ബലാൽസംഗ പരാമർശം: സൽമാൻ ഖാൻ ക്ഷമ പറഞ്ഞില്ലെന്ന് വനിതാ കമീഷൻ

ന്യൂഡൽഹി: ബലാൽസംഗ പരാമർശത്തിൽ വെട്ടിലായ നടൻ സൽമാൻ ഖാൻ വനിതാ കമീഷന് മറുപടി നൽകി.എന്നാൽ ക്ഷമാപണം നടത്തിയിട്ടില്ലെന്നും ദേശീയ വനിതാ കമീഷൻ അധ്യക്ഷ ലളിത കുമാര മംഗലം മാധ്യമങ്ങളെ അറിയിച്ചു.

പുതിയ ചിത്രമായ സുൽത്താന്‍റെ ചിത്രീകരണ വിശേഷങ്ങൾ ഒരു ഓൺലൈൻ പോർട്ടലിനോട് പങ്കുവെച്ചാണ് സൽമാൻ വീണ്ടും വിവാദത്തിൽ പെട്ടത്. ചിത്രത്തിൽ സൽമാൻ ഗുസ്തിക്കാരന്‍റെ വേഷമാണ് ചെയ്യുന്നത്. സുൽത്താന്‍റെ ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് 'ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ' എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. തുടർന്ന് വനിതാ കമീഷൻ രംഗത്തെത്തി. സൽമാൻ ഖാൻ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ കമീഷൻ മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെടുമെന്നും കമീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.

'ഷൂട്ടിങിനിടയിൽ മണിക്കൂറുകളോളം വിശ്രമമില്ലാതെ ഭാരമെടുക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യേണ്ടി വരും. ഒരിക്കൽ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളിൽ നിന്നും പകർത്താനായി പത്തുതവണ ആ ഭാരമുയർത്തേണ്ടിവന്നു. റിങിൽ വീഴുന്നതും ഇടിക്കുന്നതും ചിത്രീകരിക്കാനായി പല തവണ ഇതെല്ലാം ചെയ്തു. അഞ്ചു ആറും മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്ത് റിങിൽ നിന്നും പുറത്തിറങ്ങുമ്പോൾ ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നേരെ നിൽക്കാൻ പോലും കഴിയാറില്ല.'' ഇതായിരുന്നു സൽമാന്‍റെ വാക്കുകൾ.

പിന്നീട് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് താനങ്ങനെയല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് തലയൂരാൻ സൽമാൻ ഖാൻ ശ്രമിച്ചിരുന്നു.' ഷൂട്ടിങ് കഴിഞ്ഞ് ഒരടി പോലും നടക്കാൻ കഴിഞ്ഞിരുന്നില്ല, ഏറെ ബുദ്ധിമുട്ടിയിരുന്നു' എന്നാണ് താൻ അർഥമാക്കിയത് എന്നാണ് സൽമാന്‍റെ വിശദീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.