വിളിക്കാതെ വരാൻ എനിക്ക്​ അനുവാദമുണ്ട് -മോഹൻലാൽ

തിരുവനന്തപുരം: ‘നിങ്ങളുടെ ഇടയിലേക്ക് വരാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. യാദൃച്ഛികമായി കാമറക്ക് മുന്നിൽ വന്ന് ആ യാദൃച്ഛികതയുടെ കരുത്തിൽ യാത്ര തുടരുകയാണ്. ഈ യാത്രക്ക് ഒരു അവസാനമുണ്ട്. ആ തിരശ്ശീല വീഴുന്നതു വരെ ഇവിടെയുണ്ടാവും. അതുവരെ ഇരിപ്പിടമുണ്ടാവുമെന്നു വിശ്വസിക്കുന്നു’. സംസ്ഥാന ചലച്ചിത്ര പുരസ്​കാരവേദിയിൽ നടൻ മോഹൻലാൽ വികാരഭരിതനായി. 

അവാർഡ്​ പ്രയത്നത്തിന് കിട്ടുന്ന പരമമായ ആദരമാണ്​. നമ്മൾ കലാകാരന്മാർ ഒരേ സന്തോഷം പങ്കിടുന്നവരാണ്​. കാമറക്ക് മുന്നിലും പിന്നിലും കുടുംബം പോലെ പ്രവർത്തിക്കുന്നവർ. നിങ്ങൾക്കിടയിൽനിന്ന്​ മറ്റേതെങ്കിലും മേച്ചിൽപ്പുറം തേടി പോയിട്ടില്ല. പ്രിയ സഹപ്രവർത്തകർ ആദരിക്കപ്പെടുന്നത് കാണുകയെന്നത് അഭിമാനമാണ്, കടമയാണ്, അവകാശമാണ്.

പ്രിയപ്പെട്ട മണ്ണിലാണ് ചടങ്ങ്. പഠിച്ച് കളിച്ച് വളർന്ന മണ്ണ്. അവിടെ വിളിക്കാതെ വന്നുകയറാൻ അനുവാദമുണ്ട്. തീരുമാനിച്ചാൽ അരനിമിഷം പോലും അരങ്ങിൽ ഉണ്ടാവില്ല. കവി എഴുതിയതുപോലെ ‘ഒരുയാത്രികൻ വരും വിളിക്കും ഞാൻ പോവും’  എന്നു പറഞ്ഞാണ് മോഹൻലാൽ പ്രസംഗം അവസാനിപ്പിച്ചത്. 

കലാകാരന്മാരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ സമൂഹത്തിന്‍റെ ജാഗരൂകമായ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുഖ്യാതിഥി പങ്കെടുത്താൽ മുഖ്യമന്ത്രിയുടെയും അവാർഡ് ജേതാക്കളുടെയും സാന്നിധ്യം അപ്രസക്തമാകുമെന്ന വാദം ശരിയായ പ്രചാരണമല്ലെന്ന് സിനിമ മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മുഖ്യാതിഥികൾ നേരത്തേയും പങ്കെടുത്തിടുണ്ട്. ഇന്ത്യയിലെ അഭിനയ പ്രതിഭകളുടെ ആദ്യ നിരയിലാണ് മോഹൻലാൽ. 

മുഖ്യാതിഥിയായി ക്ഷണിച്ചതിലെ ചേതോവികാരം അതാണ്. പാർവതി മലയാള സിനിമയിലെ പോരാട്ട മുഖവും കരുത്തുറ്റ ശബ്ദവുമാണെന്നും മന്ത്രി ബാലൻ വിശേഷിപ്പിച്ചു. 

മോഹൻലാലിനെ ക്ഷണിച്ചത് കൂട്ടായ തീരുമാനമെന്ന് കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. തലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരത്തുകാരനായ അദ്ദേഹത്തെ ക്ഷണിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Actor Mohanlal Attendant State Film Award Distribution Program -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.