ലോക സിനിമക്ക് തിരശ്ശീല വീഴുമ്പോള്‍ ബാക്കിയായത്

തിരുവനന്തപുരം: എട്ടുദിവസം നീണ്ട ലോകകാഴ്ചക്ക് കൊടിയിറങ്ങുമ്പോള്‍ മേള ബാക്കിവെച്ചത് കാഴ്ചയുടെ ഇടിമുഴക്കവും ദേശീയതയെ സംബന്ധിച്ച വാദപ്രതിവാദങ്ങളും. 13 തിയറ്ററുകളിലായി 62 രാജ്യങ്ങളില്‍ നിന്ന് 184 ചിത്രങ്ങളാണ് 21ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തിലകക്കുറിയായത്. ഐ.എഫ്.എഫ്.കെയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തതും ഈ വര്‍ഷമാണ്. 15,000 പ്രതിനിധികള്‍. എല്ലാറ്റിനുമുപരി ട്രാന്‍സ്ജന്‍ഡേഴ്സും ഒപ്പമിരുന്ന മേള.

സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതിവിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ സമരങ്ങള്‍ക്കും മേള സാക്ഷിയായി. ദേശീയഗാനം ചൊല്ലവെ എഴുന്നേറ്റ് നില്‍ക്കാത്തതിന് ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയന്‍ ചെറിയാന്‍െറ കാ-ബോഡിസ്കേപ്പിന് മേളയില്‍ പ്രദര്‍ശനാനുമതി നല്‍കിയതിനെതിരെ യുവമോര്‍ച്ച, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകള്‍ തിയറ്ററുകളിലേക്ക് മാര്‍ച്ച് നടത്തി.

ഡെലിഗേറ്റുകളുടെ ആധിക്യവും സീറ്റുകളുടെ കുറവും ഇത്തവണയും പ്രശ്നം തന്നെയായിരുന്നു. മത്സരചിത്രമായ ക്ളാഷിന് സീറ്റുകള്‍ അനധികൃതമായി റിസര്‍വ് ചെയ്തതിനെതുടര്‍ന്ന് ഡെലിഗേറ്റുകള്‍ തിയറ്റര്‍ ഉപരോധിച്ചതും സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക് തിയറ്റര്‍ വിടേണ്ടിവന്നതിനും മേള സാക്ഷിയായി.

ഏറ്റവും കൂടുതല്‍ വനിതാസംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ശക്തമായ സ്ത്രീപക്ഷകഥാപാത്രങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ക്ളാഷ്, ആഫ്റ്റര്‍ ദ സ്റ്റോം, ഈജിപ്ഷ്യന്‍ രാഷ്ട്രീയം പറഞ്ഞ നവാര, മത്സരവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങളായ കാട് പൂക്കുന്നനേരം, മാന്‍ഹോള്‍, ബംഗാളി ചിത്രമായ ചിത്രോദാര്‍, തിങ്സ് ടു കം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സ്ത്രീകഥാപാത്രങ്ങള്‍ തിരശ്ശീലയില്‍ തിളങ്ങി. ഇന്ത്യന്‍ സിനിമ ഇന്ന്, മൈഗ്രേഷന്‍, ജെന്‍ഡര്‍ ബെന്‍ഡര്‍, മലയാളസിനിമ ഇന്ന് എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ച സിനിമകളും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി

Tags:    
News Summary - iffk 2016 balance sheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.