി രംഗത്ത് വന്നു.

ഇത്തരത്തിൽ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എം പി യായ സഖാവ് ഇന്നസെന്റ് ,ഇടതുപക്ഷ എം എൽ എ മാരായ ശ്രീ മുകേഷ് ,ശ്രീ ഗണേഷ് കുമാർ എന്നിവർ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് ഞാൻ –അവർ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാൻ താമസിയാതെ  അതുണ്ടാവും എന്ന് മാത്രം ഇപ്പോൾ പറയാം. 
 

Tags:    
News Summary - Joy Mathew Criticizes Left Leaders of AMMA-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.