പുരസ്കാര വേദിയില്‍  ട്രംപിന് വിമര്‍ശനം

കാലിഫോര്‍ണിയ: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാര വേദിയില്‍ വിമര്‍ശനം. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നേടിയ മെറില്‍ സ്ട്രീപ് ആണ് ട്രംപിനെ പേരെടുത്ത് പറയാതെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. സൗത്ത് കാലിഫോര്‍ണിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, സെര്‍ജി കൊവാലെസ്കി എന്ന ഭിന്നശേഷിക്കാരനായ മാധ്യമപ്രവര്‍ത്തകനെ ട്രംപ് അനുകരിച്ചത് നേരത്തേ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് മൂന്നുതവണ ഓസ്കര്‍ പുരസ്കാരം നേടിയ മെറില്‍ സ്ട്രീപ് വിമര്‍ശനമുന്നയിച്ചത്. 
ഈ വര്‍ഷത്തെ ഒരു പ്രകടനം തന്നെ ഏറെ അദ്ഭുതപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു അവരുടെ തുടക്കം. ആ പ്രകടനം ഹൃദയത്തില്‍ തറച്ചത് അത് നല്ലതായതുകൊണ്ടായിരുന്നില്ല. മറിച്ച്, ഇങ്ങനെ അംഗപരിമിതനായ ഒരാളെ അനുകരിച്ച് പരിഹസിക്കുന്ന ഒരാളാണല്ളോ രാജ്യത്തിന്‍െറ പരമോന്നത പദവിയില്‍ ഇരിക്കുന്നത് എന്നോര്‍ത്തായിരുന്നു. അതൊരു സിനിമയായിരുന്നില്ല, പച്ചയായ ജീവിതമായിരുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് തലയുയര്‍ത്താനാകുന്നില്ല. അനാദരവ് ക്ഷണിച്ചുവരുത്തുക അനാദരവ് തന്നെയാകും. സംഘര്‍ഷവും അങ്ങനെ തന്നെ -അവര്‍ പറഞ്ഞു. 
പ്രസംഗത്തില്‍ ഒരിടത്തും ട്രംപിന്‍െറ പേര് അവര്‍ പരാമര്‍ശിച്ചില്ളെങ്കിലും തുടക്കം മുതല്‍ അദ്ദേഹത്തിന്‍െറ പെരുമാറ്റത്തെയും പോളിസിയെയും അവര്‍ കുറ്റപ്പെടുത്തി. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നീക്കത്തില്‍ ഹോളിവുഡ് താരങ്ങള്‍ ഒന്നടങ്കം മുന്നോട്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. മെറില്‍ സ്ട്രീപിന്‍െറ പ്രസംഗം അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ വലിയ ചര്‍ച്ചയായിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, ട്രംപിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് ഇതിനെ പല മാധ്യമങ്ങളും വിലയിരുത്തിയത്. 
 
Tags:    
News Summary - Donald Trump Says He’s Not Surprised by Meryl Streep’s Golden Globes Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.